കാലിഫോർണിയ: കറുത്തവർഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നതിൽ പ്രതിഷേധിച്ച് ബ്ലാക്ക് ലൈവ്‌സ് മാറ്റർ ഗ്രൂപ്പ് പ്രതിഷേധവുമായി രംഗത്തിറങ്ങി. വർഷത്തിലെ ഏറ്റവും തിരക്കേറിയ സമയത്ത് എയർപോർട്ടുകളിലും ഷോപ്പിങ് മാളുകൾക്കു മുന്നിലുമാണ് ബ്ലാക്ക് ലൈവ്‌സ് മാറ്റർ ഗ്രൂപ്പ് പ്രകടനവുമായി രംഗത്തെത്തിയത് കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റാനാണ്. മിന്നസോട്ടയിലും കാലിഫോർണിയയിലുമാണ് പ്രകടനക്കാർ പ്രതിഷേധം നടത്തിയത്.

മിന്നസോട്ടയിൽ നടത്തിയ പ്രകടനത്തെ തുടർന്ന് ഇവിടത്തെ ഇന്റർനാഷണൽ എയർപോർട്ട് താത്ക്കാലികമായി അടയ്‌ക്കേണ്ടി വന്നു. കൂടാതെ മാൾ ഓഫ് അമേരിക്കയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്തു. ഇരുസ്ഥലത്തുമായി നടത്തിയ പ്രകടനത്തിൽ 15 പ്രകടനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മിന്നപ്പൊലീസിൽ ഉണ്ടായ പൊലീസ് വെടിവയ്പിൽ കറുത്തവർഗക്കാരൻ മരിച്ചതിൽ പ്രതിഷേധിച്ചാണ് ഗ്രൂപ്പ് പ്രകടനം നടത്തിയത്. ജമാർ ക്ലാർക്ക് എന്ന കറുത്തവർഗക്കാരൻ മരിക്കുന്നത് കഴിഞ്ഞ മാസമാണ്. ഒരു പരാതിയെ തുടർന്ന് അന്വേഷണത്തിനെത്തിയ പൊലീസിന്റെ വെടിയേറ്റാണ് ക്ലാർക്ക് മരിക്കുന്നത്. പൊലീസ് വിലങ്ങണിയിച്ച ക്ലാർക്കിന്റെ തലയിൽ വെടിയേറ്റാണ് മരിച്ചതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

അതേസമയം മാളുകൾക്കു മുന്നിലും എയർപോർട്ടിലും തിരക്കേറിയ ക്രിസ്മസ് സീസണിൽ പ്രകടനം നടത്തിയത് പൊതുജനങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. മാൾ ഓഫ് അമേരിക്കയുടെ മുന്നിൽ നടത്തിയ പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തിരുന്നു. ഏതു നിമിഷവും കലാപമായി മാറിയേക്കാവുന്ന ഈ പ്രകടനം അത്യന്തം അപകടകരം എന്നാണ് പൊലീസ് വിശേഷിപ്പിച്ചത്.


(ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25-12-2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ)