- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ ആദ്യം സുരക്ഷിതരാക്കേണ്ടത് സ്വന്തം വീടുകളിൽ; ലൈംഗികമായി പീഡിപ്പിക്കുന്നവരിൽ 90 ശതമാനവും അടുത്ത ബന്ധുക്കളെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട്; കുട്ടികളെ പരിചയക്കാരുടെ വീട്ടിലോ ഒറ്റയ്ക്ക് നിർത്തിയിട്ട് പോകുന്ന സാഹചര്യങ്ങൾ മുതലെടുപ്പിന് വഴിയൊരുക്കുന്നു; വില്ലന്മാരാകുന്നത് അശ്ലീല വീഡിയോകളും മദ്യവും മയക്കുമരുന്നും
തിരുവനന്തപുരം: കേരളത്തെ നാണം കെടുത്തും വിധമാണ് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരുന്നത്. മുത്തശ്ശന്മാരാൽ പീഡിപ്പിക്കപ്പെടുന്ന പേരക്കുട്ടികളാണ് ഇന്ന് മലയാളികളെ അപമാനഭാരത്താൽ തലതാഴ്‌ത്താൻ ഇടയാക്കുന്നത്. ആൺകുട്ടികളെന്നോ പെൺകുട്ടികളെന്നോ വ്യത്യാസമില്ലാതെ കുട്ടികൾ അതിക്രൂരമായാണ് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്. നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ഇത്തരം സംഭവങ്ങളെ കുറിച്ച് പരിശോധിക്കുമ്പോൾ വില്ലന്മാരാകുന്നത് കുട്ടികളുമായി അടുത്ത ബന്ധമുള്ളവർ തന്നെയാണ് എന്നാണ് ബോധ്യമാകുന്നത്. ഇതോടെ ആദ്യം കുട്ടികളെ സംരക്ഷിക്കേണ്ടത് സ്വന്തം വീടുകളിൽ ആണെന്ന ബോധ്യവും ഉണ്ടാകുന്നു. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക പീഡനങ്ങൾ ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗം രംഗത്തെത്തി. ഇവർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ശരിക്കും മലയാളികളെ ഞെട്ടിക്കുന്നതാണ്. ശാരീരികമായും മാനസികമായും കുട്ടികളെ തകർത്തുകളയുന്ന ഇത്തരം സംഭവങ്ങളിൽ നിന്നും
തിരുവനന്തപുരം: കേരളത്തെ നാണം കെടുത്തും വിധമാണ് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരുന്നത്. മുത്തശ്ശന്മാരാൽ പീഡിപ്പിക്കപ്പെടുന്ന പേരക്കുട്ടികളാണ് ഇന്ന് മലയാളികളെ അപമാനഭാരത്താൽ തലതാഴ്‌ത്താൻ ഇടയാക്കുന്നത്. ആൺകുട്ടികളെന്നോ പെൺകുട്ടികളെന്നോ വ്യത്യാസമില്ലാതെ കുട്ടികൾ അതിക്രൂരമായാണ് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്. നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ഇത്തരം സംഭവങ്ങളെ കുറിച്ച് പരിശോധിക്കുമ്പോൾ വില്ലന്മാരാകുന്നത് കുട്ടികളുമായി അടുത്ത ബന്ധമുള്ളവർ തന്നെയാണ് എന്നാണ് ബോധ്യമാകുന്നത്. ഇതോടെ ആദ്യം കുട്ടികളെ സംരക്ഷിക്കേണ്ടത് സ്വന്തം വീടുകളിൽ ആണെന്ന ബോധ്യവും ഉണ്ടാകുന്നു.
കുട്ടികൾക്ക് നേരെയുള്ള ലൈംഗിക പീഡനങ്ങൾ ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗം രംഗത്തെത്തി. ഇവർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ശരിക്കും മലയാളികളെ ഞെട്ടിക്കുന്നതാണ്. ശാരീരികമായും മാനസികമായും കുട്ടികളെ തകർത്തുകളയുന്ന ഇത്തരം സംഭവങ്ങളിൽ നിന്നും അവരെ രക്ഷിച്ചെടുക്കാൻ മാതാപിതാക്കൾക്ക് കഴിയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതും. മുൻകരുതൽ തന്നെയാണ് ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള പോംവഴിയായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, പുറത്തുരുന്ന കണക്കുകൾ ആരെയും ഞെട്ടിക്കുന്നതാണ് താനും.
ഞെട്ടിക്കുന്ന കണക്കുകൾ
കുട്ടികൾ അത് ആണായിരുന്നാലും പെണ്ണായിരുന്നാലും ശരി, അവർ സ്വന്തം കുടുംബത്തിൽ പോലും സുരക്ഷിതരല്ലെന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരിൽ 90 ശതമാനവും അടുത്തറിയാവുന്നവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ 60 ശതമാനം പേരും പ്രായമുള്ളവരോ, സഹോദരങ്ങളോ, പിതാക്കന്മാരോ അടുത്ത രക്ത ബന്ധത്തിൽപ്പെട്ട മറ്റുള്ളവരോ ആണ്. ബാക്കി 30 ശതമാനം പേരും അങ്കിൾ, കൊച്ചിച്ചൻ തുടങ്ങിയ മറ്റ് ബന്ധുക്കളോ പരിചിതരായ സുഹൃത്തുക്കളോ ആകാം. എന്നാൽ അപരിചിതരായവർ കുട്ടികളെ ആക്രമിക്കുന്നത് വെറും 10 ശതമാനം മാത്രമാണ്. പരിചിതരായവരെയാണ് ഏറ്റവുമധികം സൂക്ഷിക്കേണ്ടതെന്ന് സാരം.
എന്താണിതിന് കാരണം?
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അഞ്ചിൽ ഒരാൾക്ക് മാനസിക രോഗവും വ്യക്തിത്വ വൈകല്യവും ഉണ്ടെന്നാണ് വിലയിരുത്തുന്നത്. അതായത് മറ്റൊരു അസുഖവുമില്ലാത്ത പകൽ മാന്യരാണെങ്കിലും ഇത്തരം വൈകല്യമുള്ളവർ ഓരോ കുടുംബത്തിലും ഉണ്ടെന്നത് വ്യക്തം. സാഹചര്യങ്ങളാണ് ഓരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന മൃഗീയ വാസനയെ ഉണർത്തുന്നത്. ഇപ്പോൾ എല്ലാവർക്കും സ്മാർട്ട് ഫോണുകളുണ്ട്. അശ്ലീല വീഡിയോകൾ മാതാപിതാക്കൾ ഉൾപ്പെടെ കാണുകയും അത് ഫോണിൽ സേവ് ചെയ്യുകയും ചെയ്യുന്നു. ഇത് ചിലപ്പോഴെങ്കിലും കുട്ടികൾ കാണാവുന്ന സാഹചര്യവുമുണ്ടാകുന്നു. മാത്രമല്ല മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗം മനുഷ്യനെ മറ്റൊരു ഉന്മാദ ലോകത്തെത്തിക്കും. കുട്ടികളെ വീട്ടിലോ പരിചയക്കാരുടെ വീട്ടിലോ ഒറ്റയ്ക്ക് നിർത്തിയിട്ട് പോകുന്ന സാഹചര്യങ്ങളാണ് പലപ്പോഴും ഇവർ മുതലെടുക്കുന്നത്. കുട്ടിയോട് ബന്ധുക്കൾക്ക് ചെറുതായി തോന്നുന്ന വാസനയാണ് പിന്നീട് തരം കിട്ടുമ്പോഴുള്ള ക്രൂരമായ ലൈംഗിക പീഡനമായി മാറുന്നത്.
കുട്ടികളിലുണ്ടാകുന്ന പ്രശ്നങ്ങൾ
ഇത്തരം പീഡനങ്ങളിലൂടെ കുട്ടികൾക്ക് ഹ്രസ്വവും ദീർഘവുമായ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഏറ്റവും അടുത്തയാളാണ് പീഡിപ്പിച്ചതെന്ന വസ്തുത ആ കുട്ടിക്ക് ലോകത്തോടുള്ള വിശ്വാസം പോലും നഷ്ടപ്പെടുത്തും. ഉത്കണ്ഠാ രോഗവും വിഷാദ രോഗവും ഉണ്ടാക്കും. ആ ആഘാതം തലച്ചോറിന്റെ സ്ട്രെസ് ഹോർമോണിന്റെ അളവ് കൂട്ടുന്നു. ഓർമ്മ, വിശകലന പാഠവം, ബുദ്ധി എന്നിവയെ കാര്യമായി ബാധിക്കുന്നു. ഇതെല്ലാം പഠനവൈകല്യത്തിലേക്കും മനോ രോഗത്തിലേക്കും കുട്ടിയെ എത്തിക്കും. ഇത്തരക്കാർക്ക് വിവാഹബന്ധം വളരെ കയ്‌പ്പേറിയ അനുഭവമായി മാറും. അപ്പോഴെല്ലാം വില്ലനായി പഴയകാര്യം തലച്ചോറിലെത്തുന്നു. പങ്കാളിയെ തൃപ്തിപ്പെടുത്താനോ സന്തോഷിപ്പിക്കാനോ കഴിയാതെ വരുന്നു.
എങ്ങനെ നമ്മുടെ കുട്ടികളെ സംരക്ഷിക്കാം?
കുട്ടികളിലും കുടുംബത്തിലും അവബോധം ഉണ്ടാക്കുകയാണ് ഇതിനുള്ള ഏറ്റവും നല്ല പോംവഴിയെന്ന് പ്രശസ്ത മാനസികാരോഗ്യ ഡോക്ടറും മെഡിക്കൽ കോളേജ് ആർ.എം.ഒ.യുമായ ഡോ. മോഹൻ റോയി പറയുന്നു. മൂന്ന്-നാല് വയസുള്ള കുട്ടികളെ ഒരു പാവയെ കാണിച്ച് ഒരു കഥപോലെ ഇത് പറഞ്ഞ് മനസിലാക്കാവുന്നതാണ്. ആ പാവയ്ക്ക് ആ കുട്ടിയുടെ പേരുതന്നെ ഇടാം. 'ലക്ഷ്മിക്കുട്ടിക്ക് ഡ്രസ്സ് ഇട്ടിട്ടുള്ള ഭാഗങ്ങളിൽ അമ്മയൊഴികെ മറ്റുള്ളവർ തൊടുന്നത് ഇഷ്ടമില്ല. അങ്ങനെ ആരെങ്കിലും ചെയ്താൽ മറ്റുള്ളവരെ ഈ പാവ വിവരമറിയിക്കും. ചിലപ്പോൾ അയാൾ ഭീഷണിപ്പെടുത്തും. അമ്മയേയും അച്ഛനേയും കൊന്നു കളയും. പൊലീസിൽ പിടിപ്പിക്കും എന്നൊക്കെ... എത്ര ഉന്നതനായാലും എത്ര ഭീഷണി മുഴക്കിയാലും ഇത് ലക്ഷ്മിക്കുട്ടി മറ്റുള്ളവരോട് പറഞ്ഞിരിക്കും. അത്ര നല്ലവളാണ് ലക്ഷ്മിക്കുട്ടി'. ഈ കഥ ജീവിതത്തിലൊരിക്കലും ആ കുട്ടി മറക്കില്ലെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. അൽപം മുതിർന്ന കുട്ടികൾക്ക് മാതാപിതാക്കൾ കൂടുതൽ അവബോധം നൽകേണ്ടതാണ്.
കുട്ടികൾ ഇത്തരമെന്തെങ്കിലും അനുഭവം പറഞ്ഞാൽ അവരെ വഴക്ക് പറഞ്ഞ് നമ്മുടെ അങ്കിളല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയരുത്. എത്ര ഉന്നതനാണെങ്കിലും പൊലീസിൽ പരാതി നൽകണം.
ദുർബലരായ കുട്ടികളെ പീഡിപ്പിക്കുക എന്നത് തലച്ചോറിന്റെ ഒരു പ്രശ്നമാണെങ്കിലും അതിനുള്ള സാഹചര്യം രക്ഷകർത്താക്കൾ തീർച്ചയായും ഒഴിവാക്കേണ്ടതാണ്. എവിടെയായിരുന്നാലും അലക്ഷ്യമായ വസ്ത്രങ്ങൾ കുട്ടികളെ ധരിപ്പിക്കരുത്. കല്യാണത്തിനോ മറ്റോ പോകുമ്പോഴും അവരെ ഒരിക്കലും ഒറ്റയ്ക്ക് നിർത്തരുത്. എപ്പോഴും ഒരു കണ്ണുണ്ടാകണം. മാതാപിതാക്കളാണ് മാതൃകയാവേണ്ടത്. കമ്പ്യൂട്ടറും ടിവിയുമെല്ലാം പൊതു സ്ഥലത്ത് വയ്ക്കണം. ഭയത്തോടെ മാറി നിൽക്കുന്നവരോട് കുട്ടിയെ അടുപ്പിക്കാൻ ശ്രമിക്കരുത്. മറ്റുള്ളവരുടെ മടിയിൽ കയറ്റി ഇരുത്തരുത്. സ്നേഹത്തോടെയുള്ള പരിചരണം അവർക്ക് നൽകണം. മറ്റുള്ളവർ ഉപദ്രവിച്ചാൽ ആ കുട്ടിയെ തല്ലുമെന്നുള്ള ഭീതി വരുത്തരുത്. എല്ലാം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഒരുക്കണം.
പീഡനം നടന്നു എന്ന് ബോധ്യമായാൽ?
കുട്ടികളെ ശ്രദ്ധിച്ചാൽ തന്നെ ഇക്കാര്യം മാതാപിതാക്കൾക്ക് അറിയാൻ സാധിക്കും. ചെറിയ കുട്ടികളാണെങ്കിൽ അവരുടെ ശരീരത്തിൽ എന്തെങ്കിലും പാടുകൾ കണ്ടാൽ അത് ചോദിച്ച് മനസിലാക്കണം. ചെറിയ കുട്ടികൾ പ്രായത്തിൽ കവിഞ്ഞ ലൈംഗിക ചേഷ്ടകൾ കാണിക്കുന്നെങ്കിൽ അത് വ്യക്തമായ സൂചനയാണ്. അൽപം മുതിർന്നാൽ അവരുടെ പെരുമാറ്റം, അസാധാരണമായ ഒതുങ്ങിക്കൂടൽ, ഒറ്റയ്ക്കിരിക്കൽ, പഠനത്തിനോടും ഭക്ഷണത്തോടും താത്പര്യമില്ലായ്മ, അകാരണമായ ഞെട്ടൽ, ദേഷ്യം, തർക്കം, ചില വ്യക്തികളെപ്പറ്റി പറയുമ്പോൾ അകാരണമായി ദേഷ്യപ്പെടുക എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.
കുടംബത്തിന്റെ നാണക്കേട്, സ്നേഹിച്ചവർ തന്നെ ചതിച്ചുവെന്ന തോന്നൽ ഇവയൊക്കെ മാതാപിതാക്കളെ മാനസികമായി തകർക്കുമെങ്കിലും കുട്ടിക്ക് ആവശ്യമായ മനോബലം നൽകേണ്ടത് പരമ പ്രധാനമാണ്. പുറമേ അധികം പരുക്കുകളില്ലെങ്കിലും ഉടനടി വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ശാരീരികമായ ചികിത്സയോടൊപ്പം മാനസിക ചികിത്സയും വളരെ പ്രധാനമാണ്. ഉറപ്പായും കുട്ടിയെ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ കൗൺസിലിംഗിന് വിധേയമാക്കണം. ഭാവിയിലുണ്ടായേക്കാവുന്ന എല്ലാ മാനസിക പ്രശ്നങ്ങൾക്കും പരിഹാരം കാണാനും 100 ശതമാനം ചികിത്സിച്ച് ഭേദമാക്കാനും ഇതിലൂടെ സാധിക്കുന്നു.
പൊലീസിനെ അറിയിച്ചില്ലെങ്കിൽ?
പോക്സോ നിയമ പ്രകാരം കുട്ടികളോടുള്ള അതിക്രമം മറച്ച് വച്ചാൽ അവർ തന്നെ കുടുങ്ങും. ഇത്തരം വൈകല്യമുള്ളവരെ പിടികൂടിയില്ലെങ്കിൽ അവർക്കിതൊരു വളമാകും എന്നത് ഏറ്റവും പ്രധാനമാണ്. അവർ ഇതേ തന്ത്രമുപയോഗിച്ച് ആ കുട്ടിയേയും മറ്റ് പലരേയും പീഡിപ്പിക്കാം. അഞ്ചിലൊന്ന് മാനസിക വൈകല്യമുള്ള ഈ നാട്ടിൽ അവർക്കുള്ള ഏറ്റവും നല്ല മരുന്നാണ് നിയമ നടപടി. 10 പേർ ശിക്ഷിക്കപ്പെട്ടാൽ തന്നെ 10,000 പേർ അടങ്ങും.
ഇവർക്ക് മാതൃകാപരമായി ശിക്ഷ ഉറപ്പ് വരുത്തിയില്ലെങ്കിൽ ഇരതന്നെ ഭാവിയിൽ വേട്ടക്കാരനായി മാറും. സംഘർഷം നിറഞ്ഞ കൗമാരം അവരെ കുറ്റവാളികളാക്കും. ഭാവിയിലത് സമൂഹത്തിനും അത് മറച്ചുപിടിച്ച മാതാപിതാക്കൾക്കും തന്നെ ദോഷകരമായി ഭവിക്കും. അതിനാൽ കുട്ടികൾ നമ്മുടേതാണ്. അവരെ ബോധവാന്മാരാക്കി പരമാവധി സംരക്ഷിക്കുക. ഇനി പറ്റിപ്പോയാൽ തളരാതെ അവർക്ക് വേണ്ട ശാരീരികവും മാനസികവുമായ ചികിത്സകളും നിയമസഹായവും നൽകുക. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇത്തരം കുട്ടികളുടെ ചികിത്സയ്ക്കായി പ്രത്യേക പ്രാധാന്യം നൽകി വരുന്നു. അവർ നാളെയുടെ പൗരന്മാരായി സന്തോഷത്തോടെ വളരട്ടെ.