കോഴിക്കോട്: കോൺഗ്രസിന് വലിയ തലവേദനയായി കോഴിക്കോട്ട് പെയ്‌മെന്റ് സീറ്റ് വിവാദവും. കൊയിലാണ്ടി സീറ്റിൽ എ.പി അനിൽകുമാറിനെ മാറ്റി പകരം എൻ.സുബ്രമണ്യനെ സ്ഥാനാർത്ഥിയാക്കിയതിനു പിന്നിൽ മലബാറിലെ ഒരു പ്രമുഖ അബ്ക്കാരിയാണെന്നാണ് ആരോപണം.

അനിൽകുമാർ അനുകൂലികളായ കോൺഗ്രസുകാർ തന്നെയാണ് ഈ ആരോപണം ഉന്നയിക്കുന്നത്. നേരത്തെ തന്നെ കൊയിലാണ്ടിയിലെ വിഭാഗീയത കോൺഗ്രസിന് തലവേദനയായിരുന്നു. ഈ ആരോപണം കൂടിയുണ്ടായതോടെ കൊയിലാണ്ടിയിൽ കോൺഗ്രസിൽ കൂട്ടരാജി തുടരുകയാണ്. മുസ്ലീലീഗ് മണ്ഡലം കമ്മറ്റിയും കഴിഞ്ഞ ദിവസം യോഗം ചേർന്ന് അനിൽ കുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്ന് കെപിസിസിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ ഇപ്പോഴത്തെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ.പി. അനിൽകുമാർ മത്സരിച്ച് തോറ്റ സീറ്റാണ് കൊയിലാണ്ടി. എന്നാൽ ഇക്കുറി അദ്ദഹത്തേിന് പകരം മറ്റൊരു കെപിസിസി ജനറൽ സെക്രട്ടറിയായ എൻ. സുബ്രഹ്മണ്യനാണ് സീറ്റ് നൽകിയിരിക്കുന്നത്. ഇത് അബ്ക്കാരി മുതലാളിയുടെ ഇടപെടൽ കൊണ്ടാണെന്ന് ആരോപണം. കഴിഞ്ഞ തവണ ഐ ഗ്രുപ്പിന്റെ ശക്തനായ വക്താവായിരുന്നു അനിൽകുമാർ. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് സീറ്റ് ലഭിച്ചത്. എന്നാൽ ആ തെരഞ്ഞെടുപ്പിൽ അനിൽകുമാർ പരാജയപ്പെട്ടു. പക്ഷേ മണ്ഡലത്തിൽ സജീവമാകാൻ ബന്ധപ്പെട്ടവർ അന്നു തന്നെ നിർദ്ദേശം നൽകിയിരുന്നുവെന്നാണ് അനിലുമായി ബന്ധപ്പെട്ടവർ വിശദീകരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം മണ്ഡലത്തിൽ സജീവവുമായിരുന്നു. ഇതിനിടയിൽ മദ്യനയം സംബന്ധിച്ച വിവാദങ്ങൾ ശക്തമായപ്പോൾ സുധീരന് അനുകൂലമായി നിലപാട് സ്വീകരിച്ച് അനിൽകുമാർ ഐ ഗ്രൂപ്പിൽ നിന്നും പുറത്തായി. എന്നാലും ഇക്കുറി സ്ഥാനാർത്ഥിനിർണ്ണയം ആരംഭിച്ചപ്പോൾ അനിൽകുമാറായിരിക്കും കൊയിലാണ്ടിയിലെ സ്ഥാനാർത്ഥിയെന്ന ഉറപ്പ് കെപിസിസി നേതൃത്വം കൊടുത്തിരുന്നുവെന്നാണ് അദ്ദഹേവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഒടുവിൽ അന്തിമതീരുമാനം വന്നപ്പോൾ അനിൽ പുറത്താകുകയായിരുന്നു.

മദ്യനയം സംബന്ധിച്ച വിവാദത്തിൽ ബാറുകാർക്ക് എതിരായ നിലപാട് സ്വീകരിച്ചതാണ് അനിൽകുമാറിനെ മാറ്റാൻ കാരണമെന്നാണ് ആരോപണം. മലബാർ പ്രദേശത്ത് ശക്തനായ ഒരു അബ്ക്കാരി വേണ്ട ചരടുവലികൾ നടത്തി അനിൽകുമാറിനെ ഒഴിവാക്കുകയും സീറ്റ് വിലയ്ക്ക് വാങ്ങുകയും ചെയ്തുവെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവർ ആരോപിക്കുന്നു. ഇതിനെതിരെയൊക്കെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ പോലും ഈ സമ്മർദ്ദത്തിന് മുന്നിൽ അടിയറവുപറഞ്ഞുവെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

എന്നാൽ കെപിസിസി നേതൃത്വവും ഐ ഗ്രൂപ്പും ഈ ആരോപണങ്ങളെ നിഷേധിച്ച് രംഗത്തുണ്ട്. കൊയിലാണ്ടി സ്ഥിരമായി ഐ ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റാണ്. കഴിഞ്ഞ തവണ ഐ ഗ്രൂപ്പ് പ്രതിനിധിയായാണ് അനിൽകുമാർ മത്സരിച്ചത്. ഇക്കുറി അനിൽ ഗ്രൂപ്പ് വിട്ട സാഹചര്യത്തിൽ കോഴിക്കൊട് ജില്ലയിൽ ഗ്രൂപ്പിന് വേണ്ടി ശക്തമായ നിലകൊള്ളുന്ന എൻ. സുബ്രമണ്യന് ആ സീറ്റ് നൽകുകയായിരുന്നു. ബാറുകാരുമായും അബ്ക്കാരികളുമായി കോൺഗ്രസിന് ഒരു ബന്ധവുമില്‌ളെന്നും അവർ വ്യക്താമക്കുന്നു.

അതിനിടെ സരിതയെ പീഡിപ്പിച്ചെന്ന ആരോപണവും സുബ്രമണ്യന് വിനയായിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തങ്ങൾക്ക് വീടുകയറി വോട്ടുചോദിക്കാനാവില്‌ളെന്നും അതിനാൽ സ്ഥാനാർത്ഥിയെ മാറ്റണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം മഹിളാ കോൺഗ്രസ് പ്രവർത്തകർ ഡി.സി.സി ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പകരം അനിൽകുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

മഹിളാ കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റും നഗരസഭ കൗൺസിലറുമായ ശ്രീജാ റാണിയുടെ നേതൃത്വത്തിലാണ് മുപ്പതോളം വരുന്ന പ്രവർത്തകർ ഡി.സി.സി ഓഫിസിന് മുന്നിൽ മണിക്കൂറുകളോളം കുത്തിയിരിപ്പ് സമരം നടത്തിയത് വിവാദമായിരുന്നു