- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.45 അടിയായി; ഒരു മണിക്കൂർ കൊണ്ട് ഉയർന്നത് 0.10 അടി; വൃഷ്ടിപ്രദേശത്ത് മഴ കുറവായിട്ടും ജലനിരപ്പ് ഉയരുന്നു; ജലവിഭവ വകുപ്പ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി; വിഷയത്തിൽ പ്രതികരിച്ച പൃഥ്വിരാജിനും റസ്സൽ ജോയിക്കുമെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ ജനങ്ങൾക്കിടയിലും ആശങ്ക പെരുകുകയാണ്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യാതിരുന്നിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.45 അടിയായി ഉയർന്നു. ഒരു മണിക്കൂർ കൊണ്ട് 0.10 അടിയാണ് ഉയർന്നത്. അതിനിടെ, മുല്ലപ്പെരിയാർ ജലനിരപ്പ് സംബന്ധിച്ച് ജലവിഭവ വകുപ്പ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി. സ്പിൽവേ ഷട്ടർ തുറന്ന് നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. തുലാവർഷം എത്തുമ്പോൾ ജലനിരപ്പ് വേഗത്തിൽ ഉയരാൻ ഇടയുണ്ട്. അനിയന്ത്രിതമായ അളവിൽ വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കഴിഞ്ഞ ദിവസം ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 138 അടിയിലെത്തിയാൽ രണ്ടാമത്തെ അറിയിപ്പ് നൽകും. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലവിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കൊണ്ട് ഇന്നലെ രംഗത്തുവന്നിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചൊന്നും ഇപ്പോൾ സംഭവിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞത്. അണക്കെട്ടുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതി പരത്തരുത്. അത്തരം പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെ മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരിച്ച നടൻ പൃഥ്വിരാജിനും സമര സമിതി നേതാവ് റസ്സൽ ജോയിക്കുമെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമായി. കേരളത്തിന് ഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാർ അണക്കെട്ട് പൊളിക്കണമെന്ന ആവശ്യപ്പെട്ട നടൻ പൃഥ്വിരാജിനെതിരെ കോലം കത്തിച്ചാണ് പ്രതിഷേധം അരങ്ങേറിയത്. തേനി ജില്ലാ കലക്ടറേറ്റിന് മുന്നിൽ അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകർ ആണ് പ്രതിഷേധിച്ചത്.
സുപ്രിംകോടതി വിധി നിലനിൽക്കെ തെറ്റിദ്ധാരണജനകമായ പ്രസ്താവനകളിറക്കിയ നടൻ പൃഥ്വിരാജ്, അഡ്വ. റസ്സൽ ജോയ് എന്നിവർക്കെതിരെ ദേശസുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്ന് അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി എസ്.ആർ ചക്രവർത്തി ആവശ്യപ്പെട്ടു. കലക്ടർക്കും എസ്പിക്കും പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിന്റെ പ്രസ്താവന തമിഴ്നാടിന്റെ താൽപര്യത്തിനെതിരാണെന്ന് എംഎൽഎ വേൽമുരുകനും പറഞ്ഞു.
മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ആവശ്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. 125 വർഷം പഴക്കം ചെന്ന അണക്കെട്ട് സുരക്ഷിതമാണെന്ന വാദത്തെ വിമർശിച്ച് കൊണ്ടാണ് അദ്ദേഹം കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
'വസ്തുതകളും കണ്ടെത്തലുകളും എന്തായിരുന്നാലും ഈ 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും സുരക്ഷിതമായി പ്രവർത്തിക്കുന്നു എന്ന് പറയുന്നതിന് ഒഴിവുകഴിവുകൾ ഇല്ല. രാഷ്ട്രീയവും സാമ്പത്തികവും അടക്കമുള്ളവ മാറ്റിവച്ച് ശരിയായിട്ടുള്ളത് ചെയ്യേണ്ട സമയമാണ്. നമുക്ക് ഇവിടെ സംവിധാനത്തിൽ മാത്രമേ വിശ്വസിക്കാൻ കഴിയൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാർത്ഥിക്കാം.' ക്യാംപെയിന് പിന്തുണ നൽകി പൃഥ്വി കുറിച്ചു. പൃഥിരാജിന്റെ കുറിപ്പിന് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
മുല്ലപ്പെരിയാർ വിഷയത്തിൽ ക്യാമ്പയിനുമായി മലയാള ചലച്ചിത്ര താരങ്ങൾ. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്ന്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ വളരെ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ അവസരത്തിലാണ് ചലച്ചിത്ര താരങ്ങൾ ക്യാമ്പയിനുമായി രംഗത്ത് വന്നിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, ആന്റണി വർഗീസ് തുടങ്ങി നിരവധി താരങ്ങൾ ഇതിനകം പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതും ചർച്ചയാകുന്നതിനിടെയാണ് പൃഥിയുടെ കുറിപ്പ്. 1895ൽ അണക്കെട്ട് നിർമ്മിക്കുമ്പോൾ 50 വർഷത്തെ ആയുസ്സാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടർന്ന് ഡീ കമ്മിഷൻ ചെയ്യാൻ നീക്കം നടന്നു. എന്നാൽ, ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കം ഇപ്പോഴും തുടരുകയാണ്.
ഇപ്പോഴുള്ള അണക്കെട്ട് ബലമുള്ളതാണെന്നും ജലനിരപ്പ് 142ൽ നിന്ന് 152 അടിയാക്കി ഉയർത്തണമെന്നുമാണ് തമിഴ്നാടിന്റെ ആവശ്യം. ജലനിരപ്പ് ഉയർത്താനായി ബേബി ഡാം ബലപ്പെടുത്താൻ തമിഴ്നാട് തുക വകയിരുത്തിയിട്ടുണ്ട്. എന്നാൽ കേരളം തടസ്സം സൃഷ്ടിക്കുകയാണെന്നാണ് അവരുടെ വാദം. പുതിയ അണക്കെട്ട് വേണമെങ്കിൽ ഇരു സംസ്ഥാനങ്ങളും യോജിച്ച് മാത്രമേ തീരുമാനമെടുക്കാവൂ എന്നാണ് കോടതി നിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ