മെൽബൺ: രാജ്യത്തെ പലിശ നിരക്ക് റെക്കോർഡ് താഴ്ന്ന നിലയിൽ ആണെങ്കിലും സിഡ്‌നിയിലേയും മെൽബണിലേയും പ്രോപ്പർട്ടി മാർക്കറ്റിൽ വൻ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ 18 മാസത്തിൽ രേഖപ്പെടുത്തിയ കുതിപ്പിനെ തുടർന്ന് മെൽബണിൽ പ്രോപ്പർട്ടി മാർക്കറ്റിൽ വൻ ഇടിവു രേഖപ്പെടുത്താൻ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. അപ്പാർട്ട്‌മെന്റുകളുടെ ലഭ്യതയിൽ വൻ വർധന ഉണ്ടായത് പ്രോപ്പർട്ടി വിലയിടിവിന് പ്രധാനകാരണമായെന്ന് വേക്ക്‌ലൈൻ പ്രോപ്പർട്ടി അഡൈ്വസർ ഡയറക്ടർ പോൾ ന്യൂജെന്റ് വ്യക്തമാക്കുന്നു.

അതേസമയം വലിയ അപ്പാർട്ട്‌മെന്റുകളിൽ നിക്ഷേപം നടത്തിയവർ ആകുലപ്പെടേണ്ടതായുണ്ടെന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്. നിരവധി അപ്പാർട്ട്‌മെന്റുകൾ മെൽബണിൽ ഉയർന്നതോടെ വാടകക്കാരെ കിട്ടാനും മറ്റും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണിപ്പോൾ. ഇത് വാടക നിരക്ക് താഴാനും മൊത്തത്തിൽ നെഗറ്റീവ് കാപ്പിറ്റൽ ഗ്രോത്തിനും ഇടയാക്കുമെന്നാണ് ന്യൂജെന്റ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ സിഡ്‌നിയിൽ ഇപ്പോഴും അപ്പാർട്ട്‌മെന്റുകളുടെ ലഭ്യതയിൽ കുറവാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടു തന്നെ പ്രോപ്പർട്ടി മാർക്കറ്റ് ഇപ്പോഴും അവിടെ സജീവമായി തന്നെ നിലനിൽക്കുന്നു.

അടുത്ത മൂന്നോ നാലോ വർഷത്തേക്ക് സിഡ്‌നിയിൽ പ്രോപ്പർട്ടി മാർക്കറ്റിൽ ഇടിവു സംഭവിക്കാൻ പോകുന്നില്ല. പലിശ നിരക്കിൽ വർധന ഉണ്ടാകുകയോ പ്രോപ്പർട്ടിക്ക് ഡിമാൻഡ് നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ മാത്രമാണ് സിഡ്‌നിയിൽ പ്രോപ്പർട്ടി മാർക്കറ്റിൽ ഇടിവു സംഭവിക്കുകയുള്ളൂ. സമീപഭാവിയിൽ ഇതു രണ്ടും സംഭവിക്കാൻ ഇടയില്ലാത്തതിനാൽ മെൽബണെ അപേക്ഷിച്ച് സിഡ്‌നി ഇക്കാര്യത്തിൽ സുരക്ഷിതമാണെന്നു തന്നെയാണ് ബിഐഎസ് ഷ്രാപ്‌നെൽ സീനിയർ മാനേജർ ഏഞ്ചീ സിഗ്മോണിസ് ചൂണ്ടിക്കാട്ടുന്നത്.