കുവൈത്ത് സിറ്റി: കുവൈത്തിൽ പരിസ്ഥിതി നിയമലംഘകർക്ക് ഇന്ന് മുതൽ കടുത്ത ശിക്ഷ.ഏറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം രാജ്യത്ത് പുതിയ പരിസ്ഥിതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽവരുന്നതോടെയാണ് പുിതിയ ശിക്ഷകളും നടപ്പിൽ വരുന്നത്.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമമാണ് പ്രാബല്യത്തിലാകുന്നത്.മാലിന്യം അലക്ഷ്യമായി എറിയുന്നവർക്ക് 500 ദിനാറും, പൊതുസ്ഥലത്ത് പുക വലിച്ചാൽ 100 ദിനാറുമാണ് പിഴ. ആണവമാലിന്യം ഇറക്കുമതി ചെയ്യൽ, സൂക്ഷിക്കൽ എന്നിവക്ക് 10 ലക്ഷം ദിനാറോ, വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും

കരയിലെയും കടലിലെയും പ്രകൃതി സംരക്ഷിത ജീവികളെ കൊല്ലുന്നവർക്ക് 500 ദീനാർ പിഴ അല്ലെങ്കിൽ ഒരു വർഷം കഠിന തടവ്, പൂക്കൾ പറിക്കുകയോ മരങ്ങൾ മുറിക്കുകയോ ചെയ്യുന്നവർക്ക് 250 ദീനാർ പിഴ,  എന്നീ ശിക്ഷകളും പുതിയ നിയമത്തിൽ അനുശാസിക്കുന്നുണ്ട്.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയോടെ പാസാക്കിയ നിയമമാണ് ഇന്ന് മുതൽ
പ്രാബല്യത്തിലാകുന്നത്. നിയമങ്ങൾ ലംഘിക്കുന്നവരെ നിരീക്ഷിക്കാനും പിടികൂടാനും പ്രത്യേക പരിസ്ഥിതി പൊലീസ് വിഭാഗത്തെ നിയോഗിക്കാനും തീരുമാനമുണ്ട്.

റോഡിൽ നിക്ഷേപിക്കുന്ന മാലിന്യത്തിന്റെ അളവ് എത്ര ചെറുതായാലും വലുതായാലും ശിക്ഷക്ക് കാരണമാകും.പൂപറിക്കുക, ചെടിയോ മരമോ നശിപ്പിക്കുക, ശബ്ദ മലിനീകരണം സൃഷ്ടിക്കുക, പരിസ്ഥിതി വകുപ്പിന്റെ അനുവാദമില്ലാതെ രാസ വസ്തുക്കൾ നിർമ്മിക്കുകയോ
കൈകാര്യം ചെയ്യുകയോ ചെയ്യുക, കടലിൽ മാലിന്യം നിക്ഷേിപ്പിക്കുക തുടങ്ങി പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന കാര്യങ്ങളിലേർപ്പെടുന്നവർക്ക് കടുത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.  റോഡിലേക്ക് നിസാരമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളും കാലിയായ ശീതളപാനീയ ബോട്ടിലുകളും അടക്കം കുറ്റങ്ങൾ ചെയ്താൽ 500 ദീനാർ പിഴ ഒടുക്കേണ്ടി വരും.