കണ്ണൂർ: ഒരു മണ്ഡലത്തിൽ 35 കൊല്ലം ജനപ്രതിനിധിയായിരിക്കുമ്പോൾ അവിടെ തങ്ങി ജനങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഒരു സംവിധാനം വേണ്ടേ? എന്നാൽ, ദീർഘകാലം മണ്ഡലത്തിന്റെ പ്രതിനിധിയായിരിക്കുമ്പോഴും ഒരു വാടകവീടു പോലും അവിടെ ഇല്ലാതിരിക്കുന്ന അവസ്ഥയെ എങ്ങനെ കണക്കിലെടുക്കാനാകും.

തെരഞ്ഞെടുപ്പു സമയത്തുമാത്രം വന്നു കൈ കാണിച്ചിട്ടുപോകുന്ന ഒരു ജനപ്രതിനിധിയെ സങ്കൽപ്പിക്കാനാകുമോ? എന്നാൽ, അത്തരത്തിലൊരു ജനപ്രതിനിധിയാണു താനെന്നാണു മന്ത്രി കെ സി ജോസഫിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ 35 കൊല്ലമായി ഇരിക്കൂറിന്റെ എംഎൽഎയാണു കെ സി ജോസഫ്. പക്ഷേ, ഇതുവരെ മണ്ഡലത്തിൽ വാടകവീടു പോലുമില്ലെന്നു കെ സി ജോസഫിന്റെ വാക്കുകൾ വരച്ചുകാട്ടുന്നു. മണ്ഡലത്തിന്റെ വികസനമുരടിപ്പു തന്നെയാണ് മന്ത്രിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നതെന്നാണു സ്വന്തം പാർട്ടിക്കാർ തന്നെ ചൂണ്ടിക്കാട്ടുന്നത്.

മണ്ഡലത്തിൽ ഒരു താമസസ്ഥലം ഉണ്ടായിരുന്നെങ്കിൽ ആ മണ്ഡലംകാരനായി എന്തുകൊണ്ടു വോട്ടർ പട്ടികയിൽ പേരു രജിസ്റ്റർ ചെയ്തുകൂടാ എന്നും ചോദ്യം ഉയരുന്നുണ്ട്. മണ്ഡലത്തിൽ താമസിക്കാൻ വിഷമം ആയതുകൊണ്ടാണല്ലോ ഇരിക്കൂറിൽ ഒരു താമസസ്ഥലം പോലും ഒരുക്കാൻ മന്ത്രി തയ്യാറാകാത്തത് എന്നാണു ജനങ്ങൾ പറയുന്നത്. തെരഞ്ഞെടുപ്പു കാലത്തു മാത്രം വരികയും പിന്നീട് അപ്രത്യക്ഷനാകുകയും ചെയ്യുന്നതിനാലാണ് ഇങ്ങനെയെന്നും ജനങ്ങൾ പരാതിപ്പെടുന്നു.

34 കൊല്ലത്തിനിടെ ഒരിക്കൽ മാത്രമാണു താൻ വോട്ടു ചെയ്തതെന്നു മന്ത്രി പറയുമ്പോൾ ജനപ്രതിനിധിയെന്ന നിലയിൽ കടുത്ത എതിർപ്പാണ് നേരിടേണ്ടി വരുന്നത്. തെരഞ്ഞെടുപ്പു പ്രചാരണകാലത്തു വോട്ടു ചെയ്യാൻ കോട്ടയം വരെ പോകേണ്ടതുണ്ട് എന്നതിനാൽ 34 കൊല്ലത്തിനിടെ ഒരിക്കൽ മാത്രമാണത്രേ ഈ ജനപ്രതിനിധി വോട്ടു ചെയ്തത്. വോട്ട് ചെയ്യാത്ത ജനപ്രതിനിധിയാണ് കെ സി ജോസഫെന്ന് ഇരിക്കൂർ മണ്ഡലത്തിലുടനീളം കോൺഗ്രസ് പ്രവർത്തകർതന്നെ പോസ്റ്റർ പതിച്ചിട്ടുണ്ട്. കെ സി ജോസഫിനെ ഇനി ഇരിക്കൂറിനു വേണ്ടെന്നു പ്രാദേശിക കോൺഗ്രസ് നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടും ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെത്തുടർന്നു വീണ്ടും ജനവിധി തേടുകയാണ്.

35 കൊല്ലം എംഎൽഎയായിട്ടും ഇരിക്കൂറിനു പ്രയോജനമൊന്നുമില്ലാത്ത ഈ നേതാവിനെ ഇനി ജയിപ്പിക്കരുതെന്നാണു മണ്ഡലത്തിലെ പൊതുവികാരം. സോഷ്യൽ മീഡിയയിൽ മന്ത്രിക്കെതിരെ പ്രതിഷേധ സ്വരങ്ങളും ഉയരുന്നുണ്ട്. വ്യാപകമായ പ്രചാരണവും മന്ത്രിക്കെതിരെ മണ്ഡലത്തിൽ നടക്കുന്നുണ്ട്. ഇതിലൊന്നിലാണു വോട്ടു ചെയ്യാത്ത ജനപ്രതിനിധിയെന്ന ആരോപണം വന്നത്. ഇക്കാര്യം മന്ത്രിതന്നെ സമ്മതിക്കുകയും ചെയ്തു. മത്സരിക്കുന്ന മണ്ഡലമായ കണ്ണൂരിലെ ഇരിക്കൂറിൽനിന്ന് കോട്ടയത്തു പോയി വോട്ടു ചെയ്യാൻ കഴിയില്ലെന്നാണ് മന്ത്രിയുടെ വാദം. സ്ഥാനാർത്ഥിയായതിനാൽ വോട്ടെടുപ്പു ദിവസം മണ്ഡലം വിട്ടുപോകാനാകില്ല. ഒരുതവണ പോസ്റ്റൽ വോട്ടു രേഖപ്പെടുത്താൻ അനുവദിച്ചു. പിന്നീട് പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചിട്ടും കിട്ടിയില്ല. ഇത്തവണയും അപേക്ഷ നൽകിയിട്ടുണ്ടെന്നുമാണു മന്ത്രി പറയുന്നത്.

35 വർഷത്തിനിടെ മണ്ഡലത്തിലെ ഒരു മരണവീട്ടിൽ ആദ്യമായി വന്ന കെ സി ജോസഫിനെ അവിടെയുണ്ടായിരുന്നവർ കല്ലെറിഞ്ഞോടിക്കുകയായിരുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. മണ്ഡലത്തിൽ മത്സരിക്കാനായി മാത്രം വരുന്ന ഒരു നേതാവിനെ ഇക്കുറിയും ചുമക്കാനാകില്ലെന്നാണു പൊതുവികാരം.