വിക്ടോറിയ: നിരവധി നാശനഷ്ടം സൃഷ്ടിച്ചുകൊണ്ട് പടരുന്ന കാട്ടുതീയിൽ ഒരാളെ കാണാതായി. അഗ്നിശമനസേനാംഗങ്ങൾ രാപകൽ പരിശ്രമിച്ചിട്ടും തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നില്ല. വിക്ടോറിയ വടക്ക് കിഴക്കൻ മേഖലകളിൽ പടർന്ന കാട്ടുതീയാണ് സർവനാശകാരിയായി ആളിക്കത്തുന്നത്. കനത്ത ചൂടും വീശിയടിക്കുന്ന കാറ്റും മൂലം രണ്ടു ദിവസമായി പലയിടങ്ങളിലുമായി 350-ലധികം കാട്ടുതീക്ക് കാരണമായിട്ടുണ്ട്.

മേസ്ഡൻ റേഞ്ചിലുള്ള ഒരു വൈനറിക്ക് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇവിടെയുള്ള സ്റ്റോക്കുകളിൽ മിക്കതും തീയിൽ അമർന്നു. പടർന്ന തീയിൽ ആരെങ്കിലും മരിച്ചതായി വിവരമൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഒരാളെ കാണാതായതായി സംശയം പറയുന്നുണ്ട്. ശക്തമായ കാറ്റു വീശിയടിക്കുന്നതാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തതെന്ന് കമ്മീഷണർ ലാപ്സ്ലി വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രിയും തീയണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 200 ഹെക്ടറിൽ പടർന്ന തീ ഒരു മണിക്കൂറിനുള്ളിൽ 2,000 ഹെക്ടറിലേക്ക് പടരുകയായിരുന്നു. അത്ര ശക്തമായാണ് കാറ്റ് വീശുന്നത്.

വാംഗറട്ടയ്ക്ക് സമീപം ബൊവേയ മേഖലയിൽ കഴിഞ്ഞ ദിവസം ഫയർ വാണിങ് നൽകിയിരുന്നു. വാർബി റേഞ്ചിനു സമീപത്ത് ബൊവേയ, കില്ലാവര കാടുകളിൽ തീ കത്താൻ തുടങ്ങിയിരുന്നു. ഈ മേഖലകളിലുള്ള തീപിടുത്തത്തിൽ ഒട്ടേറെ സ്വത്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചതായാണ് പറയപ്പെടുന്നത്. ഫയർ സർവീസിൽ നിന്നുള്ള മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അതനുസരിച്ച് സ്ഥിതിഗതികൾ നിയന്ത്രിക്കണമെന്നുമാണ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വീടിനുള്ളിൽ തന്നെ കഴിവതും കഴിയാനാണ് പറഞ്ഞിരിക്കുന്നത്. ഈ മേഖലകളിൽ 32 കാട്ടതീ കത്തിത്തുടങ്ങിയിട്ടുണ്ടെന്നാണ് ഫയർ അഥോറിറ്റി വക്താവ് അറിയിച്ചിട്ടുള്ളത്.

ഇന്ന് പൊതുവേ ശാന്തമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെന്നും അതിനാൽ തീ നിയന്ത്രണവിധേയമാക്കാൻ പരിശ്രമിക്കുന്നുണ്ടെന്നും ഫയർഫോഴ്‌സ് അറിയിക്കുന്നു. എന്നാൽ നാളെ കാലാവസ്ഥ വീണ്ടും മോശമാകാൻ ഇടയുണ്ടെന്നും ഇന്ന് തീ നിയന്ത്രിച്ചില്ലെങ്കിൽ നാളെ അപകടത്തിന്റെ തോത് വർധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.