ഷിക്കാഗോ: ഇൻഫോസിസ് 2017 അവാർഡുകൾക്കായി തിരഞ്ഞെടുക്കപ്പെട്ട ആറുപേരിൽ ചിക്കാഗൊ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യൻ അമേരിക്കൻ പ്രൊഫസർ യമുന കൃഷ്ണനും ഉൾപ്പെടുന്നു.

ഇൻഫോസിസ് ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് പ്രസിഡന്റ് കെ. ഡാനിഷ് നവംബർ 21 നാണ് വിജയികളുടെ പേർ പ്രഖ്യാപിച്ചത്. ആറു കാറ്റഗറികളിലായി 236 നോമിനേഷനുകളാണ് ലഭിച്ചത്. ഫിസിക്കൽ സയൻസ് വിഭാഗത്തിലാണ് യമുന കൃഷ്ണൻ വിജയിയായത്. വിജയികൾക്ക് ഓരോ കാറ്റഗറിയിലും 65 ലക്ഷം രൂപയും, ഇരുപത്തിരണ്ടു കാരറ്റ് ഗോൾഡ് മെഡലും പ്രത്യേക സർട്ടിഫിക്കറ്റുകളുമാണ് സമ്മാനമായി ലഭിക്കുക.

പ്രദീപ് കോൽസ(കാലിഫോർണിയ യൂണിവേഴ്‌സിറ്റി), അമത്യസെൻ(ഹാർവാർഡ്), ഇന്ദർവർമ(സാൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ സയൻസ്), ശ്രീനിവാസ് വർധൻ(ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി), ശ്രീനിവാസ് കുൽക്കർണി(കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജി), കൗശിക്ക് ബസ്(കോണൽ യൂണിവേഴ്‌സിറ്റി) എന്നിവർ ഉൾപ്പെടുന്ന ജൂറിയാണ് തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചത്.

ഡി.എൻ.എ. ആർക്കിടെക്ച്ചർ വിഭാഗത്തിൽ യമുന നടത്തിയ ഗവേഷണങ്ങളാണ് ഇവരെ അവാർഡിനർഹയാക്കിയത്. സ്തനാർബുധം, എച്ച്.ഐ.വി., അൾസൈമേഴ്‌സ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമായ സെല്ലുകളെ കുറിച്ചാണ് ഇവർ പഠനം നടത്തിയത്. ജനുവരി 10ന് ബാംഗ്ലൂരിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ വിജയികൾക്ക് അവാർഡ് വിതരണം ചെയ്യും. 130 കോടി മുതൽ മുടക്കി 2009 ൽ സ്ഥാപിച്ചതാണ് ഈ നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ.