- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ഇ.ബി ചെയർമാനോട് കലിപ്പു തീരാതെ ഉദ്യോഗസ്ഥ യൂണിയനുകൾ; ബി അശോക് പ്രതികാരം തീർക്കുന്നു എന്നാരോപിച്ച് ബോർഡ് ആസ്ഥാനത്ത് പ്രതിഷേധം; ചെയർമാനും ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തിൽ ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രിയും
തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരുടെ താൻപോരിമക്കെതിരെ പ്രതികരിച്ച കെഎസ്ഇബി ചെയർമാൻ ഡോ. ബി അശോകിനെതിരെ രംഗത്തെത്തിയിരിക്കയാണ് സിപിഎം നേതൃത്വം നൽകുന്ന ഓഫീസേഴ്‌സ് അസോസിയേഷൻ. ചെയർമാനുമായി കൊമ്പു കോർക്കുന്ന സംഭവം വീണ്ടും രൂക്ഷമാകുകയാണ്. ബോർഡ് മാനേജ്മെന്റിന്റെ ഏകപക്ഷീയ പ്രവർത്തനങ്ങളും പ്രതികാര നടപടിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓഫീസേഴ്സ് അസോസിയേഷന്റെ പ്രകടനവും പ്രതിഷേധവും വൈദ്യുതി ബോർഡ് ആസ്ഥാനത്ത് ആരംഭിച്ചു.
വനിതാ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് അസോസിയേഷൻ ബോർഡ് ആസ്ഥാനത്ത് വനിതാ സത്യാഗ്രഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് ചെയർമാൻ വിലക്കുകയും ഡയസ്നോൺ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് മറികടന്നുകൊണ്ടാണ് പുരുഷന്മാരുൾപ്പെടെയുള്ള ജീവനക്കാരുടെ പങ്കാളിത്തത്തോടെ സത്യാഗ്രഹവും പ്രതിഷേധവും നടക്കുന്നത്. രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് സത്യാഗ്രഹം.
അസോസിയേഷൻ സംസ്ഥാന ഭാരവാഹി കൂടിയായ എക്‌സിക്യൂട്ടീവ് എൻജിനിയർ ജാസ്മിൻ ബാനുവിനെ സസ്‌പെൻഡ് ചെയ്തിരുന്നു. അവധിയെടുക്കാതെ സംസ്ഥാനത്തിന് പുറത്തു പോയെന്നു കാരണം പറഞ്ഞായിരുന്നു സസ്പെൻഷൻ. എന്നാൽ, മേലധികാരികളെ അറിയിച്ച് നിയമപ്രകാരം ചുമതല കൈമാറിയാണ് ഉദ്യോഗസ്ഥ പോയതെന്നാണ് സംഘടന വിശദീകരിക്കുന്നത്.
അതേസമയം കെ.എസ്.ഇ.ബി ചെയർമാനും ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തിൽ ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പ്രതികരിച്ചു. 'കെ.എസ്.ഇ.ബി കമ്പനി ആയതുകൊണ്ട് ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ട്. നയപരമായ തീരുമാനങ്ങൾ എടുക്കാൻ മാത്രമേ സർക്കാരിന് അധികാരമുള്ളു.എന്നാൽ ഇവരുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചു പ്രശ്നം തീർക്കാൻ ശ്രമിക്കുമെന്നും' മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയറായിരുന്ന ജാസ്മിൻ ബാനുവിനെ സസ്പെന്റ് ചെയ്തതിൽ പ്രതിഷേധിച്ചുള്ള്ള സമരത്തിൽ ഡയസ് നോൺ പ്രക്യാപിച്ചിരിക്കാണ് ബി അശോകും. ഇത് രണ്ടാം തവണയാണ് ചെയർമാൻ ബി.അശോകനെതിരെ പ്രത്യക്ഷ സമരവുമായി ഇടത് സർവീസ് സംഘടനയെത്തുന്നത്. കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹി കൂടിയായ ജാസ്മിൻ ബാനുവിനെ അകാരണമായി സസ്പെന്റു ചെയ്തതതാണെന്നും സ്ത്രീത്വത്തെ അവഹേളിക്കുന്ന നിലയിൽ ചെയർമാൻ നിലപാട് സ്വീകരിച്ചെന്നുമാണ് സംഘടനയുടെ പരാതി.
ബോർഡ് അനുവാദമില്ലാതെ ജാസ്മിൻ ബാനു ലീവെടുത്ത് സംസ്ഥാനത്തിന് പുറത്തുപോയതിനാണ് സസ്പെൻഡ് ചെയ്തതെന്ന് ചെയർമാൻ പറയുമ്പോൾ നിയമാനുസൃതമായിട്ടാണ് ലീവെടുത്തതെന്നും പകരം ചുമതല കൈമാറിയതാണെന്നും സംഘടന വാദിക്കുന്നു. ജീവനക്കാരും ചെയർമാനും തമ്മിൽ തുടരെ തുടരെയുണ്ടാകുന്ന തർക്കം ബോർഡിന്റെ ദൈനംദിന പ്രവർത്തനത്തെ താളം തെറ്റിക്കുകയാണ്. ചെയർമാന്റെ ഏകാധിപത്യ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഇടത് സർവീസ് സംഘടനകളും ട്രേഡ് യൂണിയനും മുമ്പ് ദ്വിദിന പണിമുടക്ക് നടത്തിയത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ