കൊച്ചി: കൊച്ചി മെട്രോയ്ക്കായി സ്ഥലം വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ ശീമാട്ടി സിൽക്‌സ് ഉടമ ബീനാ കണ്ണൻ തുടരുന്ന സാഹചര്യത്തിലും പിന്നോട്ടു പോകേണ്ടെന്ന നിലപാടിലാണ് കെഎംആർഎൽ. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ പ്രത്യേക വകുപ്പുകൾ പ്രകാരം തന്നെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകാനാണ് കൊച്ചി മെട്രോ റെയിലിന്റെ തീരുമാനം. ഇതനുസരിച്ച് മെട്രൊ നിർമ്മാണത്തിനായി ശീമാട്ടിയുടെ 30 സെന്റ് ഭൂമി എറ്റെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർ രാജമാണിക്യത്തിന് കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ്ജ് കത്ത് നൽകിയിട്ടുണ്ട്. അതേസമയം ഹാരിസൺ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തിരക്കിലാണ് കലക്ടർ. ഹാരിസൺ എസ്റ്റേറ്റ് ഭൂമി തിരിച്ചു പിടിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ഓഫീസറായ രാജമാണിക്യം അതുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി തിരുവനന്തപുരത്തായിരുന്നു. അതുകൊണ്ടു തന്നെ കെഎംആർഎല്ലിന്റെ കത്ത് പരിശോധിക്കാൻ രാജമാണിക്യത്തിന് സമയം കിട്ടിയിട്ടില്ല.

അതേസമയം എത്രയും വേഗം ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് കെഎംആർഎൽ കലക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇന്നോ നാളെയോ തന്നെ കലക്ടർ ശീമാട്ടിക്ക് നോട്ടീസ് നൽകുമെന്നാണ് കൊച്ചി മെട്രോയുടെ പ്രതീക്ഷ. കലക്ടർ ഉത്തരവിട്ട് 48 മണിക്കൂറിനകം വേണമെങ്കിൽ ജില്ലാ ഭരണകൂടത്തിന് സ്ഥലം ഏറ്റെടുക്കാം. പണം കെട്ടിവെക്കേണ്ടത് കോടതിയിലാണ് താനും. വിഷയം കേസിലേക്ക് നീങ്ങിയാലും മെട്രോ നിർമ്മാണം തുടങ്ങാമെന്നാണ് കെഎംആർഎലിന്റെ പ്രതീക്ഷ.

20 തവണ ചർച്ച നടത്തിയിട്ടും ഇതുവരെ വഴങ്ങാത്ത ശീമാട്ടി എം ഡി ബീന കണ്ണൻ കെ.എം.ആർ.എല്ലിനെ വിമർശിച്ചുകൊണ്ട് ഇന്നലെ പത്രങ്ങളിൽ പരസ്യം നൽകുകയുണ്ടായി. ഈ സാഹചര്യത്തിൽ ബീനാ കണ്ണന് അതേഭാഷയിൽ തന്നെ ശക്തമായ മറുപടി നൽകാനും കെഎംആർഎൽ ഉദ്ദേശിക്കുന്നുണ്ട്. മുൻപ് മാധവഫാർമസി ജംഗ്ഷനിലെ ചില വ്യാപാരികൾ മാത്രമായിരുന്നു മെട്രോയ്ക്കായി സ്ഥലമേറ്റെടുക്കുന്നതിനെതിരെ രംഗത്ത് വന്നത്. ഇത് നിയമപരമായി നേരിടുകയാണ് കെ.എം.ആർ.എൽ ചെയ്തത്. കലക്ടർക്ക് കത്ത് നൽകി ജില്ലാ ഭരണകൂടത്തെ ഉപയോഗിച്ചായിരുന്നു അന്ന പ്രതിഷേധക്കാരെ നേരിട്ടത്.

നേരത്തെ ചെറിയ എതിർപ്പുണ്ടായെങ്കിലും ശീമാട്ടിയുടെ അടുത്തുള്ള ഗാന്ധിഭവൻ മെട്രൊ നിർമ്മാണത്തിനായി പൊളിച്ചു നീക്കിയിരുന്നു. അത് പക്ഷെ ഭരണനേതൃത്വത്തിലുള്ളവർ ഗാന്ധിഭവൻ അധികൃതരുമായി ചർച്ച നടത്തിയാണ് സ്ഥലമേറ്റെടുത്തത്. ഗാന്ധിയുടെ പ്രതിമയും, ഗാന്ധിഭവന്റെ ചെറിയൊരു ഭാഗവും മാത്രവും പൊളിക്കാതെ നിൽക്കുന്നുണ്ട്. അതേസമയം കലക്ടർ നോട്ടീസ് നൽകുന്നത് വൈകിയാൽ ശീമാട്ടി അധികൃതർ നിയമനടപടിക്ക് ഒരുങ്ങുമെന്നും സൂചനയുണ്ട്. 30 സെന്റ് വരുന്ന സ്ഥലം എറ്റെടുത്താൽ പിന്നെ ഇതുപോലെരു സ്ഥലം തങ്ങൾക്ക് ലഭിക്കാനിടയില്ലെന്ന തിരിച്ചറിവാണ് കോടതി നടപടികളിലേക്ക് നീങ്ങാൻ ബീന കണ്ണനെ പ്രേരിപ്പിക്കുന്നത്.

കെ.എം.ആർ.എൽ പറയുന്ന സ്ഥലം നൽകുകയാണെങ്കിൽ തങ്ങളുടെ സ്ഥാപനത്തിന്റെ ഒരു ഭാഗം ശീമാട്ടിക്ക് പൊളിച്ച് കളയേണ്ടിവരുമെന്ന വാദവും ഉയർത്താനാണ് ബീനാ കണ്ണന്റെ തീരുമാനം. എന്നാൽ മെട്രോയ്ക്ക് വേണ്ടി സ്ഥലം മാത്രമേ ഏറ്റെടുക്കേണ്ടതുള്ളൂവെന്നതാണ് വസ്തുത. ഏറ്റവും കൂടുതൽ ബിസിനസ്സ് നടക്കുന്ന എം ജി റോഡിലെ കണ്ണായസ്ഥലം നഷ്ടമായാൽ പിന്നെ എത്ര നഷ്ടപരിഹാരം ലഭിച്ചിട്ടും യാതൊരു പ്രയോജനവുമില്ലെന്നാണ് അവരുടെ പക്ഷം.

പൈലിങ് നടക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം വിട്ടുനൽകാതെ തന്നെ മെട്രൊ നിർമ്മാണം അനുവദിക്കാമെന്നായിരുന്നു ശീമാട്ടിയുടെ നിലപാട് എന്നാൽ ആ ഒത്തുതീർപ്പിന് കെ.എം.ആർ.എൽ വഴങ്ങാതെ വന്നതോടെയാണ് അവർ നിർബന്ധിത ഭൂമിയേറ്റെടുക്കലിലേക്കെത്തിയത്. ഭരണനേതൃത്വത്തിന്റെ തലത്തിൽ നിന്നുള്ള സമ്മർദ്ദം ഉണ്ടായില്ലെങ്കിൽ ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കാമെന്ന് തന്നെയാണ് കെ.എം.ആർ.എല്ലിന്റെ വിശ്വാസം.