തിരുവനന്തപുരം: തലസ്ഥാനത്ത് സായാഹ്ന സവാരിക്കിടെ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥ ദമ്പതികളിലെ ഭാര്യമാരെ കടന്നുപിടിക്കുകയും ലൈംഗിക ചേഷ്ടകൾ കാട്ടി മാനഭംഗപ്പെടുത്തുകയും ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ വാൾകൊണ്ട് വെട്ടി നരഹത്യക്ക് ശ്രമിക്കുകയും ചെയ്ത കേസിൽ 4 പ്രതികളെ അഗസ്റ്റ് 6 ന് ഹാജരാക്കാൻ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ജാമ്യം നിരസിക്കപ്പെട്ട് ജയിലിൽ പാർപ്പിച്ചിട്ടുള്ള രണ്ടു പ്രതികളെ ഹാജരാക്കാൻ ജില്ലാ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയക്കാനും അഡീ.സി ജെ എം വിവിജ രവീന്ദ്രൻ ഉത്തരവിട്ടു. ഇരകളായ യുവതികളുടെ രഹസ്യമൊഴി ജൂലൈ 15 ന് ജുഡീഷ്യൽ മജിസ്‌ട്രേട്ട് അശ്വതി നായർ രേഖപ്പെടുത്തിയിട്ടുണ്ട്.

വിചാരണയിൽ ഗുണ്ടകളായ പ്രതികളുടെ ഭീഷണിയിലോ സ്വാധീനത്താലോ മൊഴി തിരുത്തി കൂറുമാറി പ്രതിഭാഗം ചേരാതിരിക്കാനാണ് രഹസ്യ മൊഴിയെടുത്തത്. മാനഭംഗവും നരഹത്യാശ്രമവും ചാർജ് ചെയ്യപ്പെട്ട കേസ് സെഷൻസ് കോടതി വിചാരണ ചെയ്യേണ്ടതാകയാൽ കേസ് സെഷൻസ് കോടതി വിചാരണക്കായി കമ്മിറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രതികളെ കോടതി വിളിച്ചു വരുത്തുന്നത്. പ്രതികൾക്ക് കുറ്റപത്രത്തിന്റെയും വിചാരണക്ക് പ്രോസിക്യൂഷൻ ആശ്രയിക്കുന്ന അനുബന്ധ രേഖകളുടെയും പകർപ്പുകൾ മജിസ്‌ട്രേട്ട് കോടതി നൽകിയ ശേഷം കേസ് സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്തയക്കും. ക്രിമിനൽ നടപടി ക്രമത്തിലെ 193 , 209 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് സെഷൻസ് കോടതി വിചാരണക്കായി കമ്മിറ്റ് ചെയ്യുന്നത്.

വഞ്ചിയൂർ പാറ്റൂർ റ്റി.സി. 27/577 ൽ കൊച്ചു രാജേഷ് എന്ന രാകേഷ് ഏലിയാസ് (28) , കണ്ണമ്മൂല കുളവരമ്പിപിൽ വീട്ടിൽ പ്രവീൺ (25) , പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവരും കുറ്റക്കാർക്ക് അഭയം കൊടുത്തവരുമായ പട്ടം റ്റി. പി. എസ് നഗറിൽ ഷിജു (25) , നെടുമങ്ങാട് കരിപ്പൂര് പുലിപ്പാറ സുനിത ഭവനിൽ അഭിജിത്ത് (25) എന്നിവരാണ് കേസിലെ ഒന്നു മുതൽ 4 വരെയുള്ള പ്രതികൾ. ഒന്നും രണ്ടും പ്രതികൾ ജാമ്യം നിരസിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്. തലസ്ഥാനത്തെ സ്റ്റാച്ച്യു അക്കൗണ്ടന്റ് ജനറൽ ഓഫീസിലെ ജീവനക്കാരായ ഹരിയാന സ്വദേശി രവി യാദവ് , ഉത്തർപ്രദേശ് സ്വദേശി ജഗത് സിങ് എന്നിവരും ഭാര്യമാരും ആണ് ആക്രമണത്തിനിരയായത്.

ജൂൺ 27 ന് രാത്രി 8.30 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേട്ട അമ്പലത്തുമുക്ക് ടി വി റോഡിലെ റെയ്ൻ ബോ ഫ്‌ളാറ്റിന് സമീപത്തു കൂടി സായാഹ്ന സവാരി നടത്തത്തിനിടെയാണ് അനിഷ്ട സംഭവം അരങ്ങേറിയത്. ആക്റ്റീവ സ്‌ക്കൂട്ടറിൽ വന്ന രണ്ടു പ്രതികൾ യുവതികളെ കൈയ്ക്ക് കടന്നുപിടിക്കുകയും ലൈംഗിക ചേഷ്ടകൾ കാട്ടി മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കുറ്റകരമായ കൈയേറ്റവും ബലപ്രയോഗവും നടത്തി. പുറകേ നടന്നു വന്ന ഭർത്താക്കന്മാർ ഇത് കണ്ട് ചോദ്യം ചെയ്തപ്പോൾ പ്രതികൾ കയ്യിൽ കരുതിയിരുന്ന വാൾ കൊണ്ട് ഭർത്താക്കന്മാരെ വെട്ടുകയായിരുന്നു.

ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടികളെ കൊല്ലുമെന്ന ഭീഷണിയും മുഴക്കി. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടുന്നതിനിടയിൽ പ്രതികൾ രക്ഷപ്പെട്ടു. പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചത് പൊലീസായിരുന്നു. ആശുപത്രിയിൽ നിന്ന് തിരിച്ച് വീട്ടിലെത്തിയ കുടുംബത്തെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ വീട് കയറി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് വിവാദമായതോടെയാണ് കാലവിളംബം വരുത്തിയ പൊലീസ് പ്രതികളെ പിടികൂടാൻ തയ്യാറായത്. പേട്ട പൊലീസും ഗുണ്ടാസംഘങ്ങളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണമാണ് പൊലീസ് ഒത്താശയോടെ പ്രതികൾ ഇതരസംസ്ഥാനക്കാരായ ഉദ്യോഗസ്ഥരുടെ വീട് തേടിച്ചെന്ന് കേസ് പിൻവലിക്കാൻ ഭീഷണി മുഴക്കിയതെന്ന ആരോപണമുയർന്നിട്ടുണ്ട്.

പേട്ട , വഞ്ചിയൂർ പൊലീസ് സ്റ്റേഷനുകളിലായി അടി പിടി , കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഒന്നാം പ്രതിയായ രാകേഷ്. ഇയാൾ 3 കേസുകളിൽ വിചാരണ നേരിടുകയാണ്. 2015 ൽ മോഷണക്കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഈ കേസിൽ 2019 ൽ ജാമ്യത്തിലിറങ്ങി. രണ്ടാം പ്രതിയായ പ്രവീൺ 2015 ൽ മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത സുനിൽ ബാബു കൊലക്കേസിലെ മുഖ്യ പ്രതി കൊപ്ര സുരേഷിന്റെ സഹോദരനാണ്. ജൂലൈ 21നാണ് പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജൂലൈ 28 ന് കുറ്റപത്രം സമർപ്പിച്ചു.