കൊച്ചി: സാധാരണ പനിയിൽ കൂടുതൽ ഒരു അസുഖമോ ചെറിയ അപകടം വന്നാൽ പോലും മന്ത്രിമാർ ഉൾപ്പടെയുള്ള രാഷ്ട്രീയക്കാർ നേരെ വിദേശത്തേക്ക് പോകും. മുമ്പ് മന്ത്രിമാർ മാത്രമായിരുന്നു ഈ വിഭാഗത്തിൽ പെട്ടിരുന്നതെങ്കിൽ ഇപ്പോൾ എംഎ‍ൽഎമാർ ഉൾപ്പടെയുള്ളവരും കയ്യിൽ കാശുള്ളവരും ഉണ്ടാക്കാൻ കഴിയുന്നവരുമായ എല്ലാ രാഷ്ട്രീയക്കാരും സിനിമാക്കാരും ബിസിനസുക്കാരുമൊക്കെ ചികിത്സക്കായി വിദേശേത്തക്കാണു പോകുന്നത്.

പ്രത്യേകിച്ച് അമേരിക്കയിൽ .അമേരിക്കയിൽ പോയി ചികിത്സിക്കാതെ ഇവിടത്തെ രാഷ്ട്രീയക്കാർക്ക് അവരുടെ അസുഖം മാറില്ലെന്നാണ് വിശ്വാസമെന്നു തോന്നും. സാമാന്യം ഭേദപ്പെട്ട അസുഖമാണെങ്കിൽ ഇവിടെ ചികിത്സിച്ചാൽ മരണം സുനിശ്ചിതമാണെന്നു കരുതുന്നവരാണ് മന്ത്രിമാരെന്നു തോന്നി പോകും.

ഏറ്റവും ഒടുവിൽ മുൻകേന്ദ്രമന്ത്രികൂടിയായ കോൺഗ്രസ് നേതാവ് അമേരിക്കയിൽ ചികിത്സ തേടി പോയതാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വിമർശനമായി ഉയരുന്നത്. ഇത് സംബന്ധിച്ചുള്ള ഒരു പോസ്റ്റ് ഇതാണ്.

'ആദർശ ധീരൻ ആന്റണി ചികിത്സക്കായി വിദേശത്തേക്ക്.. സാധാരണ ജനത്തിന് പനി വന്നാൽ പോലും പാരസെറ്റമോൾ പോലും ലഭ്യമല്ലാത്ത നാട്ടിൽ രാഷ്ട്രീയ നേതാക്കളെന്ന ജനദ്രോഹികൾക്ക് ചികിത്സ വിദേശത്ത്... !!! സ്വന്തം പണമെടുത്തിട്ടാണെങ്കിലും ഇവറ്റകളെ വിദേശത്ത് ചികിത്സിക്കാൻ അനുവദിക്കരുത്. ഇവിടെ ചികിത്സിച്ച് ചാകുന്നെങ്കിൽ ചാകട്ടെ.. അന്തരാഷ്ട്ര നിലവാരമുള്ള ചികിത്സ കേന്ദ്രങ്ങൾ ഇവിടെ നിർമ്മിക്കാൻ 68 വർഷമായിട്ടും കഴിഞ്ഞില്ലെങ്കിൽ ഇത്തരമൊരു മരണമെങ്കിലും ഇവർ അർഹിക്കുന്നില്ലെ..?'

ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ട പോസ്റ്റുകളിൽ ഒന്നാണിത്. എ.കെ ആന്റണിക്ക് കാൻസർ രോഗം ഉണ്ടെന്ന് സംശയം വന്നതിനെ തുടർന്നാണ് അമേരിക്കയിലെത്തി പരിശോധന നടത്തിയത്. പരിശോധനയിൽ രോഗം ഇല്ലെന്ന് തെളിയുകയും ചെയ്തിരുന്നു. ഏതായാലും ആന്റണിയുടെ അമേരിക്കയിലെ ചികിത്സക്കിടെ കേരളത്തിൽ നിന്നുള്ള രമേശ് ചെന്നിത്തലയുൾപ്പടെയുള്ള മന്ത്രിമാരും ചില കോൺഗ്രസ് നേതാക്കൾ അമേരിക്കൻ സന്ദർശനം നടത്തിയിരുന്നു.

ഇവർ നേതാവിനെ രോഗമില്ലെന്നറിഞ്ഞിട്ട് സന്ദർശിക്കാൻ പോയതും കേരളത്തിലെ ജനങ്ങളുടെ നികുതി പണമെടുത്താണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജിൽ വരെ രോഗികൾക്ക് നൽകുന്ന സൗജന്യമരുന്ന് വിതരണം ഒട്ടു മുക്കാലും നിലച്ചിരിക്കുകയാണ്. മരുന്നില്ലാത്തതുകൊണ്ട് താലൂക്ക് ആശുപത്രികൾ ഉൾപ്പടെ പ്രമേഹത്തിനും ബിപിക്കും മരുന്നുവിതരണം ആഴ്‌ച്ചയിൽ ഒരു ദിവസം ആക്കിയിരിക്കുകയാണ്. ചെറിയ അസുഖം വന്നാലും മാരക രോഗം വന്നാലും പൊതുജനം ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ മരുന്നും ഡോക്ടർമാരും ഇല്ലാതിരിക്കെയാണ് ചെറിയ സംശയത്തിന്റെ പേരിൽ പോലും രോഗനിർണയം നടത്താൻ അമേരിക്കയിലേക്ക് പോകുന്നു എന്ന തരത്തിൽ വിമർശനങ്ങൾ പരക്കുന്നത്.

എ.കെ.ജിയുടെ ഭാര്യ സുശീലഗോപാലൻ മന്ത്രിയായിരിക്കെ പല്ലു പറിക്കാൻ അമേരിക്കയിൽ പോയതിനെതിരെ വന്ന വിമർശനം പോലെയാണ് ഇപ്പോഴത്തേയും. എന്നാൽ മരിക്കുന്ന ദിവസം രാവിലെ പോലും പല്ലുവേദനയുമായി സർക്കാർ ആശുപത്രിയിലെത്തി സാധാരണ രോഗികളുടെ ഇടയിൽ ക്യൂ നിന്ന് ഡോക്ടറെ കണ്ടു മടങ്ങിയ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി കൂടിയായ ഇ.എം.എസ്.