ആലപ്പുഴ: ക്ഷേത്രസന്നിധിയിൽ സരിതയെ എത്തിച്ചവർക്കും സരിതയ്ക്കുമെതിരെ വ്യാസപുരം ശിവക്ഷേത്രത്തിൽ മഹിളാ കൂട്ടായ്മ. പുനർനിർമ്മാണത്തിന് സരിതയുടെ പണം ആവശ്യമില്ലെന്ന നിലപാടിലാണ് മഹിളകൾ.

ഭക്തിസാന്ദ്രമായ ചടങ്ങിൽ സോളാർ കേസിലെ വിവാദ നായിക സരിതയെ ഉദ്ഘാടകയായി വിളിച്ചുവരുത്തിയവരെ വിശ്വാസികൾ സംഘടിച്ച് ചോദ്യംചെയ്യുകയാണ്. ധനം ശേഖരിക്കാമെന്നേറ്റ മഹിള കൂട്ടായ്മ പിരിവ് പാതിവഴിയിൽ നിർത്തിവയ്ക്കുകയും ചെയ്തു.

ആര്യാട് പഞ്ചായത്തിലെ വ്യാസപുരം ശിവക്ഷേത്ര സന്നിധിയിലാണ് ഇന്നലെ നടന്ന ഭക്തിനിർഭരമായ ശിലയിടൽ ചടങ്ങിൽ വിവാദനായിക സരിത എസ് നായർ എത്തിയത്. ഇതോടെയാണ് വിശ്വാസികളും ക്ഷേത്രഭാരവാഹികളും ചേരിതിരിഞ്ഞ് തർക്കം തുടങ്ങിയത്. ഉദ്ഘാടന ചടങ്ങിൽ സരിത എത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമായത്.

സരിതയെ ക്ഷേത്രത്തിലെ ചടങ്ങിനെത്തിക്കാൻ ശ്രമിച്ചവർക്കെതിരെ ഇന്ന് ക്ഷേത്ര പരിസരത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഒരു കൊടുങ്ങല്ലൂർക്കാരനായ നടനും ഗാനരചയിതാവുമായ വ്യക്തിയുമായി ക്ഷേത്രത്തിലെ ചില ഭാരവാഹികൾക്കുള്ള ബന്ധമാണ് സരിത ക്ഷേത്രഗാനങ്ങൾ അടങ്ങിയ സിഡി പ്രകാശനത്തിനെത്താൻ കാരണമായത്.

സരിതയിൽനിന്നും കാര്യമായ ധനസഹായം പ്രതീക്ഷിച്ചാണ് ചിലർ ഇത്തരം പ്രവർത്തികൾക്ക് കൂട്ടുനിന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്നാൽ സരിതയുടെ സഹായം ക്ഷേത്രം സ്വീകരിച്ചിട്ടില്ലെന്ന് ഭാരവാഹികൾ പറഞ്ഞെങ്കിലും വിശ്വാസികളിൽ പലരും ഇതിനെ അപ്പാടെ വിശ്വസിച്ചിട്ടില്ല. ലഭിച്ച തുകയുടെ കണക്ക് മാത്രം പറഞ്ഞാൽ മതിയെന്ന നിലപാടിലാണ് മഹിളകളിൽ പലരും.

രാവിലെ 10.30ന് എത്തിയ സരിത ഉച്ചയ്ക്ക് 1.45 നാണ് തിരിച്ചുപോയത്. അപമാനം സഹിച്ച് സരിത അത്രയും നേരം അമ്പലമുറ്റത്ത് ചെലവിട്ടതിനെയും മഹിളകൾ ചോദ്യം ചെയ്യുന്നുണ്ട്. ക്ഷേത്രാചാരപ്രകാരം ശിലയിടാൻ തീരുമാനിച്ചത് ഭക്തനും ബാംഗ്ലൂർ ആർഷഭാരത ഹിന്ദു ആചാര്യസഭയുടെ സന്ന്യാസിവര്യനുമായ സ്വാമി സൗപർണിക വിജയേന്ദ്രപുരിയായിരുന്നു. സ്വാമി ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചതാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്.

അതേസമയം ക്ഷേത്രാങ്കണത്തിലെത്തിയ സരിതയെ മാലയിട്ട് സ്വീകരിച്ച വീട്ടമ്മയെ മകൻ വിദേശത്തുനിന്നും ഫോണിൽ വിളിച്ച് ശകാരിച്ചതായും പറയപ്പെടുന്നു. ഇതിനിടെ സരിതക്കൊപ്പം എത്തിയ ഗാനരചയിതാവ് ഉദ്ഘാടകനായ സ്വാമിക്കെതിരെ നടത്തിയ പരാമർശം രംഗം വഷളാക്കി.

ശിലയിടൽ കഴിഞ്ഞാൽ പുനർപ്രവർത്തനങ്ങൾക്ക് ആരൊക്കെ ഉണ്ടായിരിക്കുമെന്ന് കണ്ടറിയണം. ഇവിടെ നടന്ന കോമാളിത്തരം ദൈവം അറിയുന്നുണ്ട്. ഇതിനുള്ള ശിക്ഷ ഉടൻ ഉണ്ടാകും എന്നൊക്കെ പറഞ്ഞും സരിതയെ വാഴ്‌ത്തിയും ഗാനരചയിതാവ് നടത്തിയ പ്രസംഗവും നാട്ടുകാർക്ക് പിടിച്ചിട്ടില്ല. അനുനയിപ്പിച്ചാൽ സഹായം ഇനിയും ലഭിക്കുമെന്ന സൂചനയും ഇയാളുടെ പ്രസംഗത്തിലുണ്ടായിരുന്നു. ഏതായാലും ശിലയിടൽ ചടങ്ങ് പൂർത്തിയായെങ്കിലും ക്ഷേത്രത്തിൽ അരങ്ങേറിയ നാടകീയരംഗങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ വിശ്വസികൾക്കുമുന്നിൽ തലകുനിച്ച് നിൽക്കേണ്ട ഗതികേടാണ് ഭാരവാഹികൾക്കുള്ളത്.