തിരുവനന്തപുരം: അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവിനെ നാട്ടുകാർ തല്ലിക്കൊന്ന സംഭവം മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പൊലീസ് കൊടുത്ത വാർത്താക്കുറിപ്പ് അതേപടി ശർദ്ദിച്ചതുപോലെ. യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ച സമയം മുതൽ സോഷ്യൽ മീഡിയ അതേറ്റെടുത്തെങ്കിലും പ്രമുഖ പത്രങ്ങൾക്ക് അത് ഒന്നാം പേജിൽ കൊടുക്കാൻ യോഗ്യമായ വാർത്തയായില്ല.

ആൾക്കൂട്ട വിചാരണ ചെയ്യുന്ന മലയാളിയുടെ പൊതുബോധത്തിന്റെ ഭാഗമാണ് ഇതെന്നാണ് വിമർശനം.ആ പൊതുബോധത്തിൽ ആദിവാസി എങ്ങനെ അടയാളപ്പെടുത്തു എന്നതിന്റെ അടയാളമാണ് പത്രങ്ങൾ കൊടുത്ത തലക്കെട്ടുകളും സൂചിപ്പിക്കുന്നത്.തിന്നത് തൊണ്ടയിൽ തടഞ്ഞാണ് മരിച്ചതെന്ന് പറയാതിരുന്നാൽ മതിയായിരുന്നു എന്ന് ഒരാൾ ഫേസ്്ബുക്കിൽ കുറിക്കുന്നത് പത്രങ്ങളുടെ ഈ ബോധക്കേടിന് നേരേയുള്ള അടിയാണ്.

'നാട്ടുകാർ മർദ്ദിച്ചുപൊലീസിൽ ഏൽപിച്ച യുവാവ് മരിച്ചു.'മലയാള മനോരമ ദിനപത്രം ഇന്ന് കൊടുത്ത തലക്കെട്ടാണിത്.ഒന്നാം പേജിലൊന്നുമല്ല വാർത്ത.15 ാം പേജിൽ മൂന്ന് കോളം വാർത്ത.മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാരിൽ ചിലർ മർദ്ദിച്ച് പൊലീസിന് കൈമാറിയ യുവാവ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിച്ചുവെന്ന് ഒഴുക്കൻ മട്ടിൽ പറയുന്നു.മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കുമെന്നും വാർത്തയിൽ പറയുന്നു.

സർക്കുലേഷനിൽ രണ്ടാം സ്ഥാനത്തുള്ള മാതൃഭൂമിക്കും ഇത് പാലക്കാട് എഡിഷനിൽ പോലും ഒന്നാം പേജ് വാർത്തയായില്ല.പൊലീസ് വാഹനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം: പ്രതി മരിച്ചുവെന്ന് മാത്രമാണ് പത്രത്തിന് പറയാനുള്ളത്.ആറാം പേജിൽ മറ്റുവാർത്തകളുടെ ഇടയിൽ ഒരു ഫില്ലർ പോലെ മധു എന്ന ആദിവാസി യുവാവ് നാട്ടുകാരുടെ മർദ്ദനമേറ്റ് മരിച്ച വാർത്തയും.

മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഉച്ചത്തിൽ ശബ്ജമുയർത്തുന്ന ജമാത്തെ ഇസ്ലാമിക്കും ഇത് ഒന്നാം പേജ് വാർത്തയായില്ല. മാധ്യമം തിരുവനന്തപുരം എഡിഷനിൽ ഇത് നഗരവിശേഷത്തിലെ ഒരു ബോക്‌സ് വാർത്ത. എന്നിരുന്നാലും മനോരമയേക്കാളും, മാതൃഭൂമിയേക്കാളും മനുഷ്യപ്പറ്റ് വാർത്ത വായിക്കുന്നവർക്ക് തോന്നാമെന്ന് മാത്രം. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിചച ആദിവാസി യുവാവ് മരിച്ചുവെന്നാണ് തലക്കെട്ട്.പ്രാക്തന ഗോത്രസമൂഹമായ കുറുംബ വിഭാഗത്തിൽ പെട്ട ആളാണെന്നും ഭക്ഷണം മോ്ഷ്ടിച്ചെന്ന് പറയുന്നിടത്ത് നിന്ന് പണമോ മറ്റു സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്നും കൈയിലെ ഭക്ഷണ സാധനങ്ങൽ തീർന്ന് വിശക്കുമ്പോൾ മാത്രമാണ ്കാടിറങ്ങാറ് എന്നും വാർത്തയിൽ പറയുന്നു. വിശപ്പേറുമ്പോൾ മധു ഭക്ഷണസാധനങ്ങൾ മാത്രമാണ് എടുത്തിരുന്നതെന്ന് ഊരുവാസികൾ പറയുന്നതായും വാർത്തയിൽ സൂചിപ്പിക്കുന്നു.

കേരള കൗമുദിക്കും ഇത് ഒന്നാം പേജ് വാർത്തായില്ല.മോഷണക്കുറ്റം ആരോപിച്ച് മർദ്ദനം ആദിവാസി യുവാവ് മരിച്ചുവെന്ന ഒഴുക്കൻ വാർത്ത വാർത്ത മാത്രം.സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തിരക്കിലായ ദേശാഭിമാനിക്കും ഇത് പൊതുവാർത്തയിലെ രണ്ടുകോളം വാർത്ത മാത്രം.

മോഷ്ടാവെന്ന് കരുതി നാട്ടുകാർ പിടികൂടിയ ആദിവാസി യുവാവ് മരിച്ചു. ഈ വാർത്ത കണ്ടുപിടിക്കണമെങ്കിൽ ഭൂതക്കണ്ണാടി വച്ചുനോക്കണം.ആസിഡ് ആക്രമണത്തെ തുടർന്ന് മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അറസ്റ്റിലായ വാർത്ത ഒന്നാം പേജിൽ കൊടുത്ത ദീപികയ്ക്കും മധുവിന്റെ കൊലപാതകത്തിൽ വാർത്ത കണ്ടെത്താനായില്ല.

പത്രങ്ങൾ ഇനി മുതൽ വേണ്ടെന്ന് വയ്ക്കുക.വാർത്ത അറിയുന്നത് പത്രങ്ങളിലൂടെ അല്ലാലോ.ഇനി അറിയുന്ന വാർത്തകൾക്ക് ഒരുദിവസത്തെ പഴക്കമുണ്ടല്ലോ.സത്യത്തിന്റെ ഒരു ധർമവും ഇല്ലാത്ത പത്രങ്ങൽ നമ്മൾ ഒഴിവാക്കുക.ഇത്രയെങ്കിലും മധുവിന് വേണ്ടി നമുക്ക് ചെയ്യാനാവും എന്നാണ് പത്രങ്ങളുടെ വാർത്താവിന്യാസത്തെ കുറിച്ച് ഫേസ്‌ബുക്കിൽ വന്ന പ്രതികരണം.

പൊലീസ് വാഹനത്തിലെ ദേഹാസ്വാസ്ഥ്യം:മോഷണ കേസിലെ പ്രതി മരിച്ചു എന്ന് അച്ചു നിരത്തുന്ന പത്ര ലേഖകനും മധുവെന്ന ആദിവാസിയെ ആൾക്കൂട്ട വിചാരണ ചെയ്തു കൊന്ന മലയാളി പൊതു ബോധത്തിന്റെ ഭാഗമാണ്. ആ പൊതുബോധത്തിൽ ആദിവാസി എങ്ങനെ അടയാളപ്പെടുന്നു എന്നതിന്റെ അടയാളം തന്നെയാണ് അത്തരം തലക്കെട്ടുകൾ- മാധ്യമ പ്രവർത്തകനായ സാബ്ലു തോമസിന്റെ ഈ വാക്കുകൾ തന്നെയാണ് പത്രമുത്തശിമാരുടെ മനോഭാവം വെളിപ്പെടുത്തുന്നത്.ഇന്ന് പത്രങ്ങൾ എല്ലാം തോൽവിയായി എന്നാണ് മറ്റൊരാൾ കുറിക്കുന്നത്.