ആലപ്പുഴ: പെരുമ്പളം പഞ്ചായത്തിലെ പനയക്കലിൽ സന്തോഷ് ബീന ദമ്പതികളുടെ മകൻ അർജുൻ സന്തോഷാണ് 20 വർഷത്തോളമായുള്ള പ്രദേശത്തുകാരുടെ പാലം എന്ന ആവശ്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനായാണ് ക്രിയാത്മക സമരവുമായി ഒമ്പതാം ക്ലാസുകാരൻ മുന്നോട്ട് വന്നിരിക്കുന്നത്. തൃപ്പുണ്ണിത്തുറ സ്‌കൂളിലാണ് പെരുമ്പളം ദ്വീപിലെ മിക്കവാറും എല്ലാ കുട്ടികളും പഠിക്കുന്നത്. ദ്വീപ് നിവാസികൾക്ക് പട്ടണത്തിലേക്ക് പോകുവാനുള്ള ഏക മാർഗം ബോട്ടുകളാണ്. എന്നാൽ കാലപഴക്കം ചെന്ന ബോട്ടുകളിലെ യാത്ര അത്ര സുരക്ഷിതവുമല്ല. ഇനി ബോട്ടിൽ പോകാമെന്ന് വച്ചാൽ തന്നെ പല ബോട്ടുകളും എത്തിയാൽ എത്തി എന്ന അവസ്ഥയാണ്. പെരുമ്പളം പൂത്തോട്ട പാലം നിർമ്മിക്കണമെന്ന ആവശ്യമുന്നയിച്ച് പെരുമ്പളം നിവാസികൾ നടത്തിവരുന്ന സമരത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

സർക്കാരുകൾ പലതും മാറി വന്നെങ്കിലും ദ്വീപ് നിവാസികളുടെ ആവശ്യം മാത്രം നടപ്പിലായില്ല. വി എസ് സർക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ദ്വീപ് സന്ദർശിക്കുകയും പിന്നീട് പാലത്തിനായി 35 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ സർക്കാർ മാറി വന്നതോടെ പദ്ധതി നടക്കാതെയായി. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്ന ശേഷം തൃപ്പുണ്ണിത്തുറ എംഎൽഎ കൂടിയായ മന്ത്രി കെ.ബാബു തന്റെ മണ്ഡലത്തിലെ കുണ്ടന്നൂർ -നെട്ടൂർ പാലത്തിനായി ഫണ്ട് വക മാറ്റി ചെലവഴിക്കുകയായിരുന്നു. കൃത്യമായി എത്താത്ത ബോട്ടുകൾ കാരണം സ്ഥിരമായി സ്‌കൂളിലേക്കുള്ള യാത്രമുടങ്ങുന്നതിന് പരിഹാരം കാണാൻ അധികാരികൾ തയ്യാറാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പൂത്തോട്ട കെപിഎംഎച്ച്എസ്എസിലെ വിദ്യാർത്ഥിയായ അർജുന്റെ സമരം.

മിക്ക ദിവസങ്ങളിലും സ്‌കൂളിൽ വൈകിയെത്തുന്നത് കാരണം പഠനം നഷ്ടപ്പെടാറുണ്ട്. സ്‌കൂളിൽ നിന്നും ചിലപ്പോ വഴക്കും അടിയുമൊക്കെ കിട്ടാറുണ്ട്. ഇത് കാരണമാണ് ഇങ്ങനെയൊരു സമരത്തിന് താരുമാനിച്ചതെന്നാണ് അർജുന്റെ പക്ഷം. അർജുൻ നടത്തുന്ന ഈ സമരത്തിന് ജാതി മത രാഷ്ട്രീയ ഭേദമന്യേ ദ്വീപിലെ എല്ലാവരുടേയും പിന്തുണയും ലഭിക്കുന്നുണ്ട്. അർജുൻ വേമ്പനാട്ട് കായൽ നീന്തി സ്‌കൂളിലെത്തുമ്പോൾ ബാഗും ബുക്കും മറ്റ് പഠനോപകരണങ്ങളുമായി വിവിധ സന്നദ്ധസംഘടനകൾ അർജുനെ അനുഗമിക്കാറുണ്ട്. അർജുന്റെ ഈ സമരത്തിന് അച്ഛൻ സന്തോഷിന്റെ പൂർണ പിന്തുണയുമുണ്ട്.

ഇത്തരമൊരു ആവശ്യവുമായി സമരം ചെയ്യുകയാണെന്ന് മകൻ പറഞ്ഞപ്പോൾ പൂർണ പിന്തുണ നൽകുകയായിരുന്നു. പാ്ലം പണിയും എന്ന ഉറപ്പ് അധികാരികളിൽ നിന്നും ലഭിക്കും വരെ ഇങ്ങനെ ദിവസേന വേമ്പനാട്ട് കായൽ നീന്ത്ി സ്‌കൂളിൽ പോകാനാണ് അർജുന്റെ തീരുമാനം. നേരത്തെ ദ്വീപ് നിവാസികളുടെ യാത്രാ പ്രശനം പരിഹരിക്കുന്നതിനായി അരൂർ എംഎൽഎ ആരിഫ് അനുവദിച്ച ജങ്കാർ യുഡിഎഫ് പഞ്ചായത്ത് സമിതി ഉപയോഗിച്ചിരുന്നില്ല. എന്തായാലും പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ ഒരു പാലം എന്ന വർഷങ്ങളായ ആവശ്യം നടപ്പിലാകും എന്നാണ് ദ്വീപുകാരുടെ വിശ്വാസം.

പെരുമ്പളത്തെ എറണാകുളം ആലപ്പുഴ ജില്ലകളിലേക്ക് റോഡു മാർഗം ബന്ധിപ്പിക്കുന്നതിനായി 160 കോടി രൂപയടെ പ്രോജക്ടാണ് പിഡബ്ല്യുഡി ഭരണാനുമതി ലഭിക്കുന്നതിനായി സർക്കാറിന് സമർപ്പിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം പാലം യാഥാർഥ്യമായാൽ എറണാകുളം ജില്ലയിലെ പൂത്തോട്ട ആലപ്പുഴയിലെ പനവള്ളി എന്നിവടങ്ങളുമായി പെരുമ്പളം ദ്വീപിനെ ബന്ധിപ്പിക്കുകയെന്ന സ്വപ്നം യാഥാർഥ്യമാകുമെന്നാണ് ദ്വീപ് നിവാസികൾ വിശ്വസിക്കുന്നതും. പദ്ധതി സംബന്ധിച്ച് ജനുവരിയിൽ സർവ്വേയും നടത്തിയിരുന്നു.