തിരുവനന്തപുരം: പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ തൊഴിൽ - വിസാ രേഖകൾ ഉപയോഗിച്ച് മനുഷ്യക്കടത്ത് നടത്തിയെന്ന കേസിൽ 22 പ്രതികൾക്കെതിരെ കുറ്റം ചുമത്താൻ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു.പ്രതികളെ വിചാരണ ചെയ്യാൻ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന് നിരീക്ഷിച്ച കോടതി പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ തള്ളി. കുറ്റം ചുമത്തലിനായി ഡിസംബർ 29 ന് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ ജഡ്ജി ജെ.നാസർ സിബിഐക്ക് നിർദ്ദേശം നൽകി.

തൊഴിലില്ലായ്മ രൂക്ഷമായി നേരിടുന്ന സംസ്ഥാനത്ത്, തൊഴിലന്വേഷകരെ ചൂഷണം ചെയ്ത് ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച് വ്യാജ തൊഴിൽ - വിസാ രേഖകൾ ചമച്ച് ഗൾഫ് രാജ്യങ്ങളിൽ അയച്ച് , പണം തട്ടിച്ചെടുത്തതായുള്ള വായ് മൊഴി തെളിവുകളും പ്രാമാണിക തെളിവുകളും സിബിഐ ഹാജരാക്കിയിട്ടുണ്ടെന്ന് വിടുതൽ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഉള്ള കേസുകളിൽ വിചാരണ കൂടാതെ പ്രതികളെ വിട്ടയക്കുന്നത് നീതിയുടെ താൽപര്യത്തിന് എതിരാകും.

ഉദ്യോഗാർത്ഥികളെ വഞ്ചിച്ചതായി സാമ്പത്തിക കുറ്റാരോപണമുള്ള തൊഴിൽ - വി സാ തട്ടിപ്പ് കേസിൽ വിചാരണ കൂടാതെ പ്രതികളെ കുറ്റ വിമുക്തരാക്കുന്നത് ലക്ഷക്കണക്കിന് രൂപ അന്യായമായി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്കെതിരായ നീതി നിഷേധമാകുമെന്നും കോടതി വ്യക്തമാക്കി. വഞ്ചനയിലൂടെ പണം സ്വരൂപിച്ച് പ്രതികൾ അന്യായ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും തുല്യ തുകയ്ക്കുള്ള അന്യായ സാമ്പത്തിക നഷ്ടം ഉദ്യോഗാർത്ഥികൾക്ക് സംഭവിച്ചതിനും വ്യക്തമായ തെളിവുകൾ ഉള്ളതായും വിടുതൽ ഹർജി തള്ളിക്കൊണ്ട് കുറ്റം ചുമത്താനുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് (വിദേശ കുടിയേറ്റക്കാരുടെ സംരക്ഷകൻ) പി.വി.സൂര്യ റാവു, ന്യൂ ഡെൽഹിയിലെ പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സ് ഇന്ദർ സെയ്ൻ ശർമ്മ (മരണപ്പട്ടു), തിരുവനന്തപുരം എമിഗ്രന്റ്‌സ് ഓഫീസ് ജീവനക്കാരായ എ.ഗണേശൻ, വി.കെ.ശശിധരൻ, ന്യൂ ഡെൽഹിയിലെ എമിഗ്രന്റ്‌സ് ഓഫീസ് ജീവനക്കാരൻ മനോജ് കുമാർ സിങ്, റിക്രൂട്ടിങ് ഏജൻസി സ്ഥാപനമായ റിസ്ഫാ ഹോളിഡേസ് ആൻഡ് ട്രാവൽസ് സ്ഥാപന ഉടമ എം.മഷൂഖ് റഹ്മാൻ, വിവിധ റിക്രൂട്ടിങ് ഏജൻസി സ്ഥാപന ഉടമകളായ ജേസു അമൃതം, എ.എൽ.രാജീവ്, മുഹമ്മദ് റാഫി, എ.സലാഹുദീൻ, വിവേകാനന്ദൻ ബാലകൃഷ്ണൻ, കെ.ഇ.മുഹമ്മദ് ജലീൽ, മുരളീധരൻ, എ .അനിൽകുമാർ, സന്തോഷ് കുമാർ, അബൂബക്കർ ,പി.മുഹമ്മദ് അഷ്‌റഫ് ,വി.ബാൻസി കുമാർ, വിവിധ ട്രാവൽ ഏജൻസി നടത്തിപ്പുകാരായ എൻ.ജയകുമാർ, സാജിദ് അഹമ്മദ്, എം.എം.സലിം ,ഷാജി. എം. മാത്യു , എം.പീരു മുഹമ്മദ് എന്നിവരാണ് കേസിലെ 1 മുതൽ 23 വരെയുള്ള പ്രതികൾ.രണ്ടാം പ്രതി മരണപ്പെട്ടതിനാൽ കോടതി കേസിൽ നിന്നൊഴിവാക്കി.

2006 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേന്ദ്ര സർക്കാർ ഉദ്യാഗസ്ഥരായ 1 മുതൽ 5 വരെയുള്ള പ്രതികൾ , റിക്രൂട്ടിങ് - ട്രാവൽ ഏജൻസികളായ 6 മുതൽ 23 വരെയുള്ള പ്രതികളുമായി ഗൂഢാലോചന നടത്തി പരസ്യത്തിലൂടെ തൊഴിലന്വേഷകരെ ആകർഷിച്ച് ഉദ്യോഗാർത്ഥികളെ പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കിയ ശേഷം വ്യാജ തൊഴിൽ - വിസാ രേഖകൾ നിർമ്മിച്ച് അവ അസ്സൽ രേഖകൾ പോലെ ഉപയോഗിച്ച് ഉദ്യോഗാർത്ഥികളെ ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും അവിടെച്ചെന്ന ഉദ്യാഗാർത്ഥികൾ വാഗ്ദാനം ചെയ്ത തൊഴിലോ ശമ്പളമോ ലഭിക്കാതെ വഞ്ചിക്കപ്പെട്ടുവെന്നുമാണ് കേസ്.

2009 ജനുവരി 1 നാണ് അന്വേഷണം പൂർത്തിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചത്.അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 13 (1) (എ), (ഡി ),13 (2) ( സർക്കാർ ഉദ്യോഗസ്ഥർ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യാതൊരു പൊതുതാൽപര്യവും കൂടാതെ സ്വന്തമായും മറ്റുള്ളവർക്കും വിലപ്പെട്ട കാര്യസാദ്ധ്യം, അന്യായ സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുക്കൽ ), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി (കുറ്റകരമായ ഗൂഢാലോചന ),420 ( വഞ്ചന),468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം ), 471 (വ്യാജ നിർമ്മിത രേഖ അസ്സൽ രേഖ പോലെ ഉപയോഗിക്കൽ ),473(വ്യാജ രേഖ നിർമ്മിക്കുന്നതിന് വേണ്ടി വ്യാജ മുദ്ര കൈവശം വെക്കൽ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

കേസുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും തങ്ങൾക്കെതിരെയുള്ള കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും ആയതിനാൽ തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ വിടുതൽ സമർപ്പിക്കുകയായിരുന്നു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 227 പ്രകാരമാണ് പ്രതികൾ സിബിഐ കോടതിയെ സമീപിച്ചത്.

അതേ സമയം തനിക്ക് സ്വിറ്റ്‌സർലന്റിൽ പോകാനായി, ജാമ്യ വ്യവസ്ഥ അനുസരിച്ച് മുമ്പ് കോടതിയിൽ കെട്ടിവച്ച ,തന്റെ പാസ്‌പോർട്ട് വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പ്രതിയായ റിക്രൂട്ടിങ് ഏജൻസി ഉടമ മഷൂഖ് റഹ്മാൻ സമർപ്പിച്ച ഹർജി കഴിഞ്ഞ മാർച്ച് 28 ന് സിബിഐ കോടതി തള്ളിയിരുന്നു. ഹർജി അനുവദിച്ചാൽ പ്രതി രാജ്യം വിട്ട് ഒളിവിൽ പോകുമെന്നും വിചാരണക്ക് പ്രതിയെ ലഭിക്കില്ലെന്നുമുള്ള സിബിഐയുടെ വാദം അംഗീകരിച്ചാണ് കോടതി പ്രതിയുടെ പാസ്‌പോർട്ട് വിട്ടുകിട്ടൽ ഹർജി തള്ളിയത്.