കൊൽക്കത്ത: ബംഗാളിൽ ഗജോൾഡോബയ്ക്ക് സമീപം പരുക്കേറ്റ നിലയിൽ കംഗാരുക്കളെ കണ്ടെത്തിയതിൽ ദുരൂഹത. രണ്ട് കംഗാരുക്കളെ വനപാലകർ രക്ഷപ്പെടുത്തിയതിനു തൊട്ടുപിന്നാലെ, സമീപപ്രദേശമായ ഫരാബാരിയിൽ മറ്റൊരു കംഗാരുവിനെ കൂടി കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പട്രോളിങ്ങിനിടെയാണു പരുക്കേറ്റ കംഗാരുക്കളെ വനപാലകർ കണ്ടെത്തിയത്.

മൃഗങ്ങളുടെ ശരീരത്തിൽ ഗുരുതരമായ മുറിവുകൾ ഉണ്ടായിരുന്നു. കൂടുതൽ ചികിത്സയ്ക്കായി അവരെ ഉടൻ തന്നെ ബംഗാൾ സഫാരി പാർക്കിലേക്കു കൊണ്ടുവരികയായിരുന്നുവെന്നു ബെലാക്കോബ ഫോറസ്റ്റ് റേഞ്ചിലെ റേഞ്ചർ സഞ്ജയ് ദത്ത പറഞ്ഞു. മൃഗങ്ങൾ എങ്ങനെ ഇവിടെയെത്തിയെന്നും ആരാണ് ഇവയെ എത്തിച്ചത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാൻ വിശദമായ അന്വേഷണം ആരംഭിച്ചു.