കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ ജനതാദൾ (യു) വിൽ നിന്ന് രാജി വച്ചു. പാർട്ടിക്ക് സ്വാധീനമുള്ള വടകര ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നാണ് വ്യാപകമായി നേതാക്കളും പ്രവർത്തകരും രാജിവച്ചിരിക്കുന്നത്. ജെ ഡി യു സംസ്ഥാന കമ്മിറ്റി അംഗം കാഞ്ഞിക്കാവ് കുഞ്ഞിക്കൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം എളമന ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗവും മുൻ കോഴിക്കൊട് ജില്ലാ സെക്രട്ടറിയുമായ എടയത്ത് ശ്രീധരൻ, ജില്ലാ നേതാക്കളായ വി കെ വസന്തകുമാർ, എൻ സക്കറിയ, പി എം ഹരീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിിലാണ് നേതാക്കളും പ്രവർത്തകരും പാർട്ടിയിൽ നിന്ന് രാജിവച്ചത്.

ജനാധിപത്യസോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പോന്നിട്ടുള്ള പ്രസ്ഥാനം അഴിമതിക്കാർക്ക് ഓശാന പാടുന്നവരുടെ കൂടാരമായി മാറിക്കഴിഞ്ഞതായി രാജിവച്ച നേതാക്കൾ പറഞ്ഞു. ഉൾപ്പാർട്ടി ജനാധിപത്യം പാർട്ടിക്കകത്ത് പൂർണ്ണമായി ഇല്ലാതായിരിക്കുന്നു. പാർട്ടി സംസ്ഥാന നിർവ്വാഹക സമിതി യോഗങ്ങൾ പോലും ചർച്ചകളും തീരുമാനങ്ങളും ഇല്ലാതെയാണ് നടക്കുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ച ഒരു മന്ത്രിസഭയുടെ ഭാഗമായി തുടർന്ന് പോകുന്നത് തന്നെ ശരിയല്ല. അഴിമതിക്കെതിരെ രൂപം കൊണ്ട ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനത്തിന്റെ പിന്തുടർച്ചക്കാരാണ് ജനതാദൾ പ്രസ്ഥാനം എന്നാൽ എല്ലാ അഴിമതിക്കും കൂട്ടു നിന്ന് പങ്കു പറ്റുന്ന ഒരു മന്ത്രിയാണ് പാർട്ടിക്കുള്ളതെന്നും ഇവർ ആരോപിച്ചു.

കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ കേരളത്തിലുടനീളം പരാജയപ്പെടുത്താൻ ശ്രമിച്ചവരാണ് കോൺഗ്രസുകാർ. അതുകൊണ്ട് തന്നെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കണമെന്ന വികാരം പാർട്ടിക്കകത്ത് ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പന്ത്രണ്ട് ജില്ലാ കൗൺസിലുകൾ യു ഡി എഫിനെതിരെ പ്രമേയം പാസ്സാക്കി, ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ എല്ലാ വിധ ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തിക്കോണ്ട് പാർട്ടി പ്രസിഡന്റ് ഏകാധിപത്യപരമായി യു ഡി എഫ് ബന്ധം തുടരാൻ തീരുമാനിക്കുകയായിരുന്നു. വെറും ഒന്നോ രണ്ടോ വ്യക്തികൾ ചേർന്നാണ് പാർട്ടിക്കകത്ത് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ഇവർ പറഞ്ഞു.

പാർട്ടിക്ക് അനുവദിച്ച് കിട്ടിയ നേമം സീറ്റിൽ കേട്ടുകേൾവിയില്ലാത്ത നടപടികളിലൂടെയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. ഈ സീറ്റ് കച്ചവടത്തിന് ലക്ഷങ്ങൾ മറിഞ്ഞതായിട്ടാണ് അറിയുന്നത്. വടകര സീറ്റിന് അർഹതപ്പെട്ട സ്ഥാനാർത്ഥി എം കെ ഭാസ്‌ക്കരൻ ആയിരുന്നു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി 2011 ലെ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ നേതൃത്വം കൊടുത്ത ആളാണ് മനയത്ത് ചന്ദ്രൻ. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കുറ്റക്കാരനെന്ന് കണ്ടത്തെി പാർട്ടി സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്താൻ നിർദ്ദശേിച്ച ആളായ മനയത്ത് ചന്ദ്രനെ സ്ഥാനാർത്ഥിയാക്കുക വഴി യാതൊരു സംഘടനാ അച്ചടക്കവും നില നിൽക്കാത്ത പാർട്ടിയായി ജെ ഡി യു മാറിക്കഴിഞ്ഞതായും ഇവർ പറഞ്ഞു.

പാർട്ടി പ്രസിഡന്റിന്റെ അനാരോഗ്യം മുതലെടുത്ത് പാർട്ടിക്കകത്ത് നില നിൽക്കുന്ന ഒരു കോക്കസ് നടത്തിയ ഇടപെടലാണ് യുവജനതാദൾ നേതാവ് സലീം മടവൂരിന് എലത്തൂരിൽ സീറ്റ് നിഷേധിച്ചത്. സോളാർ, ബാർ കോഴ തുടങ്ങിയ സംസ്ഥാനത്തെ നടുക്കിയ അഴിമതികൾ പുറത്തുവന്നപ്പോൾ മൗനം ഭജിച്ച പാർട്ടി നടപടിയെ ഒരിക്കലും അംഗീകരിക്കുവാൻ കഴിയില്ല. കേരളത്തിൽ പരിസ്ഥിതിക്ക് കടുത്ത ആഘാതമേൽപ്പിക്കുന്ന രീതിയിൽ തണ്ണീർത്തടങ്ങൾ നികത്തിയും വയലുകൾ ഇല്ലാതാക്കിയും നടത്തിയ പ്രകൃതി ചൂഷണങ്ങൾക്കെതിരെ ഒരക്ഷരം ഉരിയാടാൻ പാർട്ടിക്കായില്ല. കർഷക ആത്മഹത്യകൾ വലിയ തോതിൽ നടന്നപ്പോൾ ക്രിയാത്മകമായ പരിഹാരം നിർദ്ദശേിക്കാന് പാർട്ടി നേതൃത്വം കൊടുത്ത കൃഷി വകുപ്പിന് സാധിച്ചില്ല.

മന്ത്രിയും പാർട്ടിയും പാർട്ടി പ്രസിഡന്റും തമ്മിൽ യാതൊരു ഏകോപനവും കൃഷി വകുപ്പിന്റെ കാര്യത്തിൽ ഉണ്ടായില്ല. പാർട്ടി യോഗങ്ങളിൽ പോലും കൃത്യമായി പങ്കടെുക്കാത്ത മന്ത്രി തനിക്ക് ഇഷ്ടപ്പെട്ടവരെ തിരുകിക്കയറ്റാനുള്ള ഒരു സംവിധാനമായി കൃഷി വകുപ്പിനെ മാറ്റി. ആർ എസ് എസുകാരനായ മന്ത്രിയുടെ പി എ പറയുന്നതാണ് വകുപ്പിൽ നടപ്പിലായത്. ഇതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് കേരള ഫീഡ്‌സിന്റെ തിരുവങ്ങൂർ യൂണിറ്റിൽ 32 നിയമനങ്ങൾ നടന്നപ്പോൾ അതിൽ 23 പേർ ആർ എസ് എസുകാരായിരുന്നു. വിവരാവകാശ കമ്മീഷൻ, പി എസ് സി തുടങ്ങിയവയിലേക്ക് അംഗങ്ങളെ നിയമിച്ചപ്പോൾ ഏകാധിപത്യപരമായ തീരുമാനങ്ങളാണ് സ്വീകരിക്കപ്പെട്ടത്. അഴിമതിയുമായി സമരസപ്പെട്ട് കൊഴുത്തു തടിച്ച ഒരു പ്രത്യകേ വർഗ്ഗമാണ് പാർട്ടിയെ നയിക്കുന്നത്. ഈ സാഹചര്യത്തിൽ പാർട്ടി വിടുകയല്ലാതെ മറ്റു മാർഗ്ഗമില്ലന്നെും നേതാക്കൾ പറഞ്ഞു.

അഴിമതിക്കെതിരായ ശക്തമായ മുന്നേറ്റം സംഘടിപ്പിക്കുന്ന എൽ ഡി എഫുമായി സഹകരിക്കാനാണ് ഇവരുടെ തീരുമാനം. ജനതാദൾ (ലെഫ്റ്റ്) എന്ന പേരിൽ സംഘടനയും രൂപീകരിച്ചിട്ടുണ്ട്. ഏപ്രിൽ 24 ന് കോഴിക്കൊട്ടും മെയ് ഒന്നിന് തൃശ്ശൂരിലും സംഘടനയുടെ കൺവെൻഷൻ ചേരും. പാർട്ടിയുടെ ഇന്നത്തെ പോക്കിൽ നിരാശ അനുഭവിക്കുന്ന പ്രവർത്തകരെ മുഴുവൻ സംഘടനയിലേക്ക് കൊണ്ടുവരുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സജീവമായി രംഗത്തിറങ്ങുമെന്നും ഇവർ വ്യക്തമാക്കി.

ജെ ഡി യുവിലുണ്ടായ പിളർപ്പും കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളും ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ യു ഡി എഫിന് കടുത്ത വെല്ലുവിളിയാവും. വടകര, എലത്തൂർ, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി മണ്ഡലങ്ങളിലാണ് ആഭ്യന്തര പ്രശ്‌നങ്ങൾ യു ഡി എഫിന് തലവേദനയാകുന്നത്.