കണ്ണൂർ: പി.ജെ വിൻസെന്റ് പരീക്ഷാകൺട്രോളർ സ്ഥാനമൊഴിഞ്ഞതിനു ശേഷവും കണ്ണൂർ സർവകലാശാലയുടെ തലപ്പത്ത് പടലപ്പിണക്കം തുടരുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രോ.വൈസ് ചാൻസലറും സ്ഥാനമൊഴിയുന്നു.രാജിസന്നദ്ധത അറിയിച്ച് പ്രോവി സിയായ സാബു എ.ഹമീദാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് കത്ത് നൽകിയത്. വി സിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് അദ്ദേഹം സ്ഥാനമൊഴിയാൻ കാരണമെന്നാണ് വിവരം.

സർവകലാശാല ഭരണസംവിധാനത്തിലെ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെ സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിക്കുന്ന രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് ഡോ. സാബു. എ ഹമീദ്. ചോദ്യപേപ്പർ വിവാദത്തിനൊടുവിൽ പരീക്ഷാ കൺട്രോളർ, കഴിഞ്ഞ ദിവസം ഡെപ്യൂട്ടേഷൻ റദ്ദാക്കി മടങ്ങിയിരുന്നു.

സർവകലാശാലയുടെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ചെയർമാൻ കൂടിയായ പി.വി സിയെ അറിയിക്കാതെയും ബോധ്യത്തിലെടുക്കാതെയും തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി സന്നദ്ധത അറിയിച്ചതെന്നാണ് വിവരം. സിൻഡിക്കേറ്റാണ് പാലയാട് ക്യാംപസിലെ പ്രൊഫസസറായ സാബു. എ ഹമീദിനെ പ്രോ വൈസ് ചാൻസലറായി നിയമിച്ചത്. ഇടതു അനുകൂലിയായ അദ്ദേഹം വി സി രണ്ടാം ടേമിൽ തുടർന്നപ്പോൾ വീണ്ടും തൽസ്ഥാനത്ത് തുടരുകയായിരുന്നു.

വൈസ് ചാൻസലർ പാർശ്വവർത്തികളായ ചില സിൻഡിക്കേറ്റ് അംഗങ്ങളെ മാത്രം വിശ്വാസത്തിലെടുത്ത് ഏകാധിപതിയെപ്പോലെ പ്രവർത്തിക്കുന്നവെന്ന അതൃപ്തി സർവകലാശാലയിലെ ഇടതു അനുകൂലികൾക്കും സംഘടനയ്ക്കുമുണ്ട്. പരീക്ഷാകൺട്രോളർ ഡെപ്യൂട്ടേഷൻ മതിയാക്കി പോയതും ഇതിന്റെ ഭാഗമാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

സർവകലാശാലയുടെ തലപ്പത്തുള്ള രണ്ടാമത്തെ ഉദ്യോഗസ്ഥനും സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സർവകലാശാല ഭരണം. എന്നാൽ പ്രോവൈസ് ചാൻസലറുടെ രാജിസന്നദ്ധത ഇപ്പോൾ സ്വീകരിക്കേണ്ടതില്ലെന്ന നിർദ്ദേശം സി.പി. എം നേതൃത്വത്തിൽ നിന്നുണ്ടായിട്ടുണ്ടെന്നാണ് വിവരം. തുടർച്ചയായി തലപ്പത്തുള്ളവർ സ്ഥാനമൊഴിയുന്നത് പ്രതിപക്ഷത്തിന് വടികൊടുക്കുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തൽ. ജൂൺ ഒന്നിന് ചേരുന്ന സി.പി. എം ജില്ലാകമ്മിറ്റിയോഗത്തിൽ ഈക്കാര്യം ചർച്ചയായേക്കും.