- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിവിനും ഷാബുവും തമ്മിലുണ്ടായിരുന്നത് മേക്കപ്പ്മാൻ എന്നതിനപ്പുറമുള്ള ബന്ധം; ഉള്ളിലെ നന്മയും സൗഹൃദങ്ങൾക്കു കൽപിക്കുന്ന വിലയുമായാണ് ഈ വിയോഗം കൂടുതൽ വേദനിപ്പിക്കുന്നത്; മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളിയെ അനുസ്മരിച്ച് നിർമ്മാതാവ് ബാദുഷ
കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളിയുടെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും. നടൻ നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ്മാനായിരുന്ന ഷാബു, ക്രിസമസ് സ്റ്റാർ ഇടാൻ മരത്തിൽ കയറിയപ്പോൾ വീണാണ് അപകടമുണ്ടായത്. എല്ലാവരുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഷാബുവിന്റെ മരണ വാർത്തയുടെ ഷോക്കിൽ നിന്നും സുഹൃത്തുക്കളും സഹപ്രവർക്കരും ഇനിയും മോചിതരായിട്ടില്ല. നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയും ഷാബുവിന്റെ വിയോഗ വാർത്ത നടുക്കത്തോടെയാണ് കേട്ടത്. പരിചയപ്പെടുന്ന എല്ലാവരുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു ഷാബുവെന്ന് ബാദുഷ ചൂണ്ടിക്കാട്ടുന്നു.
‘ഷാബുവിന്റെ ഉള്ളിലെ നന്മയും സൗഹൃദങ്ങൾക്കു കൽപിക്കുന്ന വിലയുമായാണ് ഈ വിയോഗം കൂടുതൽ വേദനിപ്പിക്കുന്നതെന്ന് ബാദുഷ പറയുന്നു. താരങ്ങളും സാധാരണക്കാരുമടങ്ങുന്ന ഒരു വലിയ സൗഹൃദ ലോകമായിരുന്നു അയാളുടെ വിലയേറിയ സമ്പാദ്യം.'–ബാദുഷ അനുസ്മരിച്ചു.
‘ഈ വാർത്തയുടെ ഷോക്കിൽ നിന്നും ഞങ്ങളാരും മുക്തരായിട്ടില്ല. വളരെ ചെറുപ്പമാണല്ലോ അവൻ. ഷാബുവിന്റെ ചേട്ടൻ ഷാജി(മേക്കപ്പ്മാൻ) ഇപ്പോൾ എനിക്കൊപ്പം ‘റസ്റ്റ് ഇൻ പീസ്' എന്ന ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം ഷാബുവിന് ഇങ്ങനെ ഒരു അപകടം പറ്റി എന്നു കോൾ വന്നപ്പോൾ ഞങ്ങളെല്ലാവരും കൂടി ഷാജിയെ അങ്ങോട്ടേക്ക് അയച്ചു. പക്ഷേ, ഷാജി തൃശൂർ കഴിഞ്ഞപ്പോഴേക്കും ഷാബു മരിച്ചു എന്ന അറിയിപ്പ് കിട്ടി''.–ബാദുഷ പറയുന്നു. ‘എവിടെ വച്ചു കണ്ടാലും ഓടി വന്ന് കെട്ടിപ്പിടിച്ച് വർത്തമാനം പറയുന്നതായിരുന്നു ഷാബുവിന്റെ രീതി. എപ്പോൾ വിളിച്ചാലും കൃത്യമായി കാര്യങ്ങൾ പറയും അത് നിവിനെ അറിയിക്കും. താരങ്ങളോടും ടെക്നീഷ്യൻസിനോടുമൊക്കെ വളരെ അടുത്ത ബന്ധമായിരുന്നു. ആരെ പരിചയപ്പെട്ടാലും വളരെ വേഗം സൗഹൃദത്തിലേക്കെത്തുന്നതായിരുന്നു അവന്റെ രീതി. എപ്പോഴും ചിരിച്ചോണ്ടു മാത്രമേ ഷാബുവിനെ കാണാൻ പറ്റൂ.'
മേക്കപ്പ്മാൻ എന്നതിനപ്പുറമുള്ള ബന്ധമായിരുന്നു നിവിനും ഷാബുവും തമ്മിലെന്നും ബാദുഷ ചൂണ്ടിക്കാട്ടുന്നു. ‘എട്ടു വർഷമായി ഷാബു നിവിന്റെ ഒപ്പമുണ്ട്. നേരത്തെ സിനിമയിൽ മേക്കപ്പ് സഹായിയായി പ്രവർത്തിക്കുകയായിരുന്നു. ഈ അടുത്ത് നിവിൻ നായകനായ ‘കനകം കാമിനി കലഹം' എന്ന പടത്തിന്റെ മേക്കപ്പ്മാനും ഷാബു ആയിരുന്നു. സംഭവം അറിഞ്ഞപ്പോൾ മുതൽ നിവിനെ വിളിക്കുന്നു. കിട്ടുന്നില്ല. ഇന്നലെ രാത്രി സംവിധായകൻ ഹനീഫ് അദേനി എന്നെ വിളിച്ചു. നിവിൻ ഭയങ്കര കരച്ചിലാണെന്ന് പറഞ്ഞു. നിവിന് അത്ര അടുപ്പമായിരുന്നു ഷാബുവുമായി. അവസാനമായി ഒരുനോക്ക് കാണുവാൻ നിവിനും സുഹൃത്തുക്കളും വയനാട്ടിലേയ്ക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്. '– ബാദുഷ പറയുന്നു.
ക്രിസ്മസ് സ്റ്റാർ കെട്ടാൻ വേണ്ടി മരത്തിൽ കയറിയപ്പോളാണ് ഷാബുവിന് അപകടമുണ്ടായത്. ഇന്റേണൽ ബ്ലീഡിങ് ഉണ്ടാകുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തട്ടത്തിൻ മറയത്ത് എന്ന സിനിമ മുതൽ നിവിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു ഷാബു. വീഴ്ചയിലെ ആന്തരിക രക്തസ്രാവമാണ് മരണ കാരണം.മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളി ഇദ്ദേഹത്തിന്റെ സഹോദരനാണ്.
മറുനാടന് ഡെസ്ക്