തിരുവനന്തപുരം: കറൻസി നിരോധനത്തിന്റെ പിന്നാലെ നൂറുരൂപയുടേതുൾപ്പെടെ ചില്ലറക്ഷാമം രൂക്ഷമായതോടെ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകളിൽ നീണ്ട ക്യൂ ഇല്ലാതാകുന്നു. സിനിമാ ടിക്കറ്റുകൾ വാങ്ങാനെത്തുന്നവർക്കും ചില്ലറ നൽകാനില്ലാത്തതിനാൽ എല്ലാ തിയേറ്ററുകളിലും ആളുകളുടെ തിരക്ക് കുറവാണെന്നാണ് റിപ്പോർട്ടുകൾ.

മദ്യവിൽപനയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. ചില്ലറ കൊടുക്കാത്തതുമായി ബന്ധപ്പെട്ട് അഞ്ഞൂറിന്റെയും പലപ്പോഴും മാറിക്കിട്ടിയ രണ്ടായിരത്തിന്റെയും നോട്ടുകളുമായി എത്തുന്നവരും ഔട്ട്‌ലെറ്റ് ജീവനക്കാരും തമ്മിൽ വൻ തർക്കവും പലയിടത്തും ഉണ്ടാകുന്നു.

കറൻസി പിൻവലിക്കൽ മൂലം ബവ്‌റിജസ് കോർപറേഷനു മൂന്നുദിവസത്തിനിടെ 25 കോടി രൂപയുടെ നഷ്ടമുണ്ടായതാണ് കണക്കുകൾ. വിൽപന 30% വരെ ഇടിഞ്ഞതോടെ പ്രശ്‌നം പരിഹരിക്കാൻ ബവ്‌റിജസ് ഔട്‌ലെറ്റുകളിൽ കാർഡ് സ്വൈപിംങ് മെഷീനുകൾ സ്ഥാപിക്കാൻ കോർപറേഷൻ നടപടികൾ തുടങ്ങി. എന്നാലും കാർഡുമായി എത്തി വാങ്ങുന്നവരുടെ പ്രശ്‌നം മാത്രമേ തീരൂ എന്നും അക്കൗണ്ടുപോലും ഇല്ലാത്ത മദ്യപാനികളുമായി തർക്കം തുടരേണ്ടിവരുമെന്നതും പ്രശ്‌നമാവുകയാണ്.

പ്രതിദിനം 28 കോടി രൂപയാണു ബവ്‌റിജസ് കോർപറേഷന്റെ ശരാശരി വരുമാനം. 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിന്റെ പിറ്റേന്നു വരുമാനം 18 കോടിയായി കുറഞ്ഞു. രണ്ടാം ദിവസം എട്ടു കോടിയുടെയും മൂന്നാം ദിവസം ഏഴരക്കോടിയുടെയും കുറവുണ്ടായി. കാർഡ് സ്വൈപിങ് ഉൾപ്പെടെ ഒരാളിൽ നിന്നു പണം വാങ്ങാൻ ഒരു മിനിട്ടോളം എടുക്കുമെന്നതിനാൽ തിരക്കേറിയ ഷോപ്പുകളിൽ ഇത്് ക്യൂ നീളാൻ കാരണമാകുമെന്നും ഉറപ്പാണ്. ഇപ്പോൾ കാശുവാങ്ങുമ്പോൾതന്നെ ഓരാൾക്ക് ബില്ലടിച്ചു നൽകാൻ ശരാശരി 10 സെക്കൻഡാണ് എടുക്കുന്നത്. അതിനാൽത്തന്നെ പ്രീമിയം ഔട്‌ലെറ്റുകളിൽ ഇത്ര തിരക്കില്ലാത്തതിനാൽ കാർഡ് മെഷീനുകൾ ആദ്യം അവിടെ സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. പിന്നീടേ സാധാരണ ഔട്ട് ലെറ്റുകളിലേക്ക് മെഷിൻ എത്തിക്കുന്ന കാര്യം ആലോചിക്കൂ.

സമാനമായ സ്ഥിതിയാണ് തിയേറ്ററുകളിലും. ഓൺലൈൻ വഴിയും മറ്റും ബുക്കിങ് നടത്തിയെത്തുന്നവരും ചില്ലറ കൈവശമുള്ള അപൂർവംപേരും മാത്രമാണ് തിയേറ്ററുകളിലേക്ക് എത്തുന്നത് എന്നതിനാൽ നൂറുകോടി കഌബിൽ കയറി കുതിക്കുന്ന പുലിമുരുകന്റെ കുതിപ്പുപോലും തടയപ്പെട്ടു. തിയേറ്ററുകളിലെ കളക്ഷൻ കുത്തനെ കുറഞ്ഞു. പ്രദർശനത്തിനൊരുങ്ങിയ പല മലയാളചിത്രങ്ങളും റിലീസിങ് നീട്ടിവച്ചിരിക്കുകയാണ്. നിർമ്മാണം നിർത്തിവെക്കേണ്ട അവസ്ഥ വന്നിട്ടില്ലെങ്കിലും ലൊക്കേഷനുകളിലെ ദൈനംദിന കാര്യങ്ങൾ പ്രശ്‌നത്തിലാണെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ്‌കുമാർ പറയുന്നു.

150 ക്ലബ്ബിലേക്ക് കുതിക്കുന്ന പുലിമുരുകന്റെ കളക്ഷനെ ചില്ലറക്ഷാമം സാരമായി ബാധിച്ചതായി നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം പറഞ്ഞു. പുലിമുരുകൻ പുറത്തിറങ്ങിയ ശേഷം ആദ്യമായി കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രം ഹൗസ് ഫുൾ അല്ലാതെ പ്രദർശിപ്പിക്കുകയാണ്. ഓൺലൈൻ ബുക്കിങ് സംവിധാനം കാര്യക്ഷമമാക്കിയത് തിയേറ്ററുകൾക്ക് അൽപമെങ്കിലും ആശ്വാസമാകുന്നു.

അതേസമയം, നിർമ്മാണത്തിലിരിക്കുന്ന സിനിമകളെ കറൻസി നിരോധനം സാരമായി ബാധിച്ചുതുടങ്ങി. സൂപ്പർ താരങ്ങളുടെതുൾപ്പെടെ പതിനഞ്ചോളം മലയാളസിനിമകൾ നിർമ്മാണത്തിലുണ്ട്. സെറ്റിൽ ദൈനംദിന കാര്യങ്ങൾക്ക് ഒരുലക്ഷം മുതൽ മൂന്നരലക്ഷംവരെ ചെലവുണ്ടെന്നതിനാൽ സഹായികളായി എത്തുന്നവർക്ക് പണം നൽകാനാവാതെ കുഴങ്ങുകയാണ് പല നിർമ്മാതാക്കളും. ചിലയിടത്ത് അസാധുവാക്കപ്പെട്ട അഞ്ഞൂറും ആയിരവും തന്നെ കൂലിയായി നൽകുന്നുമുണ്ട്. അവർക്ക് ബാങ്കുകളിൽ ചെന്ന് മാറ്റാമെന്ന സാഹചര്യം പരിഗണിച്ചാണിത്. താരങ്ങൾക്കും മറ്റു ജോലിക്കാർക്കുമുള്ള പണം ബാങ്ക് വഴിയും ചെക്കായും നൽകാമെങ്കിലും ദിവസച്ചെലവിനായുള്ള നോട്ടുകൾ കൈയിലില്ലാത്തതാണ് വെല്ലുവിളി.

മലയാളത്തെ അപേക്ഷിച്ച് ചെലവ് കൂടുതലുള്ള തമിഴ് സിനിമാ മേഖലയേയും കറൻസി നിരോധനം പ്രതികൂലമായി ബാധിച്ചു. കോളിവുഡിൽ സിനിമകൾ നിർത്തിവെക്കേണ്ട അവസ്ഥയിലാണെന്ന് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി രവി കൊട്ടാരക്കര അറിയിച്ചു. 20 ലക്ഷം മുതൽ 50 ലക്ഷംവരെയാണ് തമിഴകത്ത് ഒരുദിവസത്തെ ലൊക്കേഷൻ ചെലവ്. സേവനനികുതി, ആദായനികുതി വകുപ്പുകൾ പരിശോധന കർശനമാക്കിയതിനെത്തുടർന്ന് മലയാളത്തിൽ കൃത്യമായ കണക്കുകൾ സൂക്ഷിച്ചാണ് സിനിമാനിർമ്മാണം നടത്തിയതെന്നും അതുകൊണ്ടുതന്നെ പുതിയ സാഹചര്യത്തിൽ നിർമ്മാണം നിർത്തിവെക്കേണ്ട അവസ്ഥ ഉണ്ടാകില്ലെന്നും ഭാരവാഹികൾ വിശദീകരിക്കുന്നു.

സിനിമയുമായി ചേർന്നു പ്രവർത്തിക്കുന്ന ചെറിയജോലിക്കാർക്കുപോലും കൂലിയും ബത്തയുമെല്ലാം നേരിട്ട് കൈപ്പറ്റാൻ കഴിയുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. പക്ഷേ, ഇവർക്കും അക്കൗണ്ട് വഴി നൽകാൻ നടപടികളുണ്ടായാൽ കള്ളപ്പണം മേഖലയിൽ എത്തുന്നത് തടയപ്പെടുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അന്യഭാഷാചിത്രങ്ങൾക്ക് പൊതുവേ മലയാളത്തേക്കാൾ കൂടുതൽ നിർമ്മാണച്ചെലവുണ്ട്. ഇതിൽ വലിയൊരുഭാഗവും പലരിൽ നിന്നായി സംഘടിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ അവയ്‌ക്കെല്ലാം കൃത്യം കണക്ക് നൽകുക പ്രയാസമാകുമെന്നതിനാൽ സിനിമാ നിർമ്മാണ മേഖലയിലെ കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് എൻഫോഴ്‌സ്‌മെന്റ്, ആദായനികുതി ഉദ്യോഗസ്ഥർ പ്രത്യേകം നോട്ടമിട്ടു തുടങ്ങിയിട്ടുണ്ട്.

നോട്ടുകളുടെ ലഭ്യതക്കുറവ് നിർമ്മാണത്തിലിരിക്കുന്ന സിനിമകൾക്ക് ദോഷം വരുത്തുമെന്ന് നടനും എംപി.യുമായ ഇന്നസെന്റ് പറഞ്ഞു. ചെറിയ നോട്ടുകൾ ആവശ്യത്തിന് ലഭ്യമാകും എന്നുറപ്പുവരുത്തിയശേഷം ഇത്തരമൊരു തീരുമാനം സ്വീകരിക്കാമായിരുന്നുവെന്നും അദ്ദേഹം പറത്തു. നാദിർഷ സംവിധാനംചെയ്ത കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ, ധ്യാൻ ശ്രീനിവാസന്റെ ഒരേമുഖം എന്നിവയാണ് പ്രദർശനത്തിന് തയ്യാറായെങ്കിലും നോട്ടു ക്ഷാമം തീരുംവരെ റിലീസിങ് മാറ്റിവച്ച മലയാളചിത്രങ്ങൾ.