ന്യൂഡൽഹി: പ്രവീൺ തൊഗാഡിയ വിഎച്ച്പി വിടാൻ കാരണക്കാരനായ വിഷ്ണുസദാശിവ് കോക്‌ജെ ആരാണ്? വി എസ്.കോക്‌ജെ ്അഖിലേന്ത്യ പ്രസിഡൻായതോടെയാണ് വർക്കിങ് പ്രസിഡന്റാകാൻ സാധ്യതകൾ അടഞ്ഞെന്ന് മനസ്സിലാക്കി തൊഗാഡിയ പുതിയ വഴികൾ തേടിയത്. വിശ്വസ്തനായ രാഘവ് റെഡ്ഡി അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മൽസരത്തിൽ തോറ്റതാണ് തൊഗാഡിയയ്ക്ക് തിരിച്ചടിയായത്.

ആർഎസ്എസിന്റെ വിശ്വസ്തൻ

കഴിഞ്ഞ മൂന്ന് വർഷമായി വിഎച്ച്പി വൈസ് പ്രസിഡന്റാണ് കോക്‌ജെ.2003 ൽ ഹിമാചൽ പ്രദേശ് ഗവർണറായി സ്ഥാനമേൽക്കും വരെ ആർഎസ്എസിനോടൊപ്പം പ്രവർത്തിച്ചിരുന്നു.2012 മുതൽ 2014 വരെ ഭാരത് വികാസ് പരിഷദിന്റെ അഖിലേന്ത്യ പ്രസിഡന്റായിരുന്നു.സ്വപ്രയത്‌നത്താൽ ജീവിതവിജയം നേടിയ നേരും നെറിയുമുള്ള വ്യക്തി എന്നാണ് സഹപ്രവർത്തകർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.അഭിഭാഷകനായിരിക്കെ രാഷ്ട്രീയ ചായ് വിന്റെ പേരിൽ കോക്‌ജെയും കുടുംബവും ദുരതമനുഭവിച്ചിട്ടുണ്ട്. അതേസമയം, ഗുണഫലങ്ങളും നേടിയിട്ടുണ്ട്.2004 ൽ കേന്ദ്രഭരണം മാറിയിട്ടും ഗവർണർ പദവിയിൽ കാലാവധി പൂർത്തിയാക്കിയ വ്യക്തി കൂടിയാണ്.

മധ്യപ്രദേശിലെ ധർ ജില്ലയിൽ ദഹി ഗ്രാമത്തിലാണ് ജനനം. സ്‌കൂൾ പഠനം പൂർത്തിയാക്കിയ ശേഷം ഇൻഡോറിലെ ഹോൾകർ കോളേജിൽ നിന്് ബിരുദം നേടി. ക്രിസ്ത്യൻ കോളേജിൽ നിന്ന് സോസിയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1964 ൽ നിയമപഠനത്തിന് പോയി.26 വർഷം അഭിഭാഷകനായി സേവനമനുഷ്ഠിച്ച ശേഷം 1990 ൽ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി.പാവപ്പെട്ടവരുടെ അഭിഭാഷകൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1994 ൽ രാജസ്ഥാൻ ഹൈക്കോടതിയിലേക്ക് മാറ്റം കിട്ടുകയും, അവിടെ അഡ്‌മിനിസ്‌ട്രേറ്റീവ് ജഡ്ജിയായി നാലുവർഷം തുടരുകയും ചെയ്തു.രാജസ്ഥാൻ ഹൈക്കോടതിയിൽ ഐക്ചിങ് ചീഫ് ജസ്റ്റിസായി 11 മാസം ഇരുന്ന ശേഷം 2001 ൽ വിരമിച്ചു.ബലാൽസംഗക്കേസിൽ ആരേപണവിധേയനാവുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്ത ജൈനസന്യാസി ലോകേന്ദ്ര വിജയിന്റെ മരണത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷന്റെ അദ്ധ്യക്ഷനായിരുന്നു.

വിവാദങ്ങളുടെ അകമ്പടിയോടെയാണ് കോക്ജിയുടെ സ്ഥാനരോഹണം. അൻപത്തിരണ്ടു വർഷത്തിനുശേഷം തിരഞ്ഞെടുപ്പു നടന്ന വിശ്വഹിന്ദു പരിഷത്തിൽ അധികാരം നഷ്ടമായ പ്രവീൺ തൊഗാഡിയ ഇന്നലെ സംഘടനയിൽനിന്ന് രാജിവെച്ചു. ഗുരുഗ്രാമത്തിൽ ശനിയാഴ്ച വൈകീട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഹിന്ദുക്കളുടെ ആവശ്യങ്ങളുയർത്തി ചൊവ്വാഴ്ചമുതൽ അഹമ്മദാബാദിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് തൊഗാഡിയ പ്രഖ്യാപിച്ചെങ്കിലും വലിയ പിന്തുണ ഇല്ലാതെ ഒരു ദുർബലന്റെ സ്വരത്തിലേക്ക് ഒരുകാലത്ത് മോദിയേക്കാൾ കരുത്തനായ, മോദിയുടെ വളർച്ചയിൽ നിർണായക പങ്കാളിയായിരുന്ന തൊഗാഡിയ നേർത്ത് ഒതുങ്ങുന്നു.തിരഞ്ഞെടുപ്പിൽ കൃത്രിമമൊക്കെ ആരോപിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല.

ശനിയാഴ്ച സംഘടനയുടെ അന്താരാഷ്ട്ര പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പിൽ തൊഗാഡിയയുടെ സ്ഥാനാർത്ഥി വലിയ മാർജിനിൽ തോറ്റതോടെയാണ് ഈ പടിയിറക്കം. അപ്രതീക്ഷിത നീക്കത്തിലൂടെ വിശ്വഹിന്ദുപരിഷത്തിൽ പ്രവീൺ തൊഗാഡിയയുടെ കസേര ഇല്ലാതായി. ഇതിന് ചരടുവലിച്ചതാകട്ടെ സാക്ഷാൽ മോദി നേരിട്ടും. തൊഗാഡിയ പിന്തുണച്ച രാഘവറെഡ്ഢിയെ പരാജയപ്പെടുത്തി നരേന്ദ്ര മോദി പക്ഷക്കാരനും ഹിമാചൽപ്രദേശ് മുൻ ഗവർണറുമായ വി എസ്.കോക്ജെ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇന്നലെ നാടകീയ നീക്കങ്ങൾ വിശ്വഹിന്ദു പരിഷത്തിൽ നടന്നത്. തോൽവിയുടെ പിന്നാലെ സംഘടനയെ പൊട്ടിത്തെറിയിലേക്ക് തള്ളിവിട്ട് വി.എച്ച്.പിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചതായി പ്രവീൺ തൊഗാഡിയ പ്രഖ്യാപിക്കുകയായിരുന്നു.

വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിനുപിന്നാലെയാണ് 32 വർഷമായി തുടരുന്ന വിഎച്ച്പി ബന്ധം തൊഗാഡിയ അവസാനിപ്പിച്ചു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ 192 അംഗ തിരഞ്ഞെടുപ്പ് സമിതിയിൽ 131 പേരും കോക്ജെയെ പിന്തുണച്ചതോടെയാണ് തൊഗാഡിയയുടെ പതനം പൂർണമായത്. തൊഗാഡിയയുടെ വിശ്വസ്തനും അധ്യക്ഷനുമായിരുന്ന രാഘവ് റെഡ്ഡിക്ക് 60 വോട്ടുകൾ മാത്രമേ കിട്ടിയുള്ളൂ.

ഇതോടെ രാജ്യാന്തര വർക്കിങ് പ്രസിഡന്റ് സ്ഥാനം തൊഗാഡിയയ്ക്ക് നഷ്ടമായി. പ്രസിഡന്റ് ആണ് വർക്കിങ് പ്രസിഡന്റിനെ നോമിനേറ്റ് ചെയ്യേണ്ടത്. പ്രവീൺ തൊഗാഡിയ വഹിച്ചിരുന്ന വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് വി എസ്. കോക്ജെ അലോക് കുമാറിനെ നാമനിർദ്ദേശം ചെയ്തതോടെ മോദിയുടെ ആസൂത്രണം പൂർണമായി. പുതിയ സാഹചര്യത്തിൽ തൊഗാഡിയ ബദൽ ഹിന്ദു സംഘടനയ്ക്കു രൂപം നൽകുമെന്ന സൂചനകളും വരുന്നു. എന്നാൽ ഇത് തൊഗാഡിയ എന്ന നേതാവ് ഇനി സംഘപരിവാറിനൊപ്പം ഇല്ലെന്നതിന്റെ വ്യക്തമായ സൂചനതന്നെയാണ് നൽകുന്നത്.

കോക്‌ജെയുടെ സ്വപ്‌നം യാഥാർഥ്യമാകുമോ?

അയോധ്യയിൽ ഉടൻ രാമക്ഷേത്രം നിർമ്മിക്കുമെന്നാണ് വിഷ്ണു സദാശിവ് കോക്ജെ പറയുന്നത്. തന്നിൽ നിക്ഷ്പിതമായ കടമ പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷമായ ഹിന്ദു സമുദായത്തിന് ഒന്നും ഒരു പ്രശ്നമല്ലെന്നും വിഷ്ണു കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ രൂപമെടുത്ത മതങ്ങളുടെ ഏകീകരണത്തിലൂടെ ഹിന്ദു സംസ്‌ക്കാരത്തിന് കൂടുതൽ പിന്തുണ ലഭിക്കണമെന്നും വിഷ്ണു സദാശിവ പറഞ്ഞു. രാമക്ഷേത്രം നിർമ്മാണം, ഗോ സംരക്ഷണം, ഹിന്ദു സമുദായത്തിന്റെ ഏകീകരണം എന്നിവയാണ് വി എച്ച് പിയുടെ പ്രധാന ലക്ഷ്യം. 1964ൽ രൂപീകരിച്ച സംഘടന നാളിതുവരെ ഹിന്ദുക്കളുടെ താല്പര്യാർത്ഥമാണ് നിലനിന്നിട്ടുള്ളത്. - വിഷ്ണു സദാശിവ കൂട്ടിച്ചേർത്തു.