ചെന്നൈ: തമിഴകത്ത് രാജ്ഞിയായി വിലസിയ ജയലളിത മരിക്കുകയും അവരുടെ തോഴി ശശികല ജയിലിലാകുകയും ചെയ്തതോടെ തമിഴ്‌നാട്ടിൽ ഇരുവരും ചേർന്ന് വെട്ടിപ്പിടിച്ച സാമ്രാജ്യം ഇനി സർക്കാരിലേക്ക് എത്തുന്നു. അനധികൃതമായി ഇവർ സമ്പാദിച്ചതെന്ന് കോടതി കണ്ടെത്തിയ 68 വസ്തുവകൾ സർക്കാർ ഏറ്റെടുക്കാൻ നീക്കം തുടങ്ങി.

മന്നാർഗുഡി മാഫിയയുടെ സർക്കാരിലെ പിടി നഷ്ടപ്പെട്ടതോടെയാണ് തമിഴ്‌നാട്ടിൽ ജയലളിതയുടേയും ശശികലയുടേയും അനധികൃത സമ്പാദ്യത്തിനെതിരെ ശുദ്ധീകരണത്തിന് വഴിയൊരുങ്ങിയത്. ജയലളിത, ഉറ്റസുഹൃത്ത് ശശികല, ഇളവരശി, സുധാകരൻ എന്നിവരുടെ 68 വസ്തുവകകൾ കണ്ടുകെട്ടാനാണ് നടപടി തുടങ്ങിയിട്ടുള്ളത്.

അനധികൃതമായി സമ്പാദിച്ചെന്ന് വിചാരണക്കോടതി കണ്ടെത്തിയ സ്വത്തുക്കളാണു സർക്കാർ ഏറ്റെടുക്കുന്നത്. പലയിടങ്ങളിലായുള്ള സ്വത്തുവകകൾ കണ്ടുകെട്ടുന്നതിന് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ അടക്കം ആറു ജില്ലകളിലെ കളക്ടർമാർക്ക് ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ നിർദ്ദേശം നൽകി.

സ്വത്തുക്കളുടെ ഇപ്പോഴത്തെ വിപണി, മതിപ്പുവിലകൾ കണക്കാക്കിയിട്ടില്ലെങ്കിലും കോടിക്കണക്കിനു രൂപ വരുമെന്നാണു കരുതുന്നത്. അനധികൃത സ്വത്തുകേസിൽ ബെംഗളൂരുവിലെ പ്രത്യേക കോടതി 2014 സെപ്റ്റംബറിലാണ് ജയലളിതയും ശശികലയും അടക്കം നാലു പ്രതികൾക്കും നാലുവർഷം തടവുശിക്ഷ വിധിച്ചത്.

ജയയ്ക്ക് 100 കോടി രൂപയും മറ്റുള്ളവർക്ക് 10 കോടി രൂപ വീതവും പിഴയും വിധിച്ചിരുന്നു. പിന്നീട് കർണാടക ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നെങ്കിലും സുപ്രീംകോടതി, വിചാരണക്കോടതിയുടെ വിധി ശരിവെച്ചു. ജയയുടെ മരണശേഷമായിരുന്നു സുപ്രീംകോടതി വിധി.

ജയയുടെ അവധിക്കാല വസതിയായ കൊടനാട് എസ്റ്റേറ്റ്, ചെന്നൈ പോയസ് ഗാർഡനിലെ വീട് എന്നിവ ഇതിൽ ഉൾപ്പെട്ടിട്ടില്ല. ലക്സ് പ്രോപ്പർട്ടി ഡവലപ്മെന്റിന്റെ ചെന്നൈ ടി.ടി.കെ. റോഡിലുള്ള കെട്ടിടം, നുങ്കപ്പാക്കം, നീലാങ്കര എന്നിവിടങ്ങളിലുള്ള സ്ഥലം, രാമരാജ് അഗ്രോ മിൽസിന്റെ തിരുവാരൂരിലുള്ള 30 ഏക്കർ സ്ഥലം, മെഡോ അഗ്രോ ഫാംസിന്റെ കാഞ്ചീപുരത്തുള്ള 184 ഏക്കർ, റിവർ വേ അഗ്രോവേ പ്രൊഡക്ടസിന്റെ 1,167 ഏക്കർ എന്നിവയടക്കമുള്ള സ്വത്തുവകകളാണ് കണ്ടുകെട്ടുന്നത്.

ജയ അടക്കം നാലു പേരുമായി ബന്ധപ്പെട്ട 128 വസ്തുവകകളാണ് അനധികൃത സ്വത്തുകേസിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ 68 എണ്ണം കണ്ടുകെട്ടുന്നതിനാണ്, ഇവർ കുറ്റക്കാരെന്നു കണ്ടെത്തിയ വിചാരണക്കോടതി വിധിച്ചത്.

ആറു ജില്ലകളിലുള്ള സ്വത്തുവകകളും കണ്ടെത്തി സർക്കാർ ഉടമസ്ഥതയിലുള്ളവയെന്ന ബോർഡ് സ്ഥാപിച്ചു വേർതിരിച്ചിടുന്നതിനാണു കളക്ടർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ വസ്തുവകകളിൽ പോക്കുവരവ് നടപടികൾ തടയാനും നടപടിയെടുക്കും.