- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരാതി പറയാൻ വിളിച്ച സ്ത്രീയോട് മോശം പെരുമാറ്റം: എം.സി.ജോസഫൈനെതിരെ പ്രതിഷേധം കടുക്കുന്നു; പുറത്താക്കണമെന്ന ആവശ്യവുമായി സിനിമാ, രാഷ്ട്രീയ,സാമൂഹിക രംഗത്തെ ഇടത് അനുകൂലികളും; സമരപരിപാടികളുമായി പ്രതിപക്ഷം; എ.ഐ.എസ്.എഫും പരസ്യമായി രംഗത്ത്
കോഴിക്കോട്: പരാതി പറയാൻ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈനെതിരെ പ്രതിഷേധം കടുക്കുന്നു. സിനിമാ, രാഷ്ട്രീയ,സാമൂഹിക മേഖലകളിൽ നിന്നും ഇടതുമുന്നണിയേയും സർക്കാരിനേയും സ്ഥിരമായി ന്യായീകരിക്കുന്ന സാമൂഹിക മാധ്യമ ഹാൻഡിലുകളിൽ നിന്നടക്കമാണ് ജോസഫൈന്റെ രാജി ആവശ്യം ഉയരുന്നത്. സിപിഐ യുവജന സംഘടനയായ എ.ഐ.എസ്.എഫും ജോസഫൈനെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.
വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നുവെന്നും പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണമെന്നും സംവിധായകനും നിർമ്മാതാവുമായ ആഷിഖ് അബു ആവശ്യപ്പെട്ടു.പ്രതിഷേധം വ്യാപകമാകുമ്പോഴും ജോസഫൈനെ പിന്തുണച്ച് ഇതുവരെ സർക്കാരോ സിപിഎമ്മോ രംഗത്തെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തണമെന്നാണ് മുതിർന്ന സിപിഎം നേതാവ് പി.കെ.ശ്രീമതി പ്രതികരിച്ചത്.
പാർട്ടി അണികളിൽ നിന്ന് പോലും വനിതാ കമ്മീഷനെതിരെ രൂക്ഷമായ പ്രതികരണം വന്നതോട് കൂടി സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സംസ്ഥാനത്തുണ്ടായ സ്ത്രീപീഡന ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ സ്ത്രീധന വിരുദ്ധ ക്യാമ്പയിനുകളും മറ്റും സർക്കാർ സംഘടിപ്പിച്ച് വരുന്നതിനിടെയാണ് ജോസഫൈനെതിരായ ആരോപണം വന്നിരിക്കുന്നത്. സ്ത്രീകളോടുള്ള സർക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിച്ചിരിക്കുന്നു ഇത്. നേരത്തെയും വിവാദ പരാമർശങ്ങൾ നടത്തി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ജോസഫൈനെതിരെ ഇത്തവണ നടപടിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
വിവിധ മേഖലകളിൽ നിന്ന് പ്രതിഷേധം രൂക്ഷമായതിനൊപ്പം പ്രതിപക്ഷവും ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ജോസഫൈൻ സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ സമര പരിപാടികളിലേക്ക് കടക്കാനും സർക്കാരിനെതിരെ പ്രചരാണയുധമാക്കാനുമാണ് യുഡിഎഫിന്റേയും ബിജെപിയുടേയും നീക്കം.
സിപിഎം പ്രവർത്തകർ സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുമ്പൊൾ ആ പ്രതികളെ സംരക്ഷിക്കാനുള്ള ഒരു സഹകരണ സംഘം എന്ന നിലയിൽ ആണ് വനിതാ കമ്മീഷൻ കേരളത്തിൽ പ്രവർത്തിക്കുന്നതെന്നാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞത്.
'ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്നും നീക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.ജോസഫൈനെ മാറ്റി നിർത്തി അവരുടെ പരിഗണനയിൽ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം ഉണ്ടാകണം' സുധാകരൻ ആവശ്യപ്പെട്ടു.
ജോസഫൈനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു. വനിതകൾക്ക് ആവശ്യമില്ലാത്ത വനിതാകമ്മീഷനെ എന്തിനാണ് സർക്കാർ അരിയിട്ടു വാഴിക്കുന്നതെന്ന് മനസിലാവുന്നില്ല. ഗാർഹിക പീഡനത്തേക്കാൾ വലിയ മാനസിക പീഡനമാണ് വനിതാകമ്മീഷൻ അദ്ധ്യക്ഷയിൽ നിന്നും സ്ത്രീകൾ നേരിടേണ്ടി വരുന്നത്. ഇത്തരക്കാരോട് എങ്ങനെയാണ് കേരളത്തിലെ സ്ത്രീകൾ പരാതി പറയുക ഇവർക്കെതിരെ കേസെടുക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസും കോടതിയുമടക്കമുള്ള നീതി നിർവഹണ സംവിധാനങ്ങൾ ഇവിടെയുള്ളപ്പോൾ തന്നെയാണ് വനിതാ കമ്മിഷൻ രൂപീകരിച്ചതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന തരത്തിൽ പെരുമാറിയ എം.സി. ജോസഫൈനെ അധ്യക്ഷപദവിയിൽനിന്നു നീക്കണമെന്നും കെ കെ രമ എംഎൽഎ ആവശ്യപ്പെട്ടു.
സംസ്ഥാന വനിതാകമ്മീഷൻ പിരിച്ചുവിടണമെന്ന് മുൻ വനിതാകമ്മീഷൻ അംഗവും ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റുമായ പ്രമീളദേവി ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധമായ സമീപനവും നിലപാടുമുള്ള ജോസഫൈൻ വനിതാകമ്മീഷൻ അദ്ധ്യക്ഷയായി തുടരുന്നത് കേരളത്തിന് നാണക്കേടാണെന്നും അവർ വ്യക്തമാക്കി.
അതേ സമയം താൻ അനുഭവിച്ചോളൂ എന്ന് പറഞ്ഞത് ആത്മാർഥതയോടെയും സത്യസന്ധമായിട്ടുമാണെന്നും മോശം അർത്ഥത്തിലല്ലെന്നുമാണ് ജോസഫൈൻ വിശദീകരിച്ചത്.
ന്യൂസ് ഡെസ്ക്