- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനായാസം വിജയിക്കുമെന്നിരിക്കെ ആഡംബരത്തിന് പോയ സിപിഐ(എം) ധർമ്മടത്ത് പുലിവാല് പിടിച്ചു; സിനിമാതാരങ്ങളേയും എഴുത്തുകാരേയും ഉൾപ്പെടുത്തി നടത്തിയ സ്റ്റേജ് ഷോയുടെ ചെലവായ 30 ലക്ഷം പിണറായിയുടെ അക്കൗണ്ടിൽ ചേർക്കും; പത്ത് മണി കഴിഞ്ഞ് മൈക്ക് ഉപയോഗിച്ചതിനും കേസ്
കണ്ണൂർ: ധർമടത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയന്റെ പ്രചാരണാർഥം ചിറക്കുനിയിൽ എഴുത്തുകാരും സിനിമാതാരങ്ങളുമടക്കമുള്ളവർ പങ്കെടുത്ത സ്റ്റേജ്‌ഷോ വിവാദത്തിലേക്ക്. സ്റ്റേജ് ഷോയ്ക്ക് 30 ലക്ഷത്തിലധികം രൂപ ചെലവായതായും ഇതു സ്ഥാനാർത്ഥിയുടെ ചെലവു കണക്കിൽ പെടുത്തണമെന്നും കാണിച്ച് കോൺഗ്രസും ബിജെപിയും ജില്ലാ വരണാധികാരി കൂടിയായ കലക്ടർക്കു പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് സംഘാടകരായ സ്വരലയയ്ക്കു നോട്ടിസ് അയയ്ക്കുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു.. ഷോയുടെ ചെലവ് സംബന്ധിച്ചാകും നോട്ടിസ് അയയ്ക്കുകയെന്നു കലക്ടർ പി.ബാലകിരൺ അറിയിച്ചു. പരിപാടിയുടെ സംഘാടനത്തിനും ഒരുക്കത്തിനും പ്രചാരണത്തിനുമായി ഒരു കോടിയിലേറെ രൂപ ചെലവായതായും പിണറായി വിജയന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഏതായാലും ഈ പരിപാടിയുടെ ചെലവ് തുക പിണറായിയുടെ അക്കൗണ്ടിൽ ചേർക്കും. 28 ലക്ഷം രൂപയാണ് ഒരു സ്ഥാനാർത്ഥിക്ക് പരമാവധി ഉപയോഗിക്കാൻ കഴിയുക, അതുകൊണ്ട് തന്നെ തുക അതിലും ഉയർന്നാൽ സ്ഥാനാർത്ഥിക്ക് അയോഗ്യത വരും. ഇത് പിണറായി വിജയന്
കണ്ണൂർ: ധർമടത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയന്റെ പ്രചാരണാർഥം ചിറക്കുനിയിൽ എഴുത്തുകാരും സിനിമാതാരങ്ങളുമടക്കമുള്ളവർ പങ്കെടുത്ത സ്റ്റേജ്‌ഷോ വിവാദത്തിലേക്ക്. സ്റ്റേജ് ഷോയ്ക്ക് 30 ലക്ഷത്തിലധികം രൂപ ചെലവായതായും ഇതു സ്ഥാനാർത്ഥിയുടെ ചെലവു കണക്കിൽ പെടുത്തണമെന്നും കാണിച്ച് കോൺഗ്രസും ബിജെപിയും ജില്ലാ വരണാധികാരി കൂടിയായ കലക്ടർക്കു പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് സംഘാടകരായ സ്വരലയയ്ക്കു നോട്ടിസ് അയയ്ക്കുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു.. ഷോയുടെ ചെലവ് സംബന്ധിച്ചാകും നോട്ടിസ് അയയ്ക്കുകയെന്നു കലക്ടർ പി.ബാലകിരൺ അറിയിച്ചു. പരിപാടിയുടെ സംഘാടനത്തിനും ഒരുക്കത്തിനും പ്രചാരണത്തിനുമായി ഒരു കോടിയിലേറെ രൂപ ചെലവായതായും പിണറായി വിജയന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഏതായാലും ഈ പരിപാടിയുടെ ചെലവ് തുക പിണറായിയുടെ അക്കൗണ്ടിൽ ചേർക്കും. 28 ലക്ഷം രൂപയാണ് ഒരു സ്ഥാനാർത്ഥിക്ക് പരമാവധി ഉപയോഗിക്കാൻ കഴിയുക, അതുകൊണ്ട് തന്നെ തുക അതിലും ഉയർന്നാൽ സ്ഥാനാർത്ഥിക്ക് അയോഗ്യത വരും. ഇത് പിണറായി വിജയന് തിരിച്ചടിയുമാകും.
ധർമ്മടത്ത് വിജയം ഉറപ്പിച്ച നേതാവാണ് പിണറായി വിജയൻ. അതുകൊണ്ട് തന്നെ ഇടത് കോട്ടയിൽ ഇത്തരമൊരു പ്രചരണത്തിന്റെ ആവശ്യവുമില്ലായിരുന്നു. എന്നിട്ടും പിണറായി എന്ന നേതാവിന്റെ വ്യക്തിത്വ കൂടുതൽ ചർച്ചയാക്കാനാണ് സിപിഐ(എം) നേതാക്കളെ എത്തിച്ച് സ്വരലയ സ്റ്റേജ് ഷോ നടത്തിയത്. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബിയുടെ നേതൃത്വത്തിലാണ് സ്വരലയ രൂപം കൊണ്ടതും പ്രവർത്തിക്കുന്നതും. അതുകൊണ്ട് തന്നെ ഇടത് ആഭിമുഖ്യമുള്ള സംഘടനയായാണ് ഇതിനെ വിലയിരുത്തുന്നത്.
അതിനിടെ രാത്രി 10 മണി കഴിഞ്ഞും ഉച്ചഭാഷിണി ഉപയോഗിച്ചതിനു സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്ത സ്റ്റേജ്‌ഷോയിൽ നടൻ ജയറാം അടക്കമുള്ള സിനിമാതാരങ്ങളും ഗായകരും എഴുത്തുകാരും പങ്കെടുത്തിരുന്നു. പിണറായി വിജയനും കെ.കെ.രാഗേഷ് എംപിയും വേദിയിലുണ്ടായിരുന്നു. ഗാനമേളയും ഹാസ്യപരിപാടികളും നൃത്തങ്ങളും ഉൾപ്പെട്ടതായിരുന്നു ചൊവ്വാഴ്ച നടന്ന, ആറു മണിക്കൂർ നീണ്ട ഷോ. സമയപരിധി കഴിഞ്ഞും ഉച്ചഭാഷിണി ഉപയോഗിച്ചുവെന്നതിനു പരിപാടിയുടെ അവതാരകൻ ജയരാജ് വാരിയർ, സംഘാടകരായ സ്വരലയ ഭാരവാഹികൾ, മൈക്ക് ഓപ്പറേറ്റർ എന്നിവർക്കെതിരെയാണു പൊലീസ് കേസെടുത്തത്.
വൈകിട്ട് ആരംഭിച്ച പരിപാടി രാത്രി 10.40വരെ നീണ്ടു. വിവരമറിഞ്ഞ് എസ്‌ഐ ടി.എൻ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് പരിപാടി സ്ഥലത്തു നിന്ന് ആറു സൗണ്ട് ബോക്‌സ് പിടിച്ചെടുത്തിരുന്നു. തിരഞ്ഞെടുപ്പ് നിരീക്ഷകരും സ്ഥലത്ത് എത്തിയിരുന്നു. സ്റ്റേജ് ഷോയിൽ വോട്ടഭ്യർഥനയാണു നടന്നതെന്നും മണ്ഡലത്തിൽ എൽഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കുകയാണെന്നും യുഡിഎഫ് ധർമടം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
അതിനിടെ പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ധർമ്മടത്ത് സംഘടിപ്പിച്ച സ്‌റ്റേജ് ഷോ സംബന്ധിച്ചു തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. സിനിമ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിലാണ് ഗാനമേളയും ഹാസ്യവിരുന്നും നൃത്തസന്ധ്യയും ഉൾപ്പെടുത്തിയുള്ള സ്‌റ്റേജ് ഷോ സംഘടിപ്പിച്ചത്. പ്രശസ്തരായ ഇത്തരത്തിലുള്ള കലാകരന്മാരെ ഉൾപ്പെടുത്തി ആറു മണിക്കൂർ നീണ്ടുനിൽക്കുന്ന സ്‌റ്റേജ് ഷോ നടത്തണമെങ്കിൽ ലക്ഷങ്ങൾ ചെലവ് വരും. ഇതിനായി പിണറായിക്ക് എവിടെ നിന്നു പണം ലഭിച്ചുവെന്നും ഇതു സംബന്ധിച്ച വരവു ചെലവ് കണക്കുകളും തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സിപിഐ(എം) ശതകോടിശ്വരന്മാരുടെ പാർട്ടിയായി മാറിയെന്നതിന്റെ തെളിവാണ് ധർമ്മടത്തെ സ്‌റ്റേജ് ഷോ. പാവങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിൽ സിപിഐ(എം) പിന്നോട്ട് പോയിരിക്കുകയാണ്. പണമുള്ളവനെ മാത്രം സ്ഥാനാർത്ഥിയാക്കുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. പണമുപയോഗിച്ചും അക്രമം നടത്തിയും തിരഞ്ഞെടുപ്പിൽ വിജയം നേടാനാണ് സിപിഐ(എം) ശ്രമിക്കുന്നതെന്നും പറഞ്ഞു.



