- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സുരക്ഷ വർധിപ്പിക്കുമ്പോൾ പ്രതിഷേധവും കനക്കുന്നു; പൊതുനിരത്തിൽ ഇറങ്ങാൻ കഴിയാത്ത വിധം പ്രതിരോധത്തിൽ പിണറായി; കണ്ണൂരിൽ എത്തിയിട്ടും പിണറായിയിലെ വീട്ടിൽ പോകാതെ ഗസ്റ്റ്ഹൗസിൽ താമസിച്ചു മുഖ്യൻ; കണ്ണൂരിലെ ഇന്നത്തെ പരിപാടികളും പൊലീസിന്റെ ഇരുമ്പുമറയിൽ
കണ്ണൂർ: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവും കനക്കുന്നു. മുഖ്യമന്ത്രിയുടെ പരിപാടികൾക്കായി സുരക്ഷ വർധിപ്പിക്കും തോറും പ്രതിഷേധവും ഇരട്ടിയാകുകയാണ്. ഇതിനൊപ്പം കറുത്ത മാസ്‌ക്കും ഉപേക്ഷിക്കണമെന്ന നിർബന്ധം കൂടിയാകുമ്പോൾ മൊത്തത്തിൽ സ്ഥിതി വഷളായ അവസ്ഥയിലാണ്. സ്വന്തം നാടായ കണ്ണൂരിൽ പോലും മുഖ്യമന്ത്രിക്ക് സ്വസ്തമായി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥിലാണ് കാര്യങ്ങൾ.
ഇന്നലെ വഴിയിൽ ഉടനീളം മുഖ്യമന്ത്രി നേരിട്ടത് പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പാണ്. വടകരയിലും മുഖ്യമന്ത്രി പിണറായി വിജയനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പ്രതിഷേധം. കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടും മുഖ്യമന്ത്രിക്ക് ഞായറാഴ്ചയും നാടുനീളെ പ്രതിഷേധം നേരിടേണ്ടി വന്നു. തൃശൂരിൽനിന്ന് മലപ്പുറം വഴി കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രിയെക്കാത്ത് പ്രതിഷേധങ്ങളുടെ പരമ്പരയാണ് വഴിയരികിൽ നിലയുറപ്പിച്ചത്. പരിപാടികളിൽ കറുത്ത മാസ്‌കിനും വസ്ത്രത്തിനും വന്ന വിലക്ക് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും സമരാവേശം കൂട്ടി.
കണ്ണൂരിലെത്തിയിട്ടും പിണറായിയിലെ വീട്ടിൽ പോകാതെ പിണറായി, കനത്ത സുരക്ഷ
അതിനിടെ, സുരക്ഷ കണക്കിലെടുത്ത് കണ്ണൂരിലെ മുഖ്യമന്ത്രിയുടെ താമസം ഗസ്റ്റ് ഹൗസിലേക്കു മാറ്റി. മുഖ്യമന്ത്രിയുടെ വീട്ടിൽ താമസിക്കാനായിരുന്നു ആദ്യ തീരുമാനം. പൊലീസിന്റെ ആവശ്യപ്രകാരമാണ് തീരുമാനം മാറ്റിയത്. ഇന്ന് കണ്ണൂരിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പൊലീസ് സുരക്ഷ ശക്തമാക്കി. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. തളിപ്പറമ്പ് മന്ന മുതൽ പൊക്കുണ്ട് വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണു ഗതാഗത നിയന്ത്രണം.
ആംബുലൻസ് ഒഴിച്ചുള്ള വാഹനങ്ങൾ കൂനം- പൂമംഗലം - കാഞ്ഞിരങ്ങാട് - മന്ന റോഡ് വഴി പോകണം. രാവിലെ 10.30ന് തളിപറമ്പ് കില ക്യാംപസിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. ശേഷം 12.30ന് ലൈബ്രറി കൗൺസിലിന്റെ ഗ്രന്ഥശാല സംഗമം ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പിലും കണ്ണൂർ നഗരത്തിലടക്കം കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഇന്നു കണ്ണൂർ ജില്ലയിലുള്ള മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കുന്നത് കനത്ത സുരക്ഷ. സിറ്റി, റൂറൽ പരിധിയിലെ ഏതാണ്ട് മുഴുവൻ പൊലീസുകാരെയും ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തും. മുഖ്യമന്ത്രി കടന്നുപോകുന്ന സമയം ഇടറോഡുകൾ അടച്ചിട്ടേക്കും. തളിപ്പറമ്പ് - ശ്രീകണ്ഠപുരം സംസ്ഥാന പാതയിലെ കരിമ്പം ഇടിസിയിലുള്ള കില ക്യാംപസിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിന്റെ ശിലാസ്ഥാപനവും നിർവഹിക്കാനാണു മുഖ്യമന്ത്രി ഇന്നു 10.30ന് തളിപ്പറമ്പിൽ എത്തുന്നത്.
ഇതിന്റെ ഭാഗമായി 9 മുതൽ 12 വരെ തളിപ്പറമ്പിൽ ഗതാഗതം നിരോധിച്ചേക്കും. ചടങ്ങിൽ കറുത്ത മാസ്‌ക് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ സംഘടനകളിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ പരിപാടിയിൽ പങ്കെടുക്കരുതെന്നു കാണിച്ചു പൊലീസ് നോട്ടിസ് നൽകിയിട്ടുമുണ്ട്. ഉത്തര മേഖല ഡിഐജി രാഹുൽ ആർ.നായർ സുരക്ഷയ്ക്കു മേൽനോട്ടം വഹിക്കും. സിറ്റി പൊലീസ് കമ്മിഷണർ, റൂറൽ എസ്‌പി എന്നിവരുടെ നേതൃത്വത്തിൽ 5 ഡിവൈഎസ് പിമാർ, 15 ഇൻസ്‌പെക്ടർമാർ, 45 എസ്‌ഐമാർ എന്നിവർ നേതൃത്വം നൽകും.
കറുപ്പിനോട് കട്ടക്കലിപ്പിലായി മുഖ്യൻ
റോഡുകളിൽ ബാരിക്കേഡും വൻ പൊലീസ് സന്നാഹവും ഗതാഗതനിയന്ത്രണവുമായി മുഖ്യമന്ത്രിക്ക് കേരളം ഇന്നുവരെ കാണാത്ത അതീവ സുരക്ഷ ഇന്നലെയും തുടരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി നടന്ന 5 ചടങ്ങുകളിലാണു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പങ്കെടുത്തത്. ശനിയാഴ്ച രാത്രി തൃശൂർ രാമനിലയത്തിൽ തങ്ങിയ മുഖ്യമന്ത്രിക്കുവേണ്ടി ഇതിനു മുന്നിലെ പാലസ് റോഡ് 14 മണിക്കൂർ അടച്ചിട്ടു. ഇന്നലെ രാവിലെ 9ന് തൃശൂരിൽനിന്നു യാത്ര തുടങ്ങിയ മുഖ്യമന്ത്രി രാത്രി കോഴിക്കോട്ടുനിന്നു കണ്ണൂരിലേക്കു പുറപ്പെടുംവരെ വഴിയിലുടനീളവും അദ്ദേഹം പങ്കെടുത്ത ചടങ്ങുകളിലും അതീവസുരക്ഷയും നിയന്ത്രണങ്ങളുമായിരുന്നു.
കറുത്ത മാസ്‌ക്കിനു നിരോധനമില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് ശനിയാഴ്ച വൈകിട്ട് അറിയിച്ചെങ്കിലും നടപടിയിൽനിന്നു പൊലീസ് ഇന്നലെയും പിന്നോട്ടു പോയില്ല. ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ കറുത്ത മാസ്‌ക് അഴിപ്പിച്ചു. പകരം മാസ്‌ക് നൽകി. വൻ സുരക്ഷാ സന്നാഹം മറികടന്നു പലയിടത്തും പ്രതിപക്ഷ കക്ഷികൾ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടി. ചിലയിടങ്ങളിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. തൃശൂർ ജില്ലയിൽ കുന്നംകുളം നഗരത്തിൽ മുഖ്യമന്ത്രിയുടെ കാറിനു നേർക്കു നാലംഗ സംഘം കരിങ്കൊടി വീശി.
തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുമ്പോൾ ഒരു കിലോമീറ്റർ അകലെ മിനിപമ്പ ജംക്ഷനിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. വാഹന വ്യൂഹം കടന്നു പോകുന്ന ഭാഗത്തേക്കു പ്രതിഷേധക്കാർ തള്ളിക്കയറാൻ ശ്രമിച്ചതിനെത്തുടർന്നു സംഘർഷാവസ്ഥ ഉടലെടുത്തു. പൊലീസ് ലാത്തിയും ജല പീരങ്കിയും പ്രയോഗിച്ചു.
ഡിസിസി പ്രസിഡന്റ് വി എസ്.ജോയ് ഉൾപ്പെടെ ഇരുപതിലേറെ നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കിയതോടെയാണു പ്രതിഷേധം തണുത്തത്. ഇവിടെ ദേശീയ പാത 3 മണിക്കൂറോളം ബ്ലോക്ക് ചെയ്തതു യാത്രക്കാരെ വലച്ചു. മലപ്പുറത്തുനിന്നു കോഴിക്കോട്ടേക്കുള്ള യാത്രയിൽ കക്കാട്, കൊളപ്പുറം, മേലേ ചേളാരി എന്നിവിടങ്ങളിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവ മോർച്ച പ്രവർത്തകർ കരിങ്കൊടി വീശി.
മുഖ്യമന്ത്രിക്കുനേരെ കോഴിക്കോട്ട് യൂത്ത് കോൺഗ്രസും യുവമോർച്ചയും യൂത്ത് ലീഗുമടക്കമുള്ള യുവജന സംഘടനകൾ 4 തവണ കരിങ്കൊടി കാണിച്ചു; പരിപാടി നടക്കുന്ന വേദിയുടെ മുന്നിലും പ്രതിഷേധമുണ്ടായി. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 15 കേസുകളെടുത്തു. 500 പൊലീസുകാരും 11 ഡിവൈഎസ്‌പിമാരും 30 ഇൻസ്‌പെക്ടർമാരുമടക്കമുള്ളവരുടെ മേൽനോട്ടത്തിലാണു സുരക്ഷ ഒരുക്കിയത്. മുഖ്യമന്ത്രിയെ തടയുമെന്ന അഭ്യൂഹത്തിൽ തൃശൂരിലെ 14 യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും 3 ബിജെപി പ്രവർത്തകരെയും മലപ്പുറത്ത് 10 യുഡിഎഫ് പ്രവർത്തകരെയും പൊലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു.
പ്രതിഷേധം കനക്കുമെന്ന് ഇന്റലിജൻസ്
മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളിൽ കനത്ത പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും സാധ്യതയുണ്ടെന്ന് പൊലീസ് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി പൊതുപരിപാടികൾ പരമാവധി ഒഴിവാക്കണമെന്നാണ് പൊലീസിന്റെ നിർദ്ദേശം. എന്നാൽ, പരിപാടികൾ വെട്ടിക്കുറയ്ക്കുന്നത് പ്രതിപക്ഷ പ്രതിഷേധം വകവെച്ചുകൊടുക്കലാകുമെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിക്കുള്ളത്. അതുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരിപാടികളിൽ പങ്കെടുക്കാൻ അദ്ദേഹം തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ സുരക്ഷയിൽ വീഴ്ചയുണ്ടാകരുതെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുള്ള ജില്ലയിൽ അതത് പൊലീസ് മേധാവികൾ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള സ്ഥിരം സുരക്ഷാഗാർഡുകൾക്ക് പുറമേ അധികമായി കമാൻഡോകളെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഇത് രണ്ടിനും പുറമേയാണ് ജില്ലകളിലെ സുരക്ഷാ ക്രമീകരണം.
കൂടുതൽ പൊതുജനങ്ങൾ ഒത്തുചേരുന്ന സ്ഥിതി മുഖ്യമന്ത്രി ഇപ്പോൾ പങ്കെടുക്കുന്ന പരിപാടികളില്ലെന്നത് പൊലീസിന് നേരിയ ആശ്വാസമാണ്. സംഘാടകർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുന്ന ചടങ്ങുകളാണ് ഇപ്പോൾ നിശ്ചയിച്ചതിലേറെയും. പരിപാടിയിൽ പാലിക്കേണ്ട നിബന്ധനകൾ നേരത്തേത്തന്നെ സംഘാടകർക്ക് പൊലീസ് നൽകുന്നുണ്ട്. കറുപ്പ് വസ്ത്രം ധരിക്കുന്നതിനെയടക്കം വിലക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. കേരളത്തിലാകെ ഒരു ചെറുപര്യടനം പൂർത്തിയാക്കിയാകും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തുക.
ജനങ്ങളെ തടയുന്നത് അന്വേഷിക്കുമെന്ന് ഗവർണർ
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന ആരോപണം അന്വേഷിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്താണു നടക്കുന്നതെന്ന് അന്വേഷിക്കും. പൊതുജനങ്ങളുടെ യാത്ര പൊലീസ് തടയുന്നതും അന്വേഷിക്കും. പൊലീസ് ഉദ്യോഗസ്ഥരുമായി ഈ കാര്യം സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി സ്ഥാനത്തേക്കു പേരു പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളെ കുറിച്ചുള്ള ചോദ്യത്തിന് 'ഐ ലവ് കേരള' എന്നായിരുന്നു മറുപടി.
മറുനാടന് മലയാളി ബ്യൂറോ