മലപ്പുറം: പാർട്ടിക്കുള്ളിലെ പൊട്ടിത്തെറി വകവെയ്ക്കാതെ സിപിഐ-എം മലപ്പുറത്ത് അന്തിമ സ്ഥാനാർത്ഥിപട്ടികയ്ക്ക് രൂപം നൽകി. ഇന്നലെ സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയത്.

വ്യവസായികൾക്കും മുതലാളിമാർക്കും സീറ്റു നൽകുന്നതിൽ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലപ്പുറത്തെ സിപിഎമ്മിൽ പൊട്ടിത്തെറി രൂക്ഷമായത്. എതിർശബ്ദം ഉയർത്തിയവരെ അനുനയിപ്പിക്കുകയും പ്രതിഷേധത്തിൽ നിന്നും പിന്മാറാത്തവരെ തള്ളുകയും ചെയ്യാൻ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു. മിക്ക മണ്ഡലങ്ങളിലും പ്രശ്‌നം പരിഹരിക്കാൻ നേതൃത്വത്തിനു സാധിച്ചെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലെ പ്രതിഷേധം പാർട്ടിക്ക് വലിയ തലവേദനയായിരിക്കുകയാണ്. നിലമ്പൂരിൽ പ്രമുഖ വ്യവസായി പി വി അൻവറിനെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെ ഇന്നലെ വൈകിട്ടും രാത്രിയിലും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഐ(എം) പ്രവർത്തകരുടെ പ്രതിഷേധപ്രകടനങ്ങളുണ്ടായി. സിപിഎമ്മിനുള്ളിൽ വിമതപ്രശ്‌നം രൂക്ഷമായ നിലമ്പൂരിൽ അൻവറിന്റെ സ്ഥാനാർത്ഥിത്വം പുതിയ പൊട്ടിത്തെറിക്കു കൂടി വഴിവച്ചിരിക്കുകയാണ്. മങ്കട, വണ്ടൂർ, തിരൂർ, കൊണ്ടോട്ടി എന്നീ മണ്ഡലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. പരസ്യ പ്രതികരണങ്ങളിൽ നിന്നും ഇവരെ നേതൃത്വം വിലക്കിയിട്ടുണ്ടെങ്കിലും ഇപ്പോൾ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ ഉൾക്കൊള്ളാൻ ഇവർ തയ്യാറായിട്ടില്ല.

മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിൽ പെരിന്തൽമണ്ണ, പൊന്നാനി എന്നീ രണ്ടു സീറ്റുകളിൽ മാത്രമാണ് സിപിഐ-എം ചിഹ്നത്തിൽ മത്സരിക്കുന്നത്. എൻസിപി മത്സരിക്കുന്ന കോട്ടക്കലിലും സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇറക്കാനാണ് തീരൂമാനം. ഇവിടെ എറണാകുളം സ്വദേശിയായ പ്രമുഖ വ്യവസായി മമ്മൂട്ടിയെയാണ് എൻസിപി പരിഗണിക്കുന്നത്. ഇതിനെതിരെ എൻസിപി പ്രാദേശിക നേതൃത്വം പരസ്യ പ്രതികരണവുമായി രംഗത്തുവന്നെങ്കിലും നേതൃത്വം തീരുമാനം മാറ്റാൻ തയ്യാറായിട്ടില്ല. സിപിഐ മത്സരിക്കുന്ന മഞ്ചേരി, ഏറനാട്, തിരൂരങ്ങാടി മണ്ഡലങ്ങളിലും സ്വതന്ത്രർ തന്നെയാണ് മത്സരിക്കുക. ഐ.എൻ.എൽ മത്സരിക്കുന്ന വള്ളിക്കുന്ന് മണ്ഡലത്തിൽ പാർട്ടിക്കു പുറത്തുള്ള ആളെ പരിഗണിച്ചതിലും ആഭ്യന്തര പ്രശ്‌നം നിലനിൽക്കുന്നു. ഘടക കക്ഷികളുടെ അന്തിമ സ്ഥാനാർത്ഥി പട്ടിക തീരുമാനമായില്ലെങ്കിലും സിപിഐ(എം) നേതൃത്വം ഇന്നലെ അന്തിമ സ്ഥാനാർത്ഥി പട്ടികക്ക് രൂപം നൽകി കഴിഞ്ഞു. മത്സരിക്കുന്നവരിൽ അധികവും പാർട്ടിയുമായി ബന്ധമില്ലാത്തവരും വ്യവസായ പ്രമുഖരുമാണെന്നതാണ് പാർട്ടി അണികളിൽ അമർഷം അണപൊട്ടാൻ ഇട വരുത്തിയിരിക്കുന്നത്.

ലീഗ് സ്ഥാനാർത്ഥികൾ ജില്ലയിലെ മിക്ക സീറ്റുകളിലും നേരത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിരുന്നു. ഇനി കോൺഗ്രസിന്റെ നാലു സീറ്റുകളിൽ മാത്രമാണ് യു.ഡി.എഫിൽ പ്രഖ്യാപിക്കാനുള്ളത്. എന്നാൽ പലഘട്ടങ്ങളിലായി നടന്ന സീറ്റ് ചർച്ചകൾക്കൊടുവിലായിരുന്നു സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടികക്ക് രൂപം നൽകാൻ സാധിച്ചത്. ഓരോ മണ്ഡലത്തിൽ നിന്നും പാർട്ടിക്കുള്ളിൽ നിന്ന് ഉയർന്നു കേൾക്കുന്ന എതിർസ്വരങ്ങൾ തന്നെയായിരുന്നു പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയത്. മുതലാളിമാർക്ക് സീറ്റ് നൽകുന്നതിലൂടെ പാർട്ടി അണികളുടെ എതിർപ്പിന് കാരണമാകുമെന്നും ഈ കീഴ്‌വഴക്കം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്ക് തടസമാകുമെന്നുമാണ് ഇതിനെ എതിർക്കുന്നവർ ഉന്നയിക്കുന്ന വാദം. അതേസമയം പണം വാങ്ങി മുതലാളിമാർക്ക് സീറ്റു നൽകുകയാണെന്ന ആരോപണം രാഷ്ട്രീയ എതിരാളികളും ഉന്നയിക്കാൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്നവരിൽ പകുതിയിലധികം പേർക്കും ഇന്ത്യയിലും വിദേശത്തുമായി വിവിധ ബിസിനസുകളുള്ളവരാണ്. സ്ഥാനാർത്ഥികളെല്ലാം മുതലാളിമാർ ആയതുകൊണ്ടു തന്നെ പേയ്‌മെന്റ് സീറ്റ് എന്ന ആരോപണവും ശക്തമാണ്.

നിലമ്പൂർ അടക്കമുള്ള സിപിഎമ്മിന്റെ സീറ്റിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെയെല്ലാം ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലേക്ക് നേതൃത്വം വിളിച്ചു വരുത്തിയിരുന്നു. തുടർന്ന് ഇവിടെ വച്ചായിരുന്നു ജില്ലാ- സംസ്ഥാന നേതാക്കൾ സ്ഥാനാർത്ഥിത്വം ഇവരെ അറിയിച്ചത്. പ്രഖ്യാപനത്തിനു ശേഷമുണ്ടാകുന്ന പ്രതിഷേധങ്ങൾക്ക് ചെവികൊടുക്കേണ്ടെന്നായിരുന്നു കമ്മിറ്റി തീരുമാനം. സിപിഐ(എം) നേതാക്കളായ എ വിജയരാഘവൻ, പാലോളി മുഹമ്മദ്കുട്ടി, എളമരം കരീം, ടികെ ഹംസ, പികെ സൈനബ, പി ശ്രീരാമകൃഷ്ണൻ, എം സ്വരാജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാർത്ഥിത്വം അറിയിച്ചത്. എന്നാൽ യോഗം തീരും മുമ്പേ ആദ്യ പ്രതിഷേധം നിലമ്പൂരിൽ നിന്നും ആരംഭിച്ചു. പിവി അൻവറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ചുങ്കത്തറ ലോക്കൽ കമ്മിറ്റിയിലെ ഒമ്പത് അംഗങ്ങളും 12 ബ്രാഞ്ച് കമ്മിറ്റികളും രാജിവച്ചു. അൻവറിനെതിരെയുള്ള ബാനറുമായിട്ടായിരുന്നു ഇവർ നഗരത്തിൽ പ്രകടനങ്ങൾ നടത്തിയത്. എന്നാൽ നിലമ്പൂരിൽ പിവി അൻവറിനെ ഇറക്കിയാൽ മണ്ഡലം തിരിച്ചു പിടിക്കാൻ സാധിക്കുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ സർവ്വ സ്വതന്ത്രനായി മത്സരിച്ച പിവി അൻവർ ഇടതു മുന്നണി സ്ഥാനാർത്ഥിയെ പിന്നിലാക്കി 47452 വോട്ടുകൾ നേടിയിരുന്നു.

തവനൂർ കെ.ടി ജലീൽ, താനൂർ വി അബ്ദുറഹിമാൻ, മങ്കട അഡ്വ.ടി കെ റഷീദലി, വണ്ടൂർ കെ നിശാന്ത്, വേങ്ങര പി ജിജി, തിരൂർ പി അബ്ദുൽ ഗഫൂർ, കൊണ്ടോട്ടി വീരാൻകുട്ടി എന്നിവരാണ് സിപിഎമ്മിന്റെ മറ്റു സ്വതന്ത്ര സ്ഥാനാർത്ഥികൾ. താനൂരിൽ വി അബ്ദുറഹ്മാന്റെ സ്ഥാനാർത്ഥിത്വം നേരത്തെ ധാരണയാക്കിയിരുന്നതിനാൽ വലിയ തർക്കങ്ങളില്ലാതെയായിരുന്നു തീരുമാനമായത്. തിരൂർ നഗരസഭ ലീഗിൽ നിന്നും പിടിച്ചെടുക്കാൻ നിർണായക ശക്തിയായതും അബ്ദുറഹ്മാന്റെ നേതൃത്വത്തിലുള്ള തിരൂർ ഡവലപ്പ്‌മെന്റ് ഫോറം(ടിഡിഎഫ്) ആയിരുന്നു. ടി.ഡി.എഫിന്റെ കൺവീനറും ഫ്‌ളാറ്റ് വ്യവസായിയുമായ ഗഫൂർ പി ലില്ലീസ് എന്ന പി അബ്ദുൽ ഗഫൂറാണ് തിരൂരിൽ സിപിഐ(എം) സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിട്ടുള്ളത്.

തിരൂർ നഗരസഭ പിടിച്ചെടുത്തതു മുതൽ ഗഫൂറിന് സിപിഐ(എം) നേതൃത്വം നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പാർട്ടിക്കുള്ളിൽ നിന്നും ഒരു വിഭാഗം ഈ തീരുമാനത്തെ എതിർക്കുകയും ഏരിയാ കമ്മിറ്റി യോഗത്തിൽ നിന്നും ചിലർ ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാൽ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച ശേഷമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ഇന്നലെ മലപ്പുറത്തെ സിപിഐ(എം) സ്ഥാനാർത്ഥികളുടെ തീരുമാനമായെങ്കിലും പാർട്ടിക്കുള്ളിലെ പ്രതിഷേധം തെരഞ്ഞെടുപ്പ് വിജയത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.