ആലപ്പുഴ : പ്രതിവർഷം 42000 കോടി വിദേശനാണ്യം നേടി തരുന്ന കച്ചവടം. കയറ്റുമതിയുടെ 60 ശതമാനവും കേരളത്തിന്റെ വിഹിതം. കാൽ കോടി ജനങ്ങൾ വ്യവസായത്തിൽ വ്യാപൃതർ. അഞ്ചു ലക്ഷം സ്ത്രീ തൊഴിലാളികൾ. പണം കൊയ്യുന്നത് മുതലാളിമാർ. കച്ചവടത്തിന്റെ നട്ടെല്ലായ തൊഴിലാളികൾക്ക് വെറും കൈയും വെള്ളിയാഴ്‌ച്ചയും. സമുദ്രോൽപ്പന്ന കയറ്റുമതി മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ ദുരിതം ഇങ്ങനെ.

തൊഴിലാളിയെ ചൂഷണം ചെയ്യുന്ന മുതലാളിക്ക് പ്രധാന പണി പണമുണ്ടാക്കൽ. ചെമ്മീൻ പൊളിച്ചും പാക്കറ്റുകളിലാക്കിയും കച്ചവടത്തിനൊരുക്കുന്ന സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൽ രാഷ്ട്രീയ സംഘടനകളും മുതലാളിമാരും മൽസരിക്കുകയാണ്. ഇവിടെ പണിയെടുക്കുന്ന 3 ലക്ഷത്തോളം സ്ത്രീ തൊഴിലാളികൾ ത്വക്ക് രോഗത്തിനും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും വിധേയരെന്നാണ് സർക്കാരിന്റെ പുതിയ കണക്ക്.

ശീതീകരണത്തിനും സംസ്‌ക്കരണത്തിനുമായി ഉപയോഗിക്കുന്ന രാസവസ്തുകൾക്കാണ് ഇതിന് കാരണമായി കണ്ടെത്തിയിട്ടുള്ളത്. മൽസ്യങ്ങൾ ടൺ കണക്കിന് എത്തുന്ന കമ്പനികളിൽ ഇവ ശുദ്ധീകരിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനും ചുമതലയുള്ളത് സ്ത്രീകൾക്കാണ്. കനത്ത ദുർഗന്ധം പുറപ്പെടുന്ന ഈ മേഖലയിലേക്ക് പുരുഷന്മാർ ബോധപൂർവ്വം ഒഴിഞ്ഞുമാറി സ്ത്രീകളെ കൊണ്ട് പണിയെടുപ്പിക്കലാണ് പതിവ്. പുരുഷന്മാരാകട്ടെ വെറും നടത്തിപ്പുക്കാരായി മാറുകയും ചെയ്യും. പൊട്ടിപൊളിഞ്ഞ തൊലിപുറവും നിരന്തരം ഇരുന്നു പണിയെടുക്കുന്നതിനാൽ അരയ്ക്ക് കീഴ്ഭാഗത്തേക്ക് തളർച്ച ബാധിച്ചതുമായ തൊഴിലാളികളുടെ എണ്ണം ഈ മേഖലയിൽ വർദ്ധിക്കുകയാണ്. കഠിനമായ ശ്വാസകോശ സംബന്ധമായ അസുഖവും ഇവരെ ബാധിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ പുതിയ കണ്ടെത്തൽ ഈ മേഖലയിലെ സ്ത്രീതൊഴിലാളികളുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നുണ്ട്.

ത്വക്ക് രോഗങ്ങൾക്ക് ഏറെ സാദ്ധ്യതയുള്ള ഈ മേഖലയിൽ തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷ നൽകുന്നതിൽ മാനേജ്‌മെന്റുകൾ കനത്ത അനാസ്ഥയാണ് കാട്ടുന്നത്. സ്ത്രീ തൊഴിലാളികൾക്ക് ആഭിമുഖ്യമുള്ള മേഖലയായതുക്കൊണ്ടുതന്നെ ചൂഷണത്തിന്റെ വ്യാപ്തിയും വർദ്ധിക്കുകയാണ്. കേരളത്തിനു പുറമെ തീരദേശ സംസ്ഥാനങ്ങളായ ചെന്നൈ, മഹാരാഷ്ട്ര, ഗോവ, കർണ്ണാടക എന്നിവിടങ്ങളിലാണ് മൽസ്യ സംസ്‌ക്കരണം നടക്കുന്നത്. ലോകത്തെതന്നെ ഏറ്റവും വലിയ മൽസ്യ സംസ്‌ക്കരണ മേഖലയായ അരൂരിലും കൊച്ചിയിലുമാണ് തൊഴിലാളി ചൂഷണം അതിക്രമിച്ചിട്ടുള്ളത്.

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളിലും കണ്ണൂരിൽ ഭാഗീകമായും സംസ്‌ക്കരണം നടക്കുന്നുണ്ട്. എന്നാൽ വിവിധ ജില്ലകളിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന കൂലിയിൽ വലിയ അന്തരമാണ് അനുഭവപ്പെടുന്നത്. വേതനത്തിൽ ഏകീകരണം സാദ്ധ്യമാകാത്തത് മേഖലയിൽ കൂടുതൽ പ്രതിസന്ധി തീർക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കുറവ് കൂലി ലഭിക്കുന്നത് പ്രധാന കേന്ദ്രമായ അരൂരിലും കൊച്ചിയിലുമാണ്. ഇവിടെ ആനുകൂല്യങ്ങളടക്കം 250 രൂപമാത്രമാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്്. ഒരു കിലോ ചെമ്മീൻ സംസ്്ക്കരണ പാകത്തിൽ ക്രമീകരിക്കുന്നതിന് 20 രുപയാണ് അംഗീകൃത വേതനം.

എന്നാൽ ഉൽപന്നങ്ങൾ തൂക്കി നൽകുമ്പോൾ കാട്ടുന്ന ക്രിതൃമം ഒരുകിലോ തൂക്കമെന്നത് രണ്ടായി മാറുമെന്നാണ് തൊഴിലാളികൾ പറയുന്നു. ഇത്തരത്തിൽ ഒരു കിലോയ്ക്ക് വേതനം നൽകി രണ്ടുകിലോ സംസ്‌ക്കരിപ്പിച്ചെടുക്കുന്ന തന്ത്രമാണ് മാനേജ്‌മെന്റു നടത്തുന്നത്. മാത്രമല്ല നിശ്ചിത തൊഴിലാളികളെ അംഗീകൃത ലേബർ നിയമങ്ങൾക്ക് വിധേയമായി രജിസ്റ്റർ ചെയ്യുമെങ്കിലും ഇവരുടെ പേരോ മേൽവിലാസമോ കൃത്യമായി നൽകാറില്ല. ഇവർക്ക് അനുവദിക്കുന്ന ലേബർ കാർഡുകളിൽ പലതിലും ഫോട്ടോകൾ മാറി പതിപ്പിച്ചും പേരുകൾ മാറ്റി നൽകിയുമാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിന് മേഖലയുമായി ആഭിമുഖ്യം പുലർത്തുന്ന ഉദ്യോഗസ്ഥന്മാരുടെ ഒത്താശയുള്ളതായി തൊഴിലാളികൾ പറയുന്നു.

മാത്രമല്ല ഗ്രൂപ്പ് ഇൻഷ്വറൻസ് സംവിധാനമുള്ള മേഖലയിൽ തൊഴിലാളികളെ തരംതിരിച്ച് നൽകാത്തതിനാൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ കനത്ത അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. തൊഴിൽ സമയത്ത് തൊഴിലാളികൾക്ക് ഉണ്ടാകുന്ന മുഴുവൻ അപകടങ്ങൾക്കും ആരോഗ്യ പ്രശ്‌നങ്ങളും മാനേജ്‌മെന്റ് ഉത്തരവാദിത്വം വഹിക്കണമെന്നാണ് ചട്ടം.

എന്നാൽ പലപ്പോഴും പാലിക്കാറില്ല. അതേസമയം തൊഴിലാളി സംരക്ഷണത്തിനായി ഇറങ്ങിയിട്ടുള്ള സംഘടനകൾ പലതും പലപ്പോഴും മാനേജ്‌മെന്റുകളുടെ ഓത്താശക്കാരായി മാറുന്നതും തൊഴിലാളികൾക്ക് തിരിച്ചടിയാകുകയാണ്. തൊഴിൽ ചൂഷണത്തിനും വേതന തട്ടിപ്പിനുമെതിരെ തൊഴിലാളികൾ 2004 ൽ ഹൈക്കോടതിയെ സമീപിച്ച് സംരക്ഷണം ഉറപ്പാക്കിയെങ്കിലും വിധിയും കാറ്റിൽ പറത്തി. സംസ്ഥാനത്ത് മൽസ്യ വകുപ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിലും കേന്ദ്രത്തിൽ ഇനിയും മൽസ്യ മേഖലയ്ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചിട്ടില്ല. കാർഷിക വകുപ്പാണ് മൽസ്യമേഖലയെ നിയന്ത്രിക്കുന്നത്.

രോഗം മൂർച്ഛിച്ച് തൊഴിൽ മേഖല വിടുന്ന സ്ത്രീ തൊഴിലാളികളുടെ പുനരധിവാസ പ്രവർവത്തനങ്ങൾക്കുവേണ്ടി പദ്ധതി നടപ്പിലാക്കേണ്ട ഉടമകൾ അന്യ സംസ്ഥാന തൊഴിലാളികളെ ഈ മേഖലയിലേക്ക് കടത്തിക്കൊണ്ടുവന്ന് കൂടുതൽ സുരക്ഷിതരാകാൻ ശ്രമം നടത്തുകയാണ്.