ന്യൂയോർക്ക്: ന്യൂയോർക്കിലെ സെയ്ന്റ് ജോൺസ് യൂണിവേഴ്‌സിറ്റിയിൽ നാലു പതിറ്റാണ്ടുകളോളം ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സാമൂഹ്യസാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്ന ജോസഫ് ചെറുവേലിയെ വിചാരവേദി കേരള കൾച്ചറൽ സെന്ററിൽ ചേർന്ന സാഹിത്യ സദസ്സിൽ വച്ച് ആദരിക്കുകയും അദ്ദേഹത്തിന്റെ A PASSAGE TO AMERIKA എന്ന പുസ്തകം വിലയിരുത്തപ്പെടുകയും ചെയ്തു. മാനവശാസ്ത്രജ്ഞൻ ഡോ. എ. കെ. ബി. പിള്ള പ്രൊഫ. ജോസഫ് ചെറുവേലിയെ പൊന്നാട അണിയിച്ചു, വിചാരവേദി പ്രസിഡന്റ് വാസുദേവ് പുളിക്കൽ പ്രശസ്തി ഫലകം നൽകി.

വിവിധ മേഖലകളിൽ സുത്യർഹമായ സേവനമനുഷ്ടിച്ചിട്ടുള്ള ജോസഫ് ചെറുവേലിൽ സാറിന് ജനങ്ങൾ നല്കുന്ന സ്‌നേഹമാണ് വിലമതിക്കാനാവത്ത അവാർഡ് എന്ന് സെക്രട്ടറി സാംസി കൊടുമൺ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. അമേരിക്കയിൽ ആദ്യമായിട്ട് യുണിവേഴ്‌സിറ്റി തലത്തിൽ മലയാളം കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകിയത് പ്രൊഫ. ജോസഫ് ചെറുവേലിയുടെ മേൽനോട്ടത്തിലാണെന്ന് സാംസി കൊടുമൺ അനുസ്മരിച്ചു. ചെറുവേലിൽ സാറിന്റെ സാർവ്വലൗകിക ഭാവത്തിന്റെ പ്രഭ ചൊരിയുന്ന വ്യക്തിത്വം മനസ്സിലാക്കാൻ സാധിച്ച സന്ദർഭങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട്, തീക്ഷ്ണമായ വികാരങ്ങളില്ലാതെ ശീതളമായ മനസ്സോടെ ആവിഷ്‌കരിച്ച A PASSAGE TO AMERIKA എന്ന കലാശില്പം നിരന്തരമായ പരിശ്രമം കൊണ്ടും ശില്പബോധം കൊണ്ടും സ്വാഭാവികവും ശാലീനവുമാണ് എന്ന് ആശംസ പ്രസംഗത്തിൽ വാസുദേവ് പുളിക്കൽ അഭിപ്രായപ്പെട്ടു. വൈലോപ്പിള്ളിയുടെ കാച്ചിക്കുറുക്കിയ പാലു പോലുള്ള കവിതകളേക്കാൾ ജനങ്ങൾ ഏറ്റുവാങ്ങിയത് ചങ്ങമ്പുഴയുടെ വെള്ളം ചേർത്ത പാലു പോലുള്ള കവിതകളാണെന്ന് സൂചിപ്പിച്ചുകൊണ്ട് കൃതികളെ രചനാരീതിയുടെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്നും ലൂസായ രചനാരീതിയായിരിക്കും ചിലപ്പോൾ കൂടുതൽ സ്വീകാര്യമാകുന്നത് എന്നും അദ്ധ്യക്ഷൻ കെ. വി. ബേബി പറഞ്ഞു.

പ്രവാസിയായ ചെറുവേലിൽ സാറ് രണ്ടു സംസ്‌കാരങ്ങളെ സമന്വയിപ്പിക്കുന്ന ഈ പുസ്തകത്തിൽ ആഗോള സംഭവങ്ങൾ തന്റെ ജന്മമുൾപ്പെടെ കാലക്രമമായി വിവരിച്ചിരിക്കുന്നത് ഡോ. നന്ദകുമാർ ചൂണ്ടിക്കാട്ടി. ഭാവിതലമുറക്ക് ഈ പുസ്തകം ഒരു റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കാൻ യോഗ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രഷ്ട്രീയം, മതം, സാഹിത്യം എന്നീ മേഖലകളിൽ മാനവതയുടെ മഹത്വത്തിന് ദുരന്തം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മാനവതയുടെ മഹത്വം പ്രകീർത്തിക്കുകയാണ് ഈ പുസ്തകത്തിൽ ചെയ്തിട്ടുള്ളത് എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഡോ. ശശിധരൻ കുട്ടാല തന്റെ പ്രസംഗം ആരാംഭിച്ചത്.

ആത്മകഥക്കുപരിയായി ലോകവീക്ഷണം ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിൽ കുടുംബസ്‌നേഹവും മാനവസ്‌നേഹവും കോർത്തിണക്കിയിരിക്കുന്നത് അഭിനന്ദനാർഹമാണ്; അദ്ദേഹത്തിന്റെ സഹജീവികളോടുള്ള സ്‌നേഹമസൃണമായ സമീപനം അനുകരണീയമാണ്; പുസ്തകം ഭാവി ജനതക്ക് പ്രയോജനകരമാണ്;, കുട്ടനാടിന്റെ വർണ്ണന ആകർഷീണയമായിരിക്കുന്നു എന്ന് കുട്ടനാട്ടുകാരനായ ഡോ. ഏ. കെ. ബി. പിള്ള അഭിപ്രായപ്പെട്ടു. വെരി റവ. ഡോ. യോഹന്നാൻ ശങ്കരത്തിൽ, വിനോദ് കീർക്കെ, ഇ. കെ. ബാബുരാജ്, മനോഹർ തോമസ്, ജോൺ പോൾ, ഡോ. ചന്ദ്രശേഖര റാവു, പ്രൊഫ. ഡോണ പിള്ള, സരോജാ വർഗീസ്, ലീല മാരാട്ട് എന്നിവർ ആശംസ പ്രസംഗങ്ങൾ ചെയ്തു.

ചെറുവേലിൽ സാറിന്റെ മറുപടി പ്രസംഗം ഹൃദയസ്പർശിയായിരുന്നു. ബുദ്ധിമുട്ടുകൾ വരുമ്പോൾ ജീവിതം unfair എന്ന് നമുക്ക് തോന്നാം. എന്നാൽ ഈശ്വരൻ ഒരിക്കലും പക്ഷപാതിയല്ല. ഈ പുസ്തകം കീർത്തിക്കു വേണ്ടിയോ പണത്തിനു വേണ്ടിയോ എഴുതിയതല്ല; ഭാവി തലമുറക്ക് താൻ നല്കുന്ന പാരിതോഷികമാണ് ഈ പുസ്തകം; നമ്മൾ കൂടുതൽ പഠിക്കുന്തോറും നമ്മുടെ അറിവ് എത്ര പരിമിതമാണെന്ന് ബോധ്യമാകും; ഈ പുസ്തകം തയ്യാറാക്കാൻ പ്രചോദനം നൽകിയ പ്രമുഖ വ്യക്തിയാണ് പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ സുധീർ പണിക്കവീട്ടിൽ; അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ തന്റെ സന്തോഷം വർദ്ധിക്കുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ മറക്കാനാവാത്ത ഇങ്ങനെ ഒരു സമ്മേളനം ഒരുക്കിയ വിചാരവേദിയോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ബാബു പാറക്കൽ ചെയ്ത കൃതജ്ഞതാപ്രസംഗത്തിൽ ചെറുവേലിൽ സാറിനെ പോലുള്ള ഒരു മഹൽ വ്യക്തിയെ ആദരിക്കാൻ അവസരം ലഭിച്ചതിൽ വിചാരവേദിക്ക് അഭിമാനിക്കാവുന്നതാണ് എന്ന് അഭിപ്രായപ്പെട്ടു.