അങ്കമാലി: സംസ്ഥാന വ്യാപകമായി കെ റെയിലിനെ വിശദീകരിച്ച് സർക്കാർ മുന്നേറുമ്പോൾ മറുവശത്ത് കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു.സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രതിഷേധത്തിന്റെ തുടർച്ചയായി അങ്കമാലിയിലും സിൽവർലൈൻ സർവേ കല്ലുകൾ പിഴുത് പ്രതിഷേധം.ഇന്നലെ ഉദ്യോഗസ്ഥരെത്തി സ്ഥാപിച്ച സർവ്വേ കല്ലുകളാണ് ഇന്ന് പുലർച്ചെ സർവേ കല്ലുകൾ പിഴുതു മാറ്റുകയും അതിന് മുകളിൽ റീത്ത് വെയ്ക്കുകയും ചെയ്ത നിലയിൽ കണ്ടെത്തിയത്.പാത കടന്നുപോകുന്നതിന്റെ സമീപത്തുള്ള വിവിധ കവലകളിലാണ് സർവേ കല്ലുകൾ കൊണ്ടുവെച്ച് അതിന് മുകളിൽ റീത്ത് വെച്ചിട്ടുള്ളത്.

എറണാകുളം- തൃശ്ശൂർ അതിർത്തിയിൽ അങ്കമാലി, എളവൂർ, പാറക്കടവിലൂടെയാണ് നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതി കടന്നുപോകുന്നത്. അതിൽ ത്രിവേണി കവലയിലെ പാടശേഖരത്തിലാണ് ഇന്നലെ കെ-റെയിൽ ഉദ്യോഗസ്ഥരെത്തി സർവേ കല്ലുകൾ സ്ഥാപിച്ചത്. ഇതിനെതിരേ വലിയ പ്രതിഷേധം കെ-റെയിൽ വിരുദ്ധ സമര സമിതി നേതൃത്വത്തിൽ ഉയർന്നിരുന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയാണ് നടപടികൾ മുന്നോട്ട് കൊണ്ടുപോയത്.

അതേ സമയം സർവേ കല്ലുകൾ പിഴുത നടപടിക്ക് പിന്തുണയുമായി റോജി എം ജോൺ എംഎൽഎ രംഗത്തെത്തി. ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്നും കേരളത്തിൽ സ്ഥാപിച്ച കല്ലുകൾക്ക് മുഴുവൻ പൊലീസ് കാവൽ നിൽക്കുമോയെന്നും റോജി എം ജോൺ ചോദിച്ചു.

അങ്കമാലി, പാറക്കടവ് പഞ്ചായത്തിൽ പ്രതിഷേധിച്ച ജനങ്ങളെ പൊലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തും ഭീക്ഷണിപ്പെടുത്തിയും സ്ഥാപിച്ച കെ റെയിൽ കല്ലുകൾക്ക് 24 മണിക്കൂറിന്റെ ആയുസ് ഉണ്ടായില്ലെന്ന് റോജി എം ജോൺ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന പിണറായി സർക്കാരിന്റെ ധാർഷ്ട്യത്തിന് തക്ക മറുപടി നൽകിയ ധീരന്മാർക്ക് അഭിവാദ്യങ്ങളെന്നും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ ജനങ്ങളെ യാതൊരു തരത്തിലും വിശ്വാസത്തിലെടുക്കാതെ, അവരോട് ചർച്ചക്ക് തയ്യാറാകാതെ പൊലീസിനെ ഉപയോഗിച്ച് ഏകപക്ഷീയമായി കല്ലുകൾ സ്ഥാപിക്കുന്ന നടപടിയാണുണ്ടായതെന്ന് റോജി എം ജോൺ ആരോപിച്ചു. ജനങ്ങളെ പരിഭ്രാന്തിയിലാക്കിയാണ് കല്ലുകൾ സ്ഥാപിച്ചത്. ആരുടേയും അനുവാദം ചോദിക്കാതെയാണ് വസ്തുവിൽ കല്ലുകൾ സ്ഥാപിച്ചത്. കോടതിയെ സമീപിച്ച ആളുകളുടെ വാദം പോലും കേൾക്കാതെ ഏകപക്ഷീയമായി ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇത് ചെയ്തത്. സ്വാഭാവികമായും ജനങ്ങളുടെ പ്രതികരണം അതിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.