ന്യൂഡൽഹി: ലോട്ടറിക്ക് ഏർപ്പെടുത്തിയിരിക്കുന്ന നികുതി 28 ശതമാനമായി ഉയർത്തണമെന്ന നിർദ്ദേശവും, പ്രത്യേക ദുരന്ത നിവാരണ സെസിന് എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണ കിട്ടാത്തതും ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേരളത്തിന് തിരിച്ചടിയായി. ഇപ്പോൾ കേരള സർക്കാർ നടത്തുന്ന ലോട്ടറിക്ക് 12 ശതമാനമാണ് നികുതി. അത് 28 ശതമാനമാക്കി ഉയർത്തണമെന്ന നിർദ്ദേശം ഉയർന്നുവന്നിട്ടുണ്ട്. അത് പറ്റില്ലെന്ന ശക്തമായ നിലപാടാണ് കേരളം സ്വീകരിച്ചതെങ്കിലും അത് അജണ്ടയിൽ തുടരുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ലോട്ടറിയുടെ കാര്യത്തിൽ പൊടുന്നനെ ഇങ്ങനെ ഒരു നിർദ്ദേശം ഉയർന്നുവന്നത് എന്തുകൊണ്ടെന്ന് അറിയില്ല. ഈ വിഷയത്തിൽ ലോട്ടറി നടത്തുന്ന മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളുമായി ചർച്ച നടത്തും.

പ്രളയക്കെടുതി നേരിടാൻ സെസിന്റെ കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം ഉപസമിതി രേഖപ്പെടുത്തിയെങ്കിലും തീരുമാനമായില്ല. അടുത്ത ജിഎസ്ടി കൗൺസിലിന് മുമ്പ് ഉപസമിതി ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. തീരുമാനം കേരളത്തിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുകൂല തീരുമാനം വന്നാലും ചെറിയ തോതിലായിരിക്കും പ്രളയ സെസ് ഏർപ്പെടുത്തുക. .25 ശതമാനമോ മറ്റോ ആയിരിക്കും പ്രളയ സെസെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഇതിനായി നിയമത്തിൽ മാറ്റമൊന്നും വരുത്തേണ്ടതില്ല. ജിഎസ്ടി കൗൺസിലിന് ഇക്കാര്യം തീരുമാനിക്കാവുന്നതാണ്. കേരളം ജിഎസ്ടി തുടങ്ങിയ നാൾ മുതൽ ആവശ്യപ്പെട്ടിരുന്നതാണ് സംസ്ഥാനങ്ങൾക്ക് ഫ്‌ളെക്‌സിബിലിറ്റി വേണമെന്നുള്ളത്. അതുകൊണ്ട് തന്നെ അതുപ്രായോഗികമായ കാര്യമാണ്.

പ്രകൃതി ദുരന്തം നേരിടുന്ന സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയർത്തുന്ന കാര്യത്തിൽ ധനമന്ത്രിമാർ പൊതുവെ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇത് ജിഎസ്ടി കൗൺസിലിന്റെ പരിധിയിൽ വരുന്നതല്ല. സേവന നികുതിക്ക് ഇപ്പോൾ കോംപ്പോസിഷനില്ല. എല്ലാവരും 18 ഓ 12 വച്ച് നൽകുകയാണ്. അതിന് പകരം ഉൽപ്പന്നങ്ങളുടെ കാര്യത്തിലെന്ന പോലെ പരിധിക്കുള്ളിൽ നിന്ന് കോംപോസിഷൻ അഞ്ചു ശതമാനമോ, പത്തുശതമാനമോ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ഗൗരവമേറിയ ചർച്ച നടന്നു. അത് തത്വത്തിൽ അംഗീകരിച്ചു. എന്നാൽ, എത്രയായിരിക്കണം നികുതി നിരക്ക്, പരിധി എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് തോമസ് ഐസക്ക് അറിയിച്ചു.

മൊത്തം 6000 കോടിയുടെ നികുതിയിളവ് ഇന്നത്തെ തീരുമാനത്തിന്റെ ഫലമായി ഉണ്ടായിട്ടുണ്ട്. ഇതുവരെയും ചെരുപ്പുകൾക്ക് അതിന്റെ പുറത്ത് അച്ചടിച്ച വിലയാണ് ഈടാക്കിയിരുന്നത്. ഇനി മേൽ ബിൽ എഴുതുന്ന തുകയുടെ അടിസ്ഥാനത്തിലായിരിക്കും വില ഈടാക്കുക. വീഡിയോ ക്യാമറ, ഡിജിറ്റൽ ക്യാമറകൾ, അതിന് 28 ശതമാനത്തിൽ നിന്ന് നികുതി കുറച്ചിട്ടുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട് വരുന്ന ഓട്ടോ പാർട്‌സിന് നികുതി കുറഞ്ഞിട്ടുണ്ട്.

ഹജ്ജ് യാത്രയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന നികുതിയിൽ ഇളവ് വേണമെന്ന് കേരളം നിർദ്ദേശിച്ചിരുന്നു. ഇത് യോഗത്തിൽ അംഗീകരിക്കപ്പെട്ടു. ഹജ്ജ് യാത്രയ്ക്ക് പുറപ്പെടുന്ന വിമാനങ്ങളെ ചാർട്ടേഡ് പട്ടികയിൽ നിന്ന് ഒഴിവാക്കി സാധാരണ യാത്രാവിമാനങ്ങളെന്ന് പരിഗണിക്കാനാണ് യോഗത്തിൽ തീരുമാനമായത് അതിനാൽ ഇനിമുതൽ വിമാനടിക്കറ്റ് നിരക്കിൽ സാധാരണ ഏർപ്പെടുത്തുന്ന അഞ്ച് ശതമാനമാകും ഈടാക്കുക. നേരത്തെ ഹജ്ജ് യാത്രയ്ക്ക് 28 ശതമാനമായിരുന്നു നികുതി നിരക്ക്. സിമന്റിന്റെ കാര്യത്തിൽ വലിയ റവന്യു നഷ്ടമുണ്ടാകുമെന്നതുകൊണ്ട് തൽക്കാലം നികുതി നിരക്കിൽ മാറ്റമില്ല. റീട്രേഡ് ചെയ്ത ടയറിന് നികുതി കുറച്ചിട്ടുണ്ട്.

ജിഎസ്ടി നികുതി കുറയ്ക്കുന്നത് കൃത്യമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ യുക്തിസഹമായിരിക്കണമെന്നും അത് ലേലം വിളി പോലെ ചരക്കുകളുടെ നികുതി കുറയ്ക്കാൻ സാധിക്കില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. അങ്ങനെയൊരു പരിശോധന വേണമെന്ന കർശന നിലപാട് കേരളം സ്വീകരിച്ചു. അതിൽ രാഷ്ട്രീയമൊന്നുമില്ല. തുടക്കം മുതൽ സ്വീകരിക്കുന്ന നിലപാടാണെന്നും ഐസക്ക് പറഞ്ഞു.

സംസ്്ഥാനത്തിന്റെ നികുതി വരുമാനം എടുത്തുനോക്കുമ്പോൾ കഴിഞ്ഞ മാർച്ച് വരെ ജിഎസ്ടി വർദ്ധിച്ചുവരികയായിരുന്നു. എന്നാല് നികുതി നിരക്കുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി നടപടികൾ സ്വീകരിച്ചുകഴിഞ്ഞപ്പോൾ, നികുതി വരുമാനം കുറയുന്ന പ്രവണതയാണ് കാണിച്ചത്. കേന്ദ്ര സർക്കാർ ബജറ്റിൽ വകയിരുത്തിയതിനേക്കാൾ കുറവ് ജിഎസ്ടിയിൽ ഉണ്ടായിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും ഇക്കാര്യത്തിൽ ആശങ്കയുണ്ട്. രണ്ടുവർഷം കഴിയുമ്പോൾ നഷ്ടപരിഹാരം ഇല്ലാതാകുമ്പോൾ അവരുടെ നികുതി വരുമാനത്തിൽ കുറവുണ്ടാകുമെന്ന്. അതിന്റെ വേവലാതി ഇന്നത്തെ യോഗത്തിൽ വളരെ പ്രകടമായിരുന്നുവെന്ന് ഐസ്‌ക്ക് പറഞ്ഞു.

ജിഎസ്ടി നികുതി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി പറയുന്നതിൽ തെറ്റില്ലെങ്കിലും ഇക്കാര്യത്തിൽ തീരുമാനം ജിഎസ്ടി കൗൺസിലിലെ 12 മന്ത്രിമാരാണ്. എന്നാൽ, അങ്ങനെ പറയുമ്പോൾ മദ്യത്തിന്റെ നികുതി കുറയ്ക്കുമെന്ന് പറയുന്നതെങ്ങനെയാണ? അത് സംസ്ഥാനത്തിന്റെ നികുതിയാണ്. തിരഞ്ഞെടുപ്പ് വരുന്നുവെന്ന് കണ്ട് കടുംവെട്ട് നടത്തും പോലെ നികുതി കുറച്ചാൽ എങ്ങനെ ഭരണം നടത്തുമെന്ന് തോമസ് ഐസക്ക് ചോദിച്ചു. പ്രായോഗികമായി നടത്താൻ പറ്റാത്ത കാര്യമാണ് പ്രഖ്യാപിക്കുന്നത്. 28 ശതമാനം വേണ്ടെന്ന് വച്ചാൽ എങ്ങനെയാണ് ഭരണം നടത്താൻ കഴിയുക? കേന്ദ്ര സർക്കാർ ആദായനികുതിയോ കോർപറേറ്റ് നികുതിയോ വേണ്ടെന്ന് വയ്ക്കുമോ? അതൊക്കെ പരിശോധന നടത്തിയിട്ടല്ലേ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടത്.