- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അൽ ഖാഇദ' എന്നർത്ഥമുള്ള ദി ബേസ് മൂവ്മെന്റിനെ തേടി പൊലീസ്; ആകെയുള്ളത് വ്യക്തതയില്ലാത്ത രേഖചിത്രം; പ്രഷർകുക്കർ തേടിയുള്ള യാത്രയും വിഫലം; മലപ്പുറം കളക്ടറേറ്റ് സ്ഫോടനക്കേസ് അന്വേഷണം പ്രതിസന്ധിയിൽ
മലപ്പുറം: മലപ്പുറം കളക്റ്റ്രേറ്റ് കോടതിക്കു മുന്നിൽ കേരളപ്പിറവി ദിനത്തിലുണ്ടായ സ്‌ഫോടനം നടന്ന് ഒരാഴ്ച തികയുമ്പോഴും പ്രതികളെ കുറിച്ചുള്ള നിഗമനത്തിൽ എത്താനാകാതെ പൊലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷി നൽകിയ വിവരത്തെ തുടർന്ന് സംശയകരമായ ആളുടെ രേഖാ ചിത്രം തയ്യാറാക്കിയെങ്കിലും അന്വേഷണം മുന്നോട്ടു പോകാനായിട്ടില്ല. സ്‌ഫോടനത്തിന്റെ ശൈലിയും മറ്റു സംശയങ്ങളെല്ലാം തീവ്രവാദ സംഘമായ അൽ ഉമ്മയിലേക്കാണ് അന്വേഷണ സംഘത്തെ എത്തിച്ചിട്ടുള്ളത്. തമിഴ്‌നാട് കോടമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന അൽ ഉമ്മയുടെ പല നേതാക്കളും വിവിധ സ്‌ഫോടനക്കേസിൽ ജയിലിലാണ്. കേസിൽ ഉൾപ്പെട്ട പലരും വിദേശ രാജ്യങ്ങളിൽ ഒളിവിൽ കഴിയുന്നുമുണ്ട്. എന്നാൽ അൽ ഉമ്മ പ്രവർത്തകരുടെ ഫോട്ടോ ദൃക്‌സാക്ഷിയെ കാണിച്ചെങ്കിലും തിരിച്ചറിയാനായിട്ടില്ല. സമീപത്തുള്ള കാറിൽ ഇരുന്ന് മൊബൈലിൽ നോക്കുകയായിരുന്ന സ്‌ഫോടനത്തിന്റെ ദൃക്‌സാക്ഷിയായ മുഹമ്മദിന് ബാഗുമായി നിന്നയാളുടെ മുഖം വ്യക്തമല്ലെന്നതും അന്വേഷണത്തിന് തിരിച്ചടിയാണ്. ആയൂർവേദ ജില്ലാ മെഡിക്കൽ ഓഫീസറുടെ വാടക കാറിനു സമീപം ന
മലപ്പുറം: മലപ്പുറം കളക്റ്റ്രേറ്റ് കോടതിക്കു മുന്നിൽ കേരളപ്പിറവി ദിനത്തിലുണ്ടായ സ്‌ഫോടനം നടന്ന് ഒരാഴ്ച തികയുമ്പോഴും പ്രതികളെ കുറിച്ചുള്ള നിഗമനത്തിൽ എത്താനാകാതെ പൊലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷി നൽകിയ വിവരത്തെ തുടർന്ന് സംശയകരമായ ആളുടെ രേഖാ ചിത്രം തയ്യാറാക്കിയെങ്കിലും അന്വേഷണം മുന്നോട്ടു പോകാനായിട്ടില്ല.
സ്‌ഫോടനത്തിന്റെ ശൈലിയും മറ്റു സംശയങ്ങളെല്ലാം തീവ്രവാദ സംഘമായ അൽ ഉമ്മയിലേക്കാണ് അന്വേഷണ സംഘത്തെ എത്തിച്ചിട്ടുള്ളത്. തമിഴ്‌നാട് കോടമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന അൽ ഉമ്മയുടെ പല നേതാക്കളും വിവിധ സ്‌ഫോടനക്കേസിൽ ജയിലിലാണ്. കേസിൽ ഉൾപ്പെട്ട പലരും വിദേശ രാജ്യങ്ങളിൽ ഒളിവിൽ കഴിയുന്നുമുണ്ട്. എന്നാൽ അൽ ഉമ്മ പ്രവർത്തകരുടെ ഫോട്ടോ ദൃക്‌സാക്ഷിയെ കാണിച്ചെങ്കിലും തിരിച്ചറിയാനായിട്ടില്ല. സമീപത്തുള്ള കാറിൽ ഇരുന്ന് മൊബൈലിൽ നോക്കുകയായിരുന്ന സ്‌ഫോടനത്തിന്റെ ദൃക്‌സാക്ഷിയായ മുഹമ്മദിന് ബാഗുമായി നിന്നയാളുടെ മുഖം വ്യക്തമല്ലെന്നതും അന്വേഷണത്തിന് തിരിച്ചടിയാണ്.
ആയൂർവേദ ജില്ലാ മെഡിക്കൽ ഓഫീസറുടെ വാടക കാറിനു സമീപം നിന്നിരുന്ന കുറ്റിത്താടിക്കാരനായ ഒരാളുടെ അവ്യക്തമായ മുഖം മാത്രമാണ് ദൃക്‌സാക്ഷി ഓർത്തെടുക്കുന്നത്. അതേസമയം അന്വേഷണത്തിന് ഏറെ നിർണായകമാകുമെന്ന് കരുതിയ പ്രഷർ കുക്കർ കേന്ദ്രീകരിച്ച അന്വേഷണവും വഴിമുട്ടി നിൽക്കുകയാണ്. കേരളത്തിൽ അഞ്ചിടത്ത് മാത്രം വിൽക്കുന്ന പ്രീമിയർ കമ്പനിയുടെ പ്രഷർ കുക്കറാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് നവംബർ നാലിന് മറുനാടൻ മലയാളി പുറത്തു വിട്ടിരുന്നു. 2016 ഒക്ടോബർ എന്നും കൂക്കറിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ കുക്കറിൽ ബാച്ച് നമ്പർ ഇല്ലെന്നതാണ് അന്വേഷണം വഴിമുട്ടിയിരിക്കുന്നത്.
ചെന്നൈയിൽ നിന്നും നിർമ്മിക്കുന്ന പ്രീമിയർ കുക്കർ കമ്പനിക്ക് തമിഴ്‌നാട്ടിൽ മാത്രം ഇരുപതോളം ഷോറൂമുകളുണ്ട്. മലപ്പുറം സ്‌ഫോടനത്തിന് ഉപയോഗിച്ചത് പ്രീമിയർ കുക്കർ ആണെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണ സംഘം തമിഴ്‌നാട്ടിൽ പ്രീമിയർ കമ്പനിയെ സമീപിച്ചിരുന്നു. എന്നാൽ ബാച്ച് നമ്പർ ഇല്ലാത്തതിനാൽ പ്രീമിയർ കമ്പനിയുടേതല്ലെന്നാണ് കമ്പനി അധികൃതരുടെ മറുപടി. അതേസമയം ബാച്ച് നമ്പറില്ലാത്ത കുക്കറുകൾ വിപണിയിലുണ്ടെന്ന് സംഘം കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ പേരിൽ കുക്കർ വ്യാജമായി ഉണ്ടാക്കിയതാണോയെന്നും പരിശോധിക്കുന്നുണ്ട്. അതിനിടെ സ്ഥലം സന്ദർശിച്ച എഡിജിപി സുദേഷ് കുമാർ പ്രതികളെ ഉടൻ പിടികൂടുമെന്ന് അറിയിച്ചു.
എന്നാൽ തമിഴ്‌നാട്ടിലെ ഏതെങ്കിലും കേന്ദ്രങ്ങളിൽ നിന്നും വാങ്ങിയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്‌ഫോടനത്തിന് പിന്നിൽ തമിഴ്‌നാട് സ്വദേശികളുടെ പങ്ക് അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. ജൂൺ 15ന് നടന്ന കൊല്ലം കളക്റ്റ്രേറ്റ് സ്‌ഫോടനവും മലപ്പുറം സ്‌ഫോടനത്തിന് സമാനമായിരുന്നു. കൊല്ലം സ്‌ഫോടനത്തിന് ശേഷം പരിസരത്ത് നിന്നും ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ട രണ്ടു പേർ തമിഴ് സംസാരിച്ചതായും അന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന്റെ അന്വേഷണം പിന്നീട് എങ്ങുമെത്തിയിരുന്നില്ല. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ദി ബേസ് മൂവ്‌മെന്റ് എന്ന പേരിൽ നടന്ന സ്‌ഫോടനങ്ങളിലും വിവധ സംഭവങ്ങളിലും തമിഴ്‌നാട്ടിലേക്കായിരുന്നു അന്വേഷണം നീണ്ടത്. ഈ സംഭവങ്ങളിലൊന്നും ഇതുവരെ പ്രതികളെ പിടികൂടാൻ സാധിച്ചിരുന്നില്ല.
കൊല്ലം, മലപ്പുറം എന്നിവിടങ്ങളിൽ നടന്ന ഒരേ സ്വഭാവമുള്ള സ്‌ഫോടനങ്ങളുടെ പിന്നിൽ മലയാളികളുടെ ബന്ധവും തള്ളിക്കളയുന്നില്ല. സിസി ടിവി ഇല്ലാത്ത കോടതിയും കളക്റ്റ്രേറ്റും തെഞ്ഞു പിടിച്ച് സ്‌ഫോടനം നടത്തണമെങ്കിൽ സ്ഥലവും പ്രദേശവും അറിയുന്നവരുടെ സഹായം ഉണ്ടായിരിക്കും. മലപ്പുറം സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് വിവിധ സ്‌ഫോടനങ്ങളുടെ അന്വേഷണങ്ങൾ വ്യത്യസ്ത ഏജൻസികളുടെ നേതൃത്വത്തിൽ നടക്കുന്നത്. നാർക്കോട്ടിക്ക് ഡിവൈഎസ്‌പി പിടി ബാലന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മലപ്പുറം സ്‌ഫോടനം അന്വേഷിക്കുന്നത്. ഇതിനു പുറമെ വിവിധ ഇന്റലിജൻസ് ഏജൻസികളുടെ പ്രത്യേക അന്വേഷണവും നടക്കുന്നുണ്ട്. സ്‌ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരെ തേടി വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം.
അതേസമയം, സ്‌ഫോടന സ്ഥലത്ത് നിന്നും ദി ബേസ് മൂവ്‌മെന്റ് (അറബി അർത്ഥം - അൽ ഖാഇദ) എന്നെഴുതിയ പെട്ടി കണ്ടെടുത്തിട്ടേയില്ലെന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പെൻഡ്രൈവും ലഘുലേഖയും അടങ്ങിയ പെട്ടി ആദ്യം കണ്ടെത്തിയിരുന്നില്ലെന്നും പൊലീസ് പിന്നീട് സ്‌ഫോടനം നടന്ന കാറിനടുത്ത് സ്ഥാപിക്കുകയായിരുന്നെന്നുമാണ് പ്രചരണം നടക്കുന്നത്. അന്വേഷം വഴിതിരിച്ചു വിടുകയാണ് ഇത്തരം പ്രാരണങ്ങൾക്കു പിന്നിലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനക്ക് നേതത്വം കൊടുത്ത ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ: ഒരു മണിക്കും ഒന്നേ പത്തിനും ഇടയിലാണ് സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടനം നടന്നയുടനെ കോടതിയിലുണ്ടായിരുന്ന പൊലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഉടനെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി.
ഇനിയും സ്‌ഫോടനം ഉണ്ടായേക്കാമെന്ന ഭീതിയിൽ ജനങ്ങെളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. സമീപത്തുള്ള മറ്റു വാഹനങ്ങളും അതിനുള്ളിലെ ഗ്യാസ് സിലിണ്ടർ പോലുള്ളവയും നീക്കം ചെയ്യാൻ തുടങ്ങി. ഈ സമയം, സ്‌ഫോടനം നടന്ന കാറിന്റെ ഏകദേശം നാല് മീറ്റർ അകലെ നിർത്തിയിട്ട നീല മാരുതിയുടെ മുന്നിൽ നിന്നുമായിരുന്നു ദി ബേസ് മൂവ്‌മെന്റ് എന്നെഴുതിയ പെട്ടി കണ്ടെത്തിയത്. ഈ പെട്ടി പൊലീസുകാർ എടുത്ത ശേഷം ബോംബ് സ്‌ക്വാഡിന്റെ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് സ്‌ഫോടക വസ്തുക്കളല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സ്‌ഫോടനം നടന്ന കാറിനടുത്ത് വെയ്ക്കുകയായിരുന്നു. ഇത് തെറ്റിദ്ധരിപ്പിക്കും വിധമാണ് ഇപ്പോൾ പ്രചരണം നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ മറുനാടന്മലയാളിയോടു പറഞ്ഞു.