കോഴിക്കോട്: സ്ഥാനാർത്ഥിനിർണയത്തെച്ചൊല്ലി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെ കോൺഗ്രസിൽ പൊട്ടിത്തെറി. കെപിസിസി ജനറൽ സെക്രട്ടറി എൻ. സുബ്രമണ്യനാണ് കൊയിലാണ്ടിയിലെ സ്ഥാനാർത്ഥിയെന്ന വിവരം പുറത്തുവന്നതിനെ തുടർന്നാണ് തുടങ്ങിയ പരസ്യ പ്രതിഷേധങ്ങൾക്ക് കഴിഞ്ഞ ദിവസവും അവസാനമായില്ല. കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാറിനെ അനുകൂലിക്കുന്ന വിഭാഗമാണ് പരസ്യപ്രതിഷേധവുമായി രംഗത്തത്തെിയത്. കഴിഞ്ഞ രണ്ടുദിവസമായി ഈ മണ്ഡലത്തിൽ അനിൽകുമാറിനെ അനുകൂലിച്ച് കോൺഗ്രസുകാരുടെ പ്രകടനവും പോസ്റ്റർ പതിക്കലും നടക്കുകയാണ്.

2011ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച അനിൽകുമാർ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിൽ സജീവ ഇടപെടലുകളുമായി രംഗത്തുണ്ടായിരുന്നു. പരമ്പരാഗതമായി ഐ വിഭാഗത്തിന്റെ സീറ്റാണ് കൊയിലാണ്ടി. അനിൽകുമാർ കഴിഞ്ഞതവണ ഐ വിഭാഗക്കാരനായാണ് മത്സരിച്ചത്. എന്നാൽ, ഇത്തവണ ഗ്രൂപ്പുമാറി സുധീരൻപക്ഷം ചേർന്നു. സുധീരന്റെ അടുത്ത ആൾ എന്നനിലയിൽ സീറ്റ് ലഭിക്കുമെന്ന് അനിൽകുമാർ ഉറച്ചുവിശ്വസിച്ചിരുന്നു. താൻതന്നെയാണ് കൊയിലാണ്ടിയിലെ സ്ഥാനാർത്ഥിയെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതിനിടെയാണ് കൊയിലാണ്ടിയിലെ സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യനാണെന്ന വിവരം പുറത്തുവന്നത്. ഇതോടെ അനിൽകുമാറിനെ അനുകൂലിക്കുന്നവർ രോഷാകുലരായി തെരുവിലിറങ്ങി പ്രകടനം നടത്തുകയായിരുന്നു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് എന്നിവയുടെ ഭാരവാഹികൾ പ്രകടനത്തിൽ പങ്കെടുത്തു. നഗരസഭാ കൗൺസിലർ ശ്രീജ റാണി, മത്സ്യത്തൊഴിലാളി യൂനിയൻ സംസ്ഥാന നേതാവ് യു.കെ. രാജൻ, ബ്‌ളോക് കോൺഗ്രസ് സെക്രട്ടറി എം വി ബാബുരാജ്, യു.വി. മനോജ് തുടങ്ങിയവർ നേതൃത്വം നൽകി. രാത്രിയിൽ പന്തംകൊളുത്തി പ്രകടനവും നടന്നു.

അതേസമയം, ഇത് ചിലരുടെ താൽക്കാലിക പ്രകടനം മാത്രമാണെന്നും കോൺഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ബ്‌ളോക് കോൺഗ്രസ് പ്രസിഡന്റ് വി.വി. സുധാകരൻ പറഞ്ഞു. ആരും രാജിഭീഷണി മുഴക്കിയിട്ടില്‌ളെന്നും അദ്ദേഹം പറഞ്ഞു.
കുന്ദമംഗലത്തോ, കോഴിക്കോട് നോർത്തിലോ പരിഗണിക്കാതെ സുബ്രമണ്യനെ കൊയിലാണ്ടിയിലേക്ക് കെട്ടിയിറക്കിയതിൽ മണ്ഡലം കമ്മറ്റിക്കും കടുത്ത അതൃപ്തിയുണ്ട്.

അതിനിടെ സരിതാകേസ് വീണ്ടും സജീവമായത് സുബ്രമണ്യന് വിനയായിട്ടുണ്ട്. സോളാർകേസിൽ ഇടനിലക്കാരനായിനിന്ന് തന്നെ ചെന്നൈയിൽകൊണ്ടുപോയി സുബ്രമണ്യൻ പീഡിപ്പിച്ചതായി സരിതയുടെ കത്തിൽ വ്യക്തമാക്കുന്നുണ്ട്. അവസാന അടവെന്ന നിലയിൽ അനിൽകുമാർ അനുകൂലികൾ ഇക്കാര്യം കുത്തിപ്പൊക്കുന്നുണ്ട്.എന്നാൽ സുബ്രമണ്യനെ മാറ്റുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല.

കഴിഞ്ഞതവണ സിപിഎമ്മിലെ കെ.ദാസനോട് തോറ്റതിനെ തുടർന്ന്, ഇത്തവ മണ്ഡലം പിടക്കാനായി കെപിസിസിയുടെ നിർദേശത്തെതുടർന്ന് അനിൽകുമാർ കൊയിലാണ്ടിയിൽ കഴിഞ്ഞ അഞ്ചുവർഷമായി സജീവമായിരുന്നു. എന്നൽ സുബ്രമണ്യനാവട്ടെ ഒരു സുപ്രഭാതത്തിൽ മണ്ഡലത്തിലേക്ക് ഓടിയത്തെുക മാത്രമായിരുന്നെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.