- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരക്കാർ തിയേറ്ററിൽ റിലീസ് ചെയ്യാത്തതിൽ വിഷമം; ഒടിടിക്ക് വേണ്ടി ആയിരുന്നെങ്കിൽ 30 കോടിക്ക് സിനിമ എടുക്കാമായിരുന്നു; ആന്റണി കുത്തുപാള എടുക്കരുത് എന്ന ആഗ്രഹം കൊണ്ടാണ് ഒടിടിക്ക് സമ്മതിച്ചത്; മോഹൻലാലിനെ കുറിച്ച് ഫിയോക്ക് എന്തൊക്കെ വൃത്തികേടുകളാണ് പറഞ്ഞതെന്നും പ്രിയദർശൻ
കൊച്ചി: ഏറെ ചർച്ചകൾക്ക് ശേഷം മരക്കാർ സിനിമി ഒടിടി റിലീസിന് ഒരുങ്ങുകയാണ്. തിയേറ്റർ ഉടമകളും ആയുള്ള ചർച്ചകൾ ഫലം കണ്ടില്ല. സംസ്കാരമില്ലാത്ത ഭാഷകളാണ് ഫിയോക്ക് നേതാക്കൾ ഉപയോഗിക്കുന്നതെന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞു. മോഹൻലാലിനെക്കുറിച്ച് അവർ സംസാരിച്ചത് വളരെ മോശമായിട്ടാണെന്നും പ്രിയദർശൻ റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് അവറിൽ പറഞ്ഞു.
പ്രിയദർശൻ പറഞ്ഞത്: 'ഫിയോക്കിലുള്ളവർ യാതൊരു സംസ്കാരവുമില്ലാത്ത ഭാഷകളാണ് ഉപയോഗിക്കുന്നത്. മോഹൻലാൽ നടൻ അല്ല, ബിസിനസുകാരനാണ്. എന്തൊക്കെ വൃത്തികേടുകളാണ് പറയുന്നത്. എല്ലാവരും അല്ല. സംസ്കാരമില്ലാത്ത ചിലർ. മിനിമം സംസ്കാരം കാണിക്കണം അവർ. തിയേറ്ററുകളെ ആശ്രയിച്ചും നിർമ്മാതാക്കളെ ആശ്രയിച്ചും നടന്മാരെയും സംവിധായകരെയും ആശ്രയിച്ചാണ് സിനിമാമേഖല നിലനിൽക്കുന്നത്. അതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും വിട്ടുവീഴ്ചകൾ ആവശ്യമാണ്.''
ഠസിനിമാ റിലീസിന് തിയേറ്ററുകാർക്ക് താൽപര്യമില്ലെങ്കിൽ എന്ത് ചെയ്യാം. തിയേറ്റർ റിലീസിന് സമ്മതിക്കാത്തതിലൂടെ അവർ ഇരിക്കുന്ന മരത്തിന്റെ കൊമ്പ് മുറിക്കുകയാണ് ചെയ്യുന്നത്. കളക്ഷന്റെ കണക്കിൽ അവസാനമാകുമ്പോൾ നിർമ്മാതാവിനെക്കാൾ കൂടുതൽ പണം കിട്ടുന്നത് തിയേറ്ററുകാർക്കാണ്. കോവിഡ് കാലത്ത് എല്ലാവരും സഹിച്ചിട്ടുണ്ട്. തിയേറ്ററുകാർ മാത്രമല്ല. മോഹൻലാൽ സൂപ്പർ സ്റ്റാർ അല്ലെന്ന് അവർ തന്നെയാണ് പറഞ്ഞത്. മോഹൻലാൽ ഇല്ലെങ്കിലും സിനിമ ഓടുമെന്നും അവരാണ് പറഞ്ഞത്. മാന്യമായി സംസാരിക്കുകയാണ് ഇവർ വേണ്ടത്. അവർ വളരെ മോശമായാണ് മോഹൻലാലിനെക്കുറിച്ച് സംസാരിച്ചത്. സംഭവങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആളുകളുടെ മുൻപിൽ കാര്യങ്ങൾ പറയുന്നത് കഷ്ടമാണ്. ഇത്തരം ഈഗോകൾ ഉണ്ടെങ്കിൽ സിനിമാ വ്യവസായം രക്ഷപ്പെടില്ല.''
സ്വപ്ന സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാത്തതിൽ വിഷമം
മരക്കാർ തിയേറ്ററിൽ റിലീസ് ചെയ്യാത്തതിൽ തനിക്ക് വിഷമമുണ്ടെന്ന് പ്രിയദർശൻ പറഞ്ഞു. പക്ഷെ അതിനെക്കാൾ വിഷമമാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് പണം നഷ്ടമായാല്ലെന്നും തന്റെ സ്വപ്നം നടക്കാൻ വേണ്ടി ആന്റണി റോഡിൽ നിൽക്കുന്നത് കാണാൻ ആഗ്രഹമില്ലെന്നും പ്രിയദർശൻ പറഞ്ഞു.
പ്രിയദർശൻ പറഞ്ഞത്: 'വലിയ സ്വപ്നത്തോടെ എടുത്ത സിനിമയാണ് മരക്കാർ. കേരളത്തിലുള്ളവർക്ക് ഇത്രയും വലിയ സിനിമയൊന്നും എടുക്കാൻ കഴിയില്ല. എങ്കിലും ഒരു വലിയ റിസ്ക് എടുത്തു. ഇതിന് മുമ്പ് മോഹൻലാൽ കാലാപാനി എന്ന സിനിമയെടുക്കാൻ റിസ്ക്ക് എടുത്തിട്ട് പണം നഷ്ടപ്പെട്ടയാളാണ്. അന്ന് മോഹൻലാൽ, ഇന്ന് ആന്റണി പെരുമ്പാവൂർ. തീയേറ്റർ മോഹത്തോടെയാണ് ഞാനും മോഹൻലാലും ഈ സിനിമയെടുത്തത്. റിസ്കെടുത്ത ഒരാൾ ഞാൻ കാരണം കുത്തുപാള എടുക്കാൻ പാടില്ല. നിർമ്മാതാക്കൾ ഉള്ളതുകൊണ്ടാണ് സംവിധായകർക്ക് സിനിമ എടുക്കാൻ കഴിയുന്നത്. ഇപ്പോൾ ഞാനും മോഹൻലാലും ആന്റണിയുടെ കൂടെയാണ്. എന്റെ സ്വപ്നം നടക്കാൻ വേണ്ടി ആന്റണി റോഡിൽ നിൽക്കുന്നത് കാണാൻ എനിക്ക് ആഗ്രഹമില്ല. ആരെയും അറിഞ്ഞുകൊണ്ട് റോഡിൽ ഇറക്കി നിർത്താൻ പാടില്ലല്ലോ.''
''ഈ സിനിമ സ്ക്രീനിൽ കാണണമെന്ന് ഏറ്റവും ആഗ്രഹിച്ചത് മോഹൻലാലും ഞാനുമാണ്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അത്രയും റിസ്ക്ക് എടുത്തിട്ടുണ്ട്. 100 കോടിയുടെ സിനിമ ഒരിക്കലും മലയാളത്തിൽ ചിന്തിക്കാൻ പോലും പറ്റില്ല. കാലാപാനി കഴിഞ്ഞിട്ട് 25 വർഷം എടുത്തു ഇത്തരം വലിയ സിനിമയെടുക്കാൻ. കാരണം ബജറ്റ് തന്നെയാണ്. എന്നിട്ടും ആന്റണി അതിന് തയ്യാറായി. സ്വന്തം താൽപര്യം മാത്രമല്ല. മലയാള മേഖലയിലെ നാഴികകല്ല് കൂടിയാണ് ഈ സിനിമ.''
''ഞാൻ കാരണം ഒരു നിർമ്മാതാവും കുത്തുപാള എടുക്കരുതെന്ന ആഗ്രഹം എനിക്കുണ്ട്. ഒരാൾ പണം മുടക്കിയാൽ മാത്രമേ സിനിമ എടുക്കാൻ സാധിക്കൂ. അയാൾ വഴിയാധാരമായി പോകാൻ ഞാൻ ആഗ്രഹിക്കില്ല. നിർമ്മാതാവിന് ദ്രോഹിച്ച് കൊണ്ട് സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാൻ എനിക്ക് ആഗ്രഹമില്ല. മരക്കാർ തിയേറ്ററിൽ റിലീസ് ചെയ്യാത്തതിൽ വിഷമമുണ്ട്. പക്ഷെ അതിനെക്കാൾ വിഷമമാണ് ആന്റണിയുടെ കൈയിൽ നിന്ന് പണം പോയാൽ. അങ്ങനെയൊരു ശാപം എനിക്ക് വേണ്ട. ഇതോടെ ഒടിടിക്ക് മനസ് തുറന്ന് സമ്മതിക്കുകയായിരുന്നു.''
''ഒടിടിക്ക് വേണ്ടിയും തിയേറ്ററിന് വേണ്ടിയും ഇന്ന് സിനിമ എടുക്കാം. മറ്റ് നാല് മോഹൻലാൽ സിനിമകൾ എല്ലാം ഒടിടിക്ക് വേണ്ടിയാണെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. പക്ഷെ മരക്കാർ തിയേറ്റർ റിലീസ് മാത്രം ലക്ഷ്യമിട്ട് ചെയ്തതാണ്. ഇത് ഒടിടിക്ക് വേണ്ടിയായിരുന്നെങ്കിൽ 30 കോടി ബജറ്റിൽ എടുക്കാൻ എനിക്ക് സാധിക്കുമായിരുന്നു.''
മറുനാടന് മലയാളി ബ്യൂറോ