പാലക്കാട് : ജില്ലയിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി സി.പി എമ്മിനുള്ളിൽ കലാപം. ഒറ്റപ്പാലത്തേയും ഷൊർണൂരിലേയും സി.പിഎം സ്ഥാനാർത്ഥി നിർണയമാണ് പാർട്ടിയുടെ ഔദ്യോഗികവിഭാഗത്തിൽ തന്നെ വിള്ളൽ വീഴ്‌ത്തിയിരിക്കുന്നത്.

സീറ്റ് ലഭിക്കുമെന്നു കരുതിയിരുന്ന മുൻ എംപി കൂടിയായ എസ് അജയകുമാറിനും എം.ആർ മുരളി, പി.കെ സുധാകരൻ എന്നിവർക്കും നിലവിലെ ഒറ്റപ്പാലം എം.എൽ .എ, എം ഹംസക്കും സീറ്റ് ലഭിച്ചില്ല . ഷൊർണൂരിൽ സീറ്റ് ഉറപ്പിച്ചിരുന്ന പി.കെ സുധാകരനും എം.എൽ. എ ഹംസക്കും സീറ്റ് നൽകാത്തതാണ് ഒരു വിഭാഗത്തിന്റെ ചേരിതിരിവിന് കാരണമായത്.

നേരത്തെ സി.പി എം വിഭാഗീയത കൊണ്ടു ശ്രദ്ധേയമായ മണ്ഡലങ്ങളായിരുന്നു ഷൊർണൂരും ഒറ്റപ്പാലവും. പാർട്ടി വിട്ടു പോയ എം ആർ മുരളി തിരിച്ചെത്തിയതോടെ ഷൊർണൂരിലെ പ്രശ്‌നങ്ങളും ഒറ്റപ്പാലത്തെ പ്രശ്‌നങ്ങൾ ഭാഗികമായും പരിഹരിച്ച നിലയിലായിരുന്നു . ഇതിനിടെയാണ് പുതിയ സ്ഥാനാർത്ഥി നിർണയം ഔദ്യോഗിക വിഭാഗത്തെ വിമതരാക്കുന്ന നിലയിലെത്തിക്കുന്നത്. ഹംസക്ക് സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ ഇന്നലെ നടന്ന സി പി എം നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ ജില്ലാ കമ്മിറ്റിയുടേയും സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും തീരുമാനത്തിനെതിരെ വിമർശനമുയർന്നു. യോഗത്തിൽ പങ്കെടുത്ത 24 പേരിൽ 20 പേരും ഹംസയെ വീണ്ടും മത്സരിപ്പിക്കണമെന്ന് ആവശ്യമുയർത്തി. നാലുപേർ സ്ഥാനാർത്ഥി നിർണയത്തെ അനുകൂലിച്ചു. നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി മാതൃകയായ ഹംസക്ക് സീറ്റ് നിഷേധിച്ചതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടതായാണ് വിവരം.

ലോക്കൽ , ഏരിയ , ജില്ലാ ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ മണ്ണാർക്കാട് ഏരിയയിൽ നിന്നുള്ള നാലു പേർ മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തെ അനുകൂലിച്ചത് . നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്‌സ് പ്രതിഷേധ സൂചകമായി സംസ്ഥാന കമ്മിറ്റിക്ക് അയച്ചു നൽകാനും തീരുമാനിച്ചിട്ടുണ്ട് . തെരഞ്ഞെടുപ്പിനു മുന്നോടിയായി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ രൂപീകരിച്ച കമ്മിറ്റിയിലാണ് ഹംസയുടെ സ്ഥാനാർത്ഥിത്വം ചർച്ചയായത്.

എന്നാൽ നിയോജക മണ്ഡലം കമ്മിറ്റിയിൽ 24 പേരിൽ 23 പേരും സ്ഥാനാർത്ഥിനിർണയത്തെ അനുകൂലിച്ചതായും ഒരാൾ മാത്രമാണ് എതിർത്തതെന്നും മറിച്ചുള്ള വാർത്തകൾ ചിലർ മനഃപൂർവ്വം പടച്ചു വിടുന്നതാണെന്നും പാർട്ടിയിലെ ഒരു ഉയർന്ന നേതാവ് പറഞ്ഞു. രണ്ടു തവണ മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ജില്ലാ കമ്മിറ്റി ഹംസയുടെ പേരൊഴിവാക്കാൻ ഒരു കാരണമായത്. എന്നാലും സംസ്ഥാന ഘടകം ഹംസയെ അനുകൂലിക്കുമെന്നാണ് കരുതിയിരുന്നത്.

ഒറ്റപ്പാലത്തുനിന്ന് ജില്ലാ കമ്മിറ്റി പി.കെ ശശിയുടെ പേരാണ് നൽകിയിരുന്നത് .ഷൊർണൂരിലേക്ക് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുബൈദ ഇസ്ഹാഖിന്റെ പേരുമാണ് നിർദേശിച്ചിരുന്നത്. എന്നാൽ സംസ്ഥാന ഘടകം പി.കെ ശശിയെ ഷൊർണൂരിലേക്കും മാറ്റി നിർദേശിക്കുകയുമാണ് ചെയ്തത്. ഷൊർണൂരിലേക്ക് പരിഗണിച്ചിരുന്ന പി.കെ സുധാകരന് കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും സീറ്റ് വനിതക്കു നൽകണമെന്ന നിർദേശമാണ് സീറ്റ് ലഭിക്കാതിരിക്കാൻ കാരണമായത് .എന്നാൽ ഒറ്റപ്പാലത്തേക്കു പരിഗണിച്ചിരുന്ന പി.കെ ശശിയെ ഷൊർണൂരിലേക്ക് പരിഗണിച്ച സുബൈദയെ ഒറ്റപ്പാലത്തേക്കും മാറ്റിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.

ഇതിനെതിരെയാണ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം ഉയർന്നത്. ഒരു വർഷമായി ഒറ്റപ്പാലം എം.എൽ .എ സ്വന്തം നിലയിൽ പ്രചരണ പരിപാടികൾ നടത്തി വരികയായിരുന്നു. സർക്കാർ പരിപാടികളിൽ പോലും ഹംസയെ വികസന നായകനാക്കി ചിത്രീകരിച്ച സി.ഡി പ്രദർശനം നടത്തിവന്നിരുന്നു. കൂടാതെ വികസന നായകനാക്കി ചിത്രീകരിച്ച് മണ്ഡലത്തിലെങ്ങും ഫ്‌ലക്‌സ് ബോർഡുകളും സ്ഥാപിച്ചിരുന്നു. സോളാർ- ബാർ കോഴ വിവാദങ്ങൾ കത്തിനിൽക്കുന്ന സമയത്തും ചെറിയ ഉദ്ഘാടനങ്ങൾക്കു പോലും മന്ത്രിമാരെ വിളിച്ച് അവരെ ചടങ്ങിൽ വച്ച് വാനോളം പുകഴ്‌ത്തുന്നതും പതിവായിരുന്നു. ഇതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ടായിരുന്നു. ഇതും സീറ്റ് ലഭിക്കാതിരിക്കാൻ കാരണമായിട്ടുണ്ടെന്നാണ് അറിയുന്നത്. മണ്ഡലം കമ്മിറ്റിയുടെ വികാരം എന്തായാലും സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന ഘടകത്തിന്റെ തീരുമാനം പുനപരിശോധിക്കില്ല.