കണ്ണൂർ: ഹരി-ആശ ദമ്പതികൾ കണ്ണൂരിലെ പരിസ്ഥിതി മദ്യനിരോധന പ്രസ്ഥാനത്തിന്റെ വക്താക്കളാണ്. പശ്ചിമഘട്ട സംരക്ഷണം, ജൈവ കൃഷി എന്നിവയിലും സജീവമായി ഇടപെടുന്ന ഈ ദമ്പതികൾ കേരളത്തിലെ പരിസ്ഥിതി സംരക്ഷണ സമരങ്ങളിലെ സജീവ സാന്നിധ്യവുമാണ്. കണ്ണൂർ ചക്കരക്കല്ലിലെ 'നനവ്' എന്ന പരിസ്ഥിതി സൗഹൃദമായ വീട്ടിൽ അവധി ദിവസങ്ങളിൽ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട ക്യാമ്പുകൾ നടക്കാറുമുണ്ട്. പ്രകൃതി ജീവനവുമായി ബന്ധപ്പെട്ട കുടുംബ സംഗമങ്ങളും ഇവിടെ പതിവാണ്.

കഴിഞ്ഞ ദിവസം ചക്കരല്ല് പൊലീസ് സ്റ്റേഷനിലെ പൊലീസ് സർവ്വ സന്നാഹങ്ങളുമുപയോഗിച്ച് കുടുംബസംഗമം നടക്കുന്ന വീട്ടിലേക്ക് കയറി. തീർത്തും ഒരു തീവ്രവാദി സങ്കേതം കണ്ടെത്തിയ നിലയിലായിരുന്നു പൊലീസ് ഇവിടെ കടന്നു വന്നത്. രണ്ടു വണ്ടികളിലായി പതിനാറിലധികം പൊലീസ് വീട് വളയുക തന്നെ ചെയ്തു. തെരുവുകളിൽ ഗുണ്ടാ വിളയാട്ടം നടത്തുന്നവരുടെ മുന്നിൽ ഓച്ചാനിച്ചു നിൽക്കുന്ന പൊലീസ്. ഹരിയുടെ ഭാര്യയോട് കുറേ ചോദ്യങ്ങൾ. കഴിഞ്ഞ ആറ് വർഷങ്ങളായി കൊച്ചു വീടുണ്ടാക്കി താമസിക്കുന്നവരെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങളാണ് പൊലീസ് തേടിയത്.

കണ്ണൂർ ജില്ലയിൽ രണ്ടു ദശാബ്ദത്തിലേറെ ഗാന്ധിയൻ രീതിയിൽ പരിസ്ഥിതി മദ്യനിരോധന പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഹരിയേയും ഭാര്യ ആശയേയും പൊലീസിന് അറിയില്ലെങ്കിൽ അതിന് വിവരക്കേടെന്നേ പറയാവൂ. സർവ്വ സന്നാഹത്തോടെ എത്തിയ പൊലീസിന് ചില അജണ്ടകളുണ്ടായെന്നതാണ് സത്യം. ജില്ലാ കലക്ടർ ചെയർമാനായ കക്കാട് പുഴ സംരക്ഷണ സമിതിയിലുൾപ്പെടെ ജില്ലാ ഭരണാധികാരികൾക്കു മുമ്പിൽ നടക്കുന്ന ഒട്ടേറെ സാമൂഹ്യ പ്രശ്നങ്ങളിൽ ഈ ദമ്പതികളുടെ നിറസാന്നിധ്യം ഉണ്ടാകാറുണ്ട്. എന്നിട്ടും പൊലീസ് ഇത്തരം നീക്കം നടത്തിയത് എന്തിനെന്ന് ഹരി ചോദിക്കുന്നു.

എന്തെങ്കിലും സംശയം പൊലീസിനുണ്ടെങ്കിൽ ഒരു സ്പെഷൽ ബ്രാഞ്ച് പൊലീസുകാരന് അന്വേഷിക്കാമായിരുന്നു. ഈ കാര്യത്തിനാണ് ഒരു പൊലീസ് പട തന്നെ തന്റെ വീടിനു ചുറ്റിലും നിലയുറപ്പിച്ചത്. പാപ്പിനിശ്ശേരിയിലെ കണ്ടൽ പാർക്ക് വീണ്ടും ആരംഭിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതിനെതിരെയുള്ള പരിസ്ഥിതി കൂട്ടായ്മയിൽ ഹരിയും ആശയും മുൻ നിരയിലുണ്ടാകും. അതിനെ തടയിടാൻ മുകളിൽ നിന്നുള്ള ഉത്തരവാണ് പൊലീസ് നടപ്പാക്കിയതെന്ന് ഹരി പറയുന്നു.

ഒത്തിരി പച്ചപ്പും വെള്ളവും കാണുന്നിടത്തെല്ലാം പാർക്കും വിനോദ സഞ്ചാര കേന്ദ്രവും ആരംഭിക്കുന്നത് അംഗീകരിക്കാനാവില്ല. ഇതാണ് മറ്റ് പരിസ്ഥിതിക്കാരെ പോലെ ഹരിയുടേയും നിലപാട്. പൊലീസ് വീട് വളഞ്ഞ് ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ടാക്കി നാട്ടുകാർക്കിടയിൽ തീവ്രവാദികളാക്കാനുള്ള ബോധപൂർവ്വമായ ശ്രമാണ് നടന്നത്. ഒന്നര മണിക്കൂറിലേറെ ഇവിടെ തങ്ങിയ പൊലീസ് പടക്ക് കാണാനായത് നാടൻ നെല്ലിന്റെ കഞ്ഞിയും ചക്കപ്പുഴുക്കും കഴിക്കുന്ന കുട്ടികളടക്കമുള്ള മുപ്പതു പേരെയായിരുന്നു. ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യങ്ങൾ വരെ ചോദിച്ചറിയാൻ പൊലീസ് ശ്രമിച്ചു. ചിലരെ തടഞ്ഞു നിർത്തി ഫോൺ നമ്പറുകൾ വാങ്ങി.

എന്തിനാണിതെന്ന് ചോദിച്ചപ്പോൾ മുകളിൽ നിന്നുള്ള ഉത്തരവാണെന്നാണ് പൊലീസ് പറഞ്ഞത്. അടുത്ത ദിവസം വീണ്ടും ഒരു സ്പെഷൽ ബ്രാഞ്ച് പൊലീസുകാരൻ അന്വേഷണത്തിനായി വന്നു. കണ്ടൽ പാർക്ക് വിഷയത്തിൽ നിങ്ങളുടെ നിലപാടെന്താണെന്നാണ് ചോദിച്ചത്. അതു കൊണ്ടു തന്നെ ഇതിന്റെ പിന്നിലെ ഗൂഢാലോചന വ്യക്തമായതായും ഹരി പറഞ്ഞു. ഇന്ന് വൈകീട്ട് കണ്ണൂരിൽ പരിസ്ഥിതി -ജൈവ-മദ്യ നിരോധന-മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധ കൂട്ടായ്മ നടക്കുന്നുണ്ട്. അതിന് ശേഷം നിയമപരമായി പൊലീസ് നടപടിയെ നേരിടുമെന്ന് ഹരി പറഞ്ഞു.