തിരുവനന്തപുരം: ജയ്ഹിന്ദ് ടിവിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. സിഇഒ കെപി മോഹനനോടും ന്യൂസ് വിഭാഗം തലവനോടുമുള്ള അതൃപ്തികാരണം കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നിലപാട് കടുപ്പിച്ചതോടെയാണ് ഇത്. സിഇഒയുടെ ധൂർത്തിന് കോൺഗ്രസുകാരുടെ പണം നൽകാനാകില്ലെന്ന് സുധീരൻ വ്യക്തമാക്കിയതോടെ ഫണ്ടൊഴുക്ക് നിന്നു. ഇതിനിടെ ചാനലിന്റെ ഡയറക്ടർ ബോർഡിലേക്ക് രാജ്‌മോഹൻ ഉണ്ണിത്താനെ നിയോഗിക്കുകയും ചെയ്തു. കോൺഗ്രസ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ചാനലിൽ ശുദ്ധീകരണമാണ് സുധീരൻ ലക്ഷ്യമിടുന്നത്. എംഡി എംഎം ഹസ്സനേയും വിശ്വാസത്തിലെടുത്താണ് പുതിയ നീക്കം.

ജയ്ഹിന്ദ് ചാനലിൽ യോഗ്യതയില്ലാത്തവർ കടന്നു കൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ് സുധീരൻ സുധീരൻ നിർദ്ദേശം നൽകിയത് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ചാനലിലെ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത ജീവനക്കാർക്ക് എതിരെ എച്ച്ആർ വിഭാഗം നടപടി തുടങ്ങി. എത്രയും വേഗം സർട്ടിഫിക്കറ്റ് ഹാജരാക്കാനായിരുന്നു നിർദ്ദേശം. പ്രതിരോധ വകുപ്പിന്റെ മാദ്ധ്യമ പഠന കോഴ്‌സിൽ അമൃതാ ടിവിയെ പ്രതിനിധീകരിച്ച് ദീപക് ധർമ്മടം പങ്കെടുത്തത് വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണെന്ന് തെളിവ് സഹിതം മറുനാടൻ വാർത്ത നൽകിയിരുന്നു. ദീപക്കുമായി യുഎഇ മന്ത്രിയോടൊപ്പം ലണ്ടനിൽ പോയ മാദ്ധ്യമസംഘത്തിലെ ജയ്ഹിന്ദ് പ്രതിനിധിക്ക് എതിരേയും സമാന ആക്ഷപമുണ്ട്. ഈ സാഹചര്യത്തിലാണ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് സുധീരൻ നിർദ്ദേശിച്ചത്. എന്നാൽ ചാനൽ പ്രസിഡന്റ് കൂടിയായ കെപിസിസി പ്രസിഡന്റിന്റെ ആവശ്യത്തിന് പുല്ലുവില പോലും ആരും നൽകിയില്ല.

ഇതിനൊപ്പമാണ് മറ്റ് ചില സാമ്പത്തിക തിരിമറി കൂടി സുധീരൻ കണ്ടെത്തിയത്. പ്രമുഖ കോൺഗ്രസ് നേതാവ് തലേക്കുന്നീൽ ബഷീറിന്റെ അടുത്ത ബന്ധുവാണ് കാര്യങ്ങൾ ബോധിപ്പിച്ചത്. കോൺഗ്രസ് ബന്ധം തിരിച്ചറിയാതെ ചാനലിലെ ഉന്നതർ തട്ടിപ്പ് കണ്ടെത്തിയ വ്യക്തിയ്‌ക്കെതിരെ നീക്കം നടത്തി. ഇതോടെ സാങ്കേതിക വിഭാഗത്തിലെ കോടികളുടെ തട്ടിപ്പ് ഫയൽ സുധീരന്റെ മുന്നിലെത്തി. സാങ്കേതിക വിഭാഗം തലവൻ രാജിവയ്ക്കുകയും ചെയ്തു. തുടർന്ന് നടന്ന പരിശോധനയിൽ ജയ്ഹിന്ദിൽ ധൂർത്തും അഴിമതിയുമാണെന്ന് തിരിച്ചറിഞ്ഞു.

എല്ലാം ശരിയാക്കിയ ശേഷം കൂടുതൽ ഫണ്ട് എന്ന നിലപാടിലേക്ക് കാര്യങ്ങളുമെത്തി. ഇതിനെ തുടർന്ന് രണ്ട് മാസമായി കൃത്യസമയത്ത് ശമ്പളം നൽകാൻ പോലും ജയ്ഹിന്ദിന് കഴിഞ്ഞില്ല. പത്താം തീയതി മാത്രമാണ് ജീവനക്കാർക്ക് ശമ്പളം നൽകിയത്. ഈ പ്രതിസന്ധി ബ്യൂറോകളുടെ പ്രവർത്തനത്തേയും ബാധിച്ചു. ബ്യൂറോകൾക്ക് നിത്യചെലവിനുള്ള തുക പോലും നൽകുന്നില്ല. ഇതോടെ ന്യൂസ് വിഭാഗം പ്രതിസന്ധിയിലുമായി. പുതിയ പ്രോഗ്രാമുകളുടെ ഷൂട്ടിങ്ങും നിർത്തിവച്ചു.

കെപിസിസിയുടെ കണ്ടെത്തലുകളിൽ സിഇഒ കെപി മോഹനന് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ല. ന്യൂസ് വിഭാഗത്തിൽ ജെ എസ് ഇന്ദുകുമാറിന്റെ സ്വജന പക്ഷപാതമെന്ന ആക്ഷേപവുമുണ്ട്. സ്ഥാപനം പ്രതിസന്ധിയിലേക്ക് പോകുമ്പോൾ ഇരുവരും ധൂർത്ത് കുറയ്ക്കുന്നില്ല. ഈ സാഹചര്യത്തിൽ രണ്ടു പേർക്കും പകരക്കാരെ കണ്ടെത്താനുള്ള ശ്രമവും സുധീരന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ചാനലിൽ പിടിമുറുക്കാനാണ് രാജ്‌മോഹൻ ഉണ്ണിത്താനെ സുധീരൻ ഡയറക്ടറായി നിയോഗിച്ചത്. ഈ വിഷയങ്ങളിലെല്ലാം സിഇഒയ്ക്ക് മാത്രമാണ് ഉത്തരവാദിത്തമെന്ന നിലപാടിലാണ് കോൺഗ്രസ് വക്താവ് കൂടിയായ എം്ഡി എം എം ഹസ്സൻ. ഇങ്ങനെ ചാനൽ പോയാൽ പോരെന്ന് ഹസ്സനോടും സുധീരൻ വ്യക്തമാക്കിയിട്ടുണ്ട്.

ചാനലിന് ഡിഎസ്എൻജി വാങ്ങാനുള്ള തുക ഉപയോഗിച്ച് ഇന്നോവ കാർ വാങ്ങിയത് ധൂർത്തായിരുന്നുവെന്ന് സുധീരന് വ്യക്തമാക്കി കഴിഞ്ഞു. സിഇഒയുടെ സെക്രട്ടറിയെ പ്രധാന ചുമതലയിലേക്ക് ഉയർത്തിയതും സുധീരന്റെ അറിവില്ലാതെ ആയിരുന്നു. ഉയർന്ന ശമ്പളത്തിനാണ് ഇവരെ നിയോഗിച്ചത്. പ്രത്യേക ആഡംബര മുറി പോലും നൽകി. ഇതിനൊപ്പം മാനേജർ തസ്തികയിലേക്കുള്ള പിആർഒയുടെ നിയമനവും വിവാദമായി. ബ്യൂറോ ചെലവുപോലും നൽകാനാകാത്ത സാഹചര്യമുള്ളപ്പോഴുള്ള ഈ നിയമനങ്ങൾക്കെതിരെ നിരവിധി ജീവനക്കാരും പരാതിയുമായുണ്ട്. അതുകൊണ്ട് തന്നെ ചാനൽ പ്രസിഡന്റെന്ന നിലയിൽ പ്രധാന കാര്യങ്ങളെല്ലാം തന്നോട് ആലോചിച്ച് ചെയ്താൽ മതിയെന്ന നിലപാടിലാണ് സുധീരൻ.

മാർക്കറ്റിങ് വിഭാഗം സമ്പൂർണ്ണ പരാജയമാണെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. സ്വയം പര്യാപ്തമാകാതെ എന്നും പാർട്ടി ഫണ്ടെന്ന നിലയിൽ പ്രവർത്തിക്കരുത്. വരവും ചെലവും തമ്മിലെ അന്തരം കുറയ്ക്കണമെന്നാണ് സുധീരന്റെ നിർദ്ദേശം. ഹസ്സന്റെ നേതൃത്വത്തിലാണ് ചാനൽ യാഥാർത്ഥ്യമായത്. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്നപ്പോൾ ചാനൽകാര്യങ്ങളിൽ ഇടപെട്ടതുമില്ല. ഇതോടെ ചാനൽ പൂർണ്ണമായും ഹസ്സന്റെ നിയന്ത്രണത്തിലായി. അതിനി നടക്കില്ലെന്ന സൂചനകളാണ് സുധീരൻ നൽകുന്നത്.