തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയുടെയും ശോഭ സുരേന്ദ്രന്റെയും പരോക്ഷ പരാമർശങ്ങൾക്ക് പിന്നാലെ ഐജി എബ്രഹാമിനെതിരെ പ്രതിഷേധത്തിന് നീക്കം. ഐജി മനോജ് എബ്രഹാമിന് വീട്ടിലേക്ക് നാളെ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ സ്ത്രീകൾ മാർച്ച് നടത്തും. ഐ.ജിയുടെ വീടിന് കൂടുതൽ പൊലീസ് കാവൽ ഏർപ്പെടുത്തി. നിലയ്ക്കലും പമ്പയിലും കഴിഞ്ഞ ദിവസം വിശ്വാസികൾക്ക് നേരേ നടന്ന പൊലീസ് നടപടി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകരമാണെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്.

നാമജപയാത്രയിൽ പങ്കെടുത്ത വിശ്വാസികളെ പിരിച്ചുവിടാൻ ലക്ഷ്യമിട്ട്, മഫ്തിയിലുള്ള പൊലീസുകാരെ തിരുകികയറ്റി ബോധപൂർവം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ആരോപണം. പാസിങ് ഔട്ട് പൂർത്തിയാകാത്ത പൊലീസുകാരെയാണ് ഇതിന് നിയോഗിച്ചതെന്നും മനോജ് എബ്രഹാമിന്റെ നിർദ്ദേശമനുസരിച്ചാണ് ഭക്തരെ മർദ്ദിച്ചതെന്നും വിശ്വാസികൾ ആരോപിക്കുന്നു.

ലാത്തിച്ചാർജ്ജിന്റേതായ പൊലീസ് നടപടികളൊന്നും പാലിക്കാതെയായിരുന്നു പൊലീസ് നടപടിയെന്നും അവർ കുറ്റപ്പെടുത്തി. സമാധാനപരമായി നാമജപം നടത്തിയിരുന്ന ഭക്തരെ പൊലീസ് നിരത്തിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നുവെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി പി എൻ നാരായണവർമ്മ പറഞ്ഞിരുന്നു.പ്രാണരക്ഷാർത്ഥം പലരും രക്ഷ തേടി മണ്ഡപത്തിൽ ഓടി കയറുകയായിരുന്നുവെന്നും അദേഹം പറഞ്ഞു. ഇതെല്ലാമാണ് വിശ്വാസികൾ പൊലീസിനും മനോജ് എബ്രഹാമിനുമെതിരെ തിരിയാൻ കാരണം.

അതിനിടെ വാട്‌സാപ്പിലെ ചില ഗ്രൂപ്പുകളിലും ഫേസ്‌ബുക്കിലെ ചില ഗ്രൂപ്പുകളിലും ഐജി മനോജ് എബ്രഹാമിനെതിരെ പോസ്റ്റുകൾ പ്രചരിക്കുകയും ചെയ്തു. ശബരിമലയിൽ എത്തുന്ന യുവതികളെ എങ്ങനെയെങ്കിലും മല ചവിട്ടിക്കുക എന്ന ദൗത്യമാണ് മനോജ് എബ്രഹാമിനെ ഏൽപ്പിച്ചിരുന്നത് എന്ന മട്ടിൽ കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലും പോസ്റ്റുകൾ പ്രചരിച്ചത്. മഫ്തിയിൽ കടന്നുകൂടിയ പൊലീസുകാർ വാഹനങ്ങൾ തടഞ്ഞുവെന്നും പൊലീസിനെ കല്ലെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചുവെന്നും തുടർന്നാണ് ഭക്തർക്കെതിരെ പൊലീസ് ആക്രമണം അഴിച്ചുവിടുകയായിരുന്നെന്നും ആരോപണം ഉയർന്നു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയും മനോജ് എബ്രഹാമിനെ ലാക്കാക്കി ചില പരാമർശങ്ങൾ നടത്തി. വിശ്വാസികളെ തല്ലിച്ചതയ്ക്കാൻ ഒരു ഉദ്യോസ്ഥനാണ് നേതൃത്വം നൽകിയതെന്നും ആ ഉദ്യോഗസ്ഥന്റെ നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദഹം പറഞ്ഞു. ആ ഉദ്യോഗസ്ഥന്റെ പേരുതാൻ പറയുന്നില്ലെന്നും അദ്ദേഹത്തെ നിങ്ങൾക്കറിയാമെന്നുമാണ് ശ്രീധരൻ പിള്ള പറഞ്ഞത്. ഏതായാലും ബിജെപി നേതാക്കളുടെ പരാമർശങ്ങൾക്ക് പിന്നാലെയാണ് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ സ്ത്രീകൾ മനോജ് എബ്രഹാമിന്റെ വസതിയിലേക്ക് മാർച്ച് നടത്തുന്നത്.