- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലീഗും സമസ്തയും നേർക്കു നേർ; തദ്ദേശത്തിൽ ഇടതുമായി ചേർന്ന് ഇകെ വിഭാഗം മത്സരത്തിന്; ഭരണത്തിന്റെ ആനുകൂല്യങ്ങൾ പറ്റിയ ശേഷം എതിർക്കുന്നത് ചർച്ചയാക്കി മുസ്ലിംലീഗ്
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗിനെതിരെ സമസ്ത ഇകെ വിഭാഗം നേതാക്കൾ നേർക്കുനേർ മത്സര രംഗത്ത്. ഇതാദ്യമായാണ് മുസ്ലിംലീഗിനെതിരെ സമസ്ത ഇ.കെ വിഭാഗം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ലീഗുമായി കാലങ്ങളായി ചേർന്നു നിൽക്കുകയും ലീഗിന്റെ ആനുകൂല്യങ്ങൾ പറ്റുകയും ചെയ്ത് ഇപ്പോൾ ലീഗിനെതിരെ മത്സരിക്കുന്നതിൽ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് തുടങ
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗിനെതിരെ സമസ്ത ഇകെ വിഭാഗം നേതാക്കൾ നേർക്കുനേർ മത്സര രംഗത്ത്. ഇതാദ്യമായാണ് മുസ്ലിംലീഗിനെതിരെ സമസ്ത ഇ.കെ വിഭാഗം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ലീഗുമായി കാലങ്ങളായി ചേർന്നു നിൽക്കുകയും ലീഗിന്റെ ആനുകൂല്യങ്ങൾ പറ്റുകയും ചെയ്ത് ഇപ്പോൾ ലീഗിനെതിരെ മത്സരിക്കുന്നതിൽ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് തുടങ്ങിയ നേതാക്കൾക്കെല്ലാം കടുത്ത അമർഷമുണ്ട്. സമസ്ത-ലീഗ് ബന്ധം പൊട്ടിത്തെറിയിൽ എത്തിയതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ലീഗിനെതിരെ ഇ.കെ സമസ്തയുടെ വിവിധ കീഴ്ഘടകങ്ങളിൽ നിന്നുള്ള നേതാക്കൾ തന്നെ മത്സര രംഗത്ത് എത്തിയതോടെ ഈ വാർത്തകൾ ശരിവെയ്ക്കുകയായിരുന്നു. മാത്രമല്ല, ഇത്തവണ ഇടതുപക്ഷത്തിന് പിന്തുണ നൽകി ലീഗിനെതിരെ പ്രവർത്തിക്കുമെന്നും ഒരുവിഭാഗം നേതാക്കൾ മറുനാടൻ മലയാളിയോടു വ്യക്തമാക്കി.
1945 ൽ സമസ്ത എന്ന കേരളത്തിലെ മുസ്ലിം പണ്ഡിത സഭയിൽ അംഗമാകുന്നതോടൊപ്പം സുന്നിപ്രസ്ഥാനത്തിന് അനിഷേധ്യമായ കെട്ടുറപ്പുമായിരുന്നു ലീഗ് നേതാക്കളായിരുന്ന പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളും സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളും. സമസ്തയുടെ യുവജനവിഭാഗത്തിന്റെ പ്രസിഡന്റായി 1968 മുതൽ 1975 വരെയും പാണക്കാട് പൂക്കോയ തങ്ങൾ വർത്തിക്കുകയുണ്ടായി. പിന്നീട് ലീഗിന്റെ അദ്ധ്യക്ഷ പദവിയിലെത്തിയ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സമസ്തയിൽ സ്ഥാനം വഹിച്ചിരുന്നില്ലെങ്കിലും അടുത്ത ബന്ധവും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നു. പ്രഖ്യാപിത നയങ്ങളിൽ നിന്നും വ്യതിചലിച്ചുകൊണ്ട് സമസ്തയുടെ രാഷ്ട്രീയ കൈകടത്തലുകളായിരുന്നു ഒരു പരിതിവരെ 1989 ൽ സമസ്തയെ പിളർത്തിയത്.
മലബാറുകാർക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത കാര്യമാണ് സമസ്ത ലീഗിനെതിരെ തിരിയുക എന്നത്. എന്നാൽ തുടരെയുള്ള വാർത്തകളും ലീഗുമായുള്ള സമസ്തയുടെ അകൽച്ചയും ലീഗിനെയും സമസ്തയെയും ഒരേപോലെ പിൻപറ്റുന്ന അണികളിൽ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. ലീഗിന്റെ ജന്മശത്രുക്കളായ സിപിഎമ്മുമായും മറ്റു ഇടതു പാർട്ടികളുമായും കൂട്ടുകൂടിയാണ് ലീഗ് അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ തന്നെ നേതൃത്വത്തിലുള്ള സമസ്തയുടെ അണികൾ ഇപ്പോൾ ലീഗിനെതിരെ മത്സര രംഗത്ത് വന്നിരിക്കുന്നത്. ഇടത് സ്വതന്ത്രരായും ഇടതുപക്ഷത്തിന്റെ പിന്തുണയോടു കൂടിയുമാണ് മലപ്പുറം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നും ത്രിതലപഞ്ചായത്തുകളിലേക്ക് ഇവർ മത്സരിക്കുന്നത്.
സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗൺസിലറും തിരൂർ താലൂക്ക് ട്രഷററുമായ അഷ്‌റഫ് തറമ്മൽ തിരൂർ നഗരസഭയിലേക്ക് പതിനാലാം വാർഡിൽ നിന്നും കപ്പും സോസറുമടയാളത്തിൽ ലീഗിനെതിരെ ഇടത് സ്വതന്ത്രനായി ജനവിധി തേടുന്നു. ഇതിനു പുറമെ പൂർണ സ്വതന്ത്രരായി മത്സരിക്കുന്ന ഇ.കെ സുന്നി നോമിനികളും യഥേഷ്ടമുണ്ട്. കൂടാതെ പെരിന്തൽമണ്ണ, ചേലേമ്പ്ര, തോഞ്ഞിപ്പലം, കരുവാരക്കുണ്ട്, നന്നമ്പ്ര, എന്നിവയ്ക്കു പുറമെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി നാലു വീതം പഞ്ചായത്തുകളിലേക്കും ലീഗിനെതിരെ ഇ.കെ സുന്നികൾ മത്സരിക്കുന്നു. കരുവാരകുണ്ട് ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എം.എസ്.എഫ് സംസ്ഥാനപ്രസിഡന്റ് ടി.പി അഷ്‌റഫലിയെ പരാജയപ്പെടുത്താൻ സമീപ പ്രദേശത്തുള്ള സുന്നി യുവജനവിഭാഗം നേതാവിന്റെ നേതൃത്വത്തിൽ പരസ്യ പ്രചാരണവും നടക്കുന്നുണ്ട്.
ചില ഇടങ്ങളിൽ വിദ്യാർത്ഥി വിഭാഗത്തിന്റെ സംസ്ഥാന ഭാരവാഹികൾ ലീഗിനെതിരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ ഉന്നത നേതാക്കൾ ഇടപെട്ടതിനെ തുടർന്ന് ശനിയാഴ്ച പത്രിക പിൻവലിക്കുകയായിരുന്നു. പാണാക്കാട് തങ്ങന്മാരും ലീഗിലെ പ്രമുഖരും പത്രികപിൻവലിക്കാനായി ഇടപെട്ടിരുന്നു. എന്നാൽ ലീഗ്-സമസ്ത പ്രശ്‌നം രൂക്ഷമായ പ്രദേശങ്ങളിൽ പത്രിക പിൻവലിക്കാതെ മത്സര രംഗത്ത് ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ വോട്ട് ഇടതുപക്ഷത്തിന് അനുകൂലമാക്കി ലീഗിനെതിരെ ചരടുവലി നടത്താനാണ് ലീഗുമായി ഇടഞ്ഞു നിൽക്കുന്നവരുടെ തീരുമാനം.
ലീഗ്-സമസ്ത പ്രശ്‌നം കൂടുതൽ രൂക്ഷമായെന്ന് തെളിയിക്കുന്നതാണ് മുൻകാലങ്ങളിൽ കാണാത്ത വിധത്തിൽ തെരഞ്ഞെടുപ്പിലെ മത്സരങ്ങൾ. മുൻ കാലങ്ങളെ അപേക്ഷിച്ച് ലീഗ് സമസ്തയുടെ ആവശ്യങ്ങൾ കേൾക്കുന്നില്ലെന്നും സമസ്തയ്‌ക്കെതിരായി ചില ലീഗ് നേതാക്കൾ തിരിയുകയാണെന്നുമാണ് ഇവരുടെ പ്രധാന പരാതി. ഇത്തരത്തിൽ സമസ്തക്കെതിരെ നിലപാടെടുക്കുകയും പുറം തിരിഞ്ഞു നിൽക്കുകയും ചെയ്യുന്ന ലീഗുകാരെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനാണ് രഹസ്യ തീരുമാനമെന്ന് ചില സംസ്ഥാന നേതാക്കൾ മറുനാടനോട് വെളിപ്പെടുത്തി. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അമ്പലക്കടവ് ഹമീദ് ഫൈസി ഇടതുപക്ഷത്തെ പിന്തുണക്കണമെന്ന ആഹ്വാനത്തിനു പിന്നിലും സമസ്തയിലെ ചില ഗ്രൂപ്പ് സമവാക്യങ്ങളുണ്ടെന്നാണ് അറിയുന്നത്. ഇതിനെതിരെ സമസ്ത നേതാവും ഹജ്ജ്കമ്മിറ്റി ചെയർമാനുമായ കോട്ടുമല ബാപ്പുമുസ്ലിയാർ രംഗത്തെത്തുകയും ലീഗിനെ പിന്തുണക്കുകയും ചെയ്തിരുന്നു.
അതേസമയം,ലീഗിന്റെ തൊഴിയും പഴിയും കേട്ട് നിൽക്കാനുള്ളതല്ലെന്നും സമസ്തക്ക് സ്വന്തമായി നിലപാടുണ്ടെന്നുമാണ് ഒരുവിഭാഗം പറയുന്നത്. മുസ്ലിംലീഗ് കാന്തപുരം വിഭാഗവുമയി കൂടുതൽ അടുക്കുന്നതും തിരുകേശപള്ളിയുമായും നോളജ് സിറ്റിയുമായും ബന്ധപ്പെട്ടും സർക്കാറിനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും പലതവണ കത്ത് നൽകിയിട്ടും നടപടിയെടുക്കാത്തതും സമസ്തയെ ചൊടിപ്പിച്ചിട്ടുണ്ട്. പൂർവികരായ സമസ്ത പണ്ഡിതർ ലീഗിനെ നയിച്ച നേതാക്കൾ കൂടിയാണെന്നതിൽ സ്വയം ആശ്വാസം കൊള്ളുകയും സമസ്തക്കാരെ അത് ആവർത്തിച്ചു പഠിപ്പിക്കുകയുമാണ് ലീഗ് ചെയ്തുകൊണ്ടിരിക്കുന്നത്. ലീഗിനെതിരെ സമസ്തക്കു കീഴിലെ ഏതാനം പേർ സംഘടിതമായി നടത്തുന്ന നീക്കങ്ങൾ ഏൽക്കുകയില്ലെന്നാണ് ലീഗിന്റെ വിലയിരുത്തൽ.