ലണ്ടൻ: പഞ്ചാബ് കേന്ദ്രീകരിച്ച് പ്രത്യേക സിഖ് രാജ്യം വേണമെന്ന സിഖ് വിഘടനവാദികളുടെ നീക്കത്തെ അഥവാ ഖലിസ്ഥാൻ വാദത്തെ വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ വിജയകരമായി അടിച്ചമർത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഖലിസ്ഥാന് വേണ്ടിയുള്ള നീക്കം വീണ്ടും ശക്തിപ്പെടുത്തിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. നിലവിൽ ബ്രിട്ടനിലെ സിഖ് വിഘടനവാദികളാണ് ഇതിന് ബ്രിട്ടനിൽ നിന്നും ചുക്കാൻ പിടിക്കാനാരംഭിച്ചിരിക്കുന്നത്. ഇന്ത്യയെ വിഭജിച്ച് ഖലിസ്ഥാൻ ഉണ്ടാക്കാൻ ബ്രിട്ടനിലെ നിരവധി ഇടങ്ങളിൽ ആലോചനകളും ഫണ്ട് സ്വീകരണവും തിരുതകൃതിയായി നടന്ന് വരുന്നുണ്ട്.

ഇത്തരം ഗൂഢാലോചനകളുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് സിബിഐ ഉദ്യോഗസ്ഥർ ലണ്ടനിലെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി വീടുകളിൽ റെയ്ഡുകൾ നടത്തി ഇന്ത്യയെ സഹായിച്ച് ബ്രിട്ടീഷ് പൊലീസും രംഗത്തിറങ്ങിയിട്ടുണ്ട്. ബ്രിട്ടനിലെ കൗണ്ടർ-ടെററിസം ഓഫീസർമാർ ചൊവ്വാഴ്ച സെൻട്രൽ ഇംഗ്ലണ്ടിലെ നിരവധി വീടുകളിലാണ് ഇത്തരം റെയ്ഡുകൾ നടത്തിയിരിക്കുന്നത്. ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനും മറ്റ് തട്ടിപ്പുകൾ നടത്തുന്നതിനും സിഖ് തീവ്രവാദികൾ ഇവിടങ്ങളിൽ യോഗം ചേരുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഈ റെയ്ഡ്.

ദി വെസ്റ്റ് മിഡ്ലാൻഡ്സ് കൗണ്ടർ ടെററിസം യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പരിശോധനകൾ കവൻട്രി, ലെയ്സെസ്റ്റർ,ബെർമിങ്ഹാം എന്നിവിടങ്ങളിലെ വീടുകളിലാണ് അരങ്ങേറിയിരിക്കുന്നത്. ഇവിടങ്ങളിൽ പരിശോധനകൾ നടന്ന് വരുന്നുണ്ടെന്നും ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വെസ്റ്റ് മിഡ്ലാൻഡ്സ് കൗണ്ടർ ടെററിസം യൂണിറ്റ് ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി ഡിറ്റെക്ടീവുകൾ നിരവധി വീടുകളിൽ പരിശോധന നടത്തിയെന്നാണ് വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പരിശോധനകൾക്ക് ഈസ്റ്റ് മിഡ്ലാൻഡ്സ് സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റ്-സ്പെഷ്യൽ ബ്രാഞ്ചിന്റെ സഹായവുമുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങളും മറ്റ് തട്ടിപ്പുകളും നടത്തുന്നതിനായുള്ള ഗൂഢാലോചനകൾ ഈ വീടുകളിൽ നടക്കുന്നുവെന്ന രഹസ്യ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നായിരുന്നു ഈ റെയ്ഡെന്നും അറസ്റ്റൊന്നും ഇതു വരെ ഉണ്ടായിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ സെക്യൂരിറ്റി ഫോഴ്സുകൾ റെയ്ഡുകളുടെ സ്വഭാവത്തെ കുറിച്ചുള്ള വിവരങ്ങളോ അല്ലെങ്കിൽ ആരെയൊക്കെ ലക്ഷ്യമിട്ടാണ് ഈ റെയ്ഡ് എന്നോ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇന്ത്യൻ പൊലീസ് ഓഫീസർമാർ യുകെയിലെത്തിയിട്ടുണ്ടെന്നും ബ്രിട്ടീഷ് പൊലീസിന്റെ സഹായത്തോടെ അവർ സിഖ് ആക്ടിവിസ്റ്റുകളെ പിടികൂടാൻ ശ്രമിക്കുന്നുണ്ടെന്നും ആശങ്ക നിറഞ്ഞ പ്രസ്താവന യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിഖ് സംഘടന പുറത്ത് വിട്ടിട്ടുണ്ട്.

വെസ്റ്റ് മിഡിലാൻഡ്സിൽ തങ്ങൾ വിജയകരമായി 35ാം വാർഷിക ഇന്റർനാഷണൽ സിഖ് കൺവെൻഷൻ നടത്തിയപ്പോൾ ഇന്ത്യൻ പൊലീസ് ഓഫീസർമാർ ഇവിടെയെത്തിച്ചേർന്നിട്ടുണ്ടെന്നും ഇതിൽ ആശങ്കയുണ്ടെന്നും സിഖ് ഫെഡറേഷൻ യുകെ പ്രസ്താവനയിലൂടെ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ്. ഒരു സ്വതന്ത്ര സിഖ് രാജ്യം വേണമെന്ന് ശക്തമായി ക്യാംപയിൻ ചെയ്യുന്ന ഒരു ഗ്രൂപ്പാണ് സിഖ് ഫെഡറേഷൻ യുകെ. ഇന്ത്യയിൽ സ്വതന്ത്ര സിഖ് രാജ്യമായ ഖലിസ്ഥാൻ സ്ഥാപിക്കുന്നതിന് വേണ്ടി തങ്ങൾ നടത്തുന്ന ക്യാംപയിന് ലഭിച്ച് കൊണ്ടിരിക്കുന്ന പിന്തുണ വർധിച്ച് വരുന്നതിൽ ആശങ്കപ്പെട്ട് ഇന്ത്യൻ പൊലീസ് തങ്ങളുടെ പ്രവർത്തകരെ പൊക്കിയേക്കാമെന്ന ആശങ്കയും സംഘടന പ്രകടിപ്പിച്ചുവെന്നാണ് സൂചന.

പാക്കിസ്ഥാന്റെ പിന്തുണയോടെ ബ്രിട്ടനിൽ ഇന്ത്യക്കെതിരെ സിഖ് തീവ്രവാദം വളർന്നുവരുന്നുണ്ടെന്നത് നേരത്തെ തന്നെ വ്യക്തമായ കാര്യമാണ്. ഇക്കഴിഞ്ഞ ഏപ്രിലിൽ കോമൺവെൽത്ത് രാജ്യങ്ങളിലെ തലവന്മാരുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടി ലണ്ടനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ സിഖ്ഫെഡറേഷൻ യുകെയിൽ നിന്നുമുള്ള ഖലിസ്ഥാൻ അനുകൂല പ്രതിഷേധക്കാരും ലണ്ടനിലെ പാർലിമെന്റ് സ്‌ക്വയറിൽ ഇന്ത്യൻ പതാക വലിച്ച് കീറിയത് ഇതിനുള്ള തെളിവായി എടുത്ത് കാട്ടപ്പെടുന്നുണ്ട്.

പാക്കിസ്ഥാൻ വംശജനായ പീർ ലോർഡായ അഹമ്മദിന്റെ നേതൃത്വത്തിലുള്ള മൈനോറിറ്റീസ് എഗെയിൻസ്റ്റ് മോദി എന്ന ഗ്രൂപ്പിലുള്ള പ്രതിഷേധക്കാരുമായിരുന്നു അന്ന് പതാക കീറിയിരുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 12ന് ലണ്ടനിൽ വച്ച് നടത്തിയ ഖലിസ്ഥാൻ അനുകൂല ഇവന്റിന് അനുവാദം നൽകിയ ബ്രിട്ടന്റെ നടപടിയിൽ ഇന്ത്യ ജൂലൈയിൽ അതിശക്തമായി പ്രതിഷേധിച്ചിരുന്നു. സിഖ് ഫോർ ജസ്ററിസ് എന്ന സംഘടനായിരുന്നു പരിപാടി സംഘടിപ്പിച്ചത്.ആഗോളതലത്തിൽ ഖാലിസ്ഥാൻ, സിഖ് വിഘടനവാദ പ്രവർത്തനങ്ങളെ പിന്തുണച്ച് കൊണ്ടുള്ള ഇവന്റായിരുന്നു ഇത്.