കൊൽക്കത്ത: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് സൈക്കിളിൽ നിയമസഭയിലെത്തി പശ്ചിമബംഗാൾ മന്ത്രി. തൃണമൂൽ കോൺഗ്രസ് മന്ത്രിയായ ബേചാറാം മന്നയാണ് സിംഗൂരിലെ വീട്ടിൽ നിന്ന് കൊൽക്കത്തയിലെ നിയമസഭയിലേക്ക് 40 കിലോമീറ്റർ സൈക്കിൾ ചവിട്ടി എത്തിയത്. ഇന്ധന വില വർദ്ധനവിനെതിരെ തൃണമൂൽ കോൺഗ്രസ് ജൂലൈ 10, 11 തീയതികളിൽ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.

'ബജറ്റ് സമ്മേളനം നടക്കുന്ന നിയമസഭ മന്ദിരത്തിലത്താൻ രാവിലെ എട്ടുമണിയോടെ യാത്ര ആരംഭിച്ചു. ഇന്ധനവില വർദ്ധനക്കെതിരെയുള്ള പ്രതിഷേധമാണിത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടു. ഇന്ധനവില വർദ്ധിപ്പിച്ച് മോദി സർക്കാർ സാധാരണക്കാരന്റെ ബാധ്യത വർദ്ധിപ്പിക്കുകയാണ്.' മന്ന പറഞ്ഞു. തൃണമൂൽ കോൺഗ്രസ് അംഗം കല്യാൺ ഘോഷും മന്നക്കൊപ്പം ചേർന്നു.

ഇന്ധനവില നിയന്ത്രിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടതായി തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് വ്യക്തമാക്കി. ആസൂത്രണവും കാഴ്ചപ്പാടും ഇല്ല. പൊതുഗതാഗതം മുതൽ ദൈനംദിന വസ്തുക്കൾക്ക് വരെ വില വർദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.