തിരുവനന്തപുരം: നടനും നിർമ്മാതാവുമായ അജയ് കൃഷ്ണൻ ആത്മഹത്യ ചെയ്തത് താൻ ആദ്യമായി നിർമ്മിച്ച സിനിമയുടെ പ്രിവ്യൂ കണ്ടതിന് ശേഷമെന്നു റിപ്പോർട്ട്. സിനിമ നന്നാകാത്തതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി ജീവിതം തകർക്കുമെന്ന കണക്കുകൂട്ടലിലാണ് അജയ് ആത്മഹത്യ ചെയ്തതെന്ന സൂചനയാണുള്ളത്.

പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചതായി ഇന്ത്യൻ എക്സ്‌പ്രസാണു റിപ്പോർട്ട് ചെയ്തത്. നാലുകോടി രൂപ മുടക്കിയാണു ചിത്രം നിർമ്മിച്ചത്. എന്നാൽ, പ്രതീക്ഷിച്ചതു പോലെ സിനിമ നന്നായില്ല എന്ന വിലയിരുത്തലിലാണ് അജയ് ആത്മഹത്യ ചെയ്തതെന്നാണു പൊലീസ് പറയുന്നത്.

പ്രിവ്യൂ കണ്ടതോടെ ആശങ്കയിലായ അജയ് ഇക്കാര്യം അദ്ദേഹം മാതാപിതാക്കളുമായി സംസാരിച്ചിരുന്നതായും എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സിനിമയിലെ എഡിറ്റിങ് പൂർത്തിയാകാത്ത ദൃശ്യങ്ങൾ കാട്ടുകയും സിനിമ വിജയിക്കുമോ എന്ന് ആശങ്കപ്പെടുകയും ചെയ്തിരുന്നതായി ഡിവിഷൻ കൗൺസിലർ സുരേഷ് പറഞ്ഞിരുന്നു.

ആസിഫലി നായകനായി ഉണ്ണി മുകുന്ദൻ, ഹണിറോസ് തുടങ്ങിയവർ അഭിനയിക്കുന്ന അവരുടെ രാവുകൾ എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് അജയ് കൃഷ്ണൻ. കഴിഞ്ഞ ശനിയാഴ്ചയാണ് അജയ് കൃഷ്ണനെ കൊല്ലത്തെ തിരുമുല്ലവാരത്തെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് അജയ് കൃഷ്ണന്റെ പിതാവ് രാധാകൃഷ്ണൻ പിള്ളയും മാതാവ് ജയകുമാരിയും വീട്ടിലുണ്ടായിരുന്നു.

ഫിലിപ്സ് ആൻഡ് മങ്കിപെൻ എന്ന ചിത്രത്തിന് ശേഷം ഷനിൽ മുഹമ്മദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് അവരുടെ രാവുകൾ. ഉണ്ണി മുകുന്ദൻ, അജു വർഗീസ്, വിനയ് ഫോർട്ട്, ലെന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

യുവ ചലച്ചിത്ര നിർമ്മാതാവ് അജയ് കൃഷ്ണൻ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണമെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സർക്കാരിനോട് ഇത് ആവശ്യപ്പെടണമെന്നും നിർമ്മാതാവും സംവിധായകനുമായ വിനയൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ടുണ്ടായ മാനസിക പീഡനങ്ങളും അജയ് കൃഷ്ണന്റെ ആത്മഹത്യക്ക് കാരണമായിട്ടുണ്ടെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിൽ വിഷയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെട്ട് അജയ് കൃഷ്ണന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് ശക്തമായി ആവശ്യപ്പെടണമെന്നും വിനയൻ പറഞ്ഞു.