ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ അദ്ദേഹത്തിന്റെ പോയ്‌സ് ഗാർഡനിലെ വസതിക്കു മുന്നിൽ തമിഴർ മുന്നേറ്റ പടൈ എന്ന തമിഴ് സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധം.

പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. തമിഴനല്ലാത്തയാൾ തമിഴ് രാഷ്ട്രീയത്തിൽ വേണ്ട എന്ന് ആവശ്യപ്പെട്ടാണ് തമിഴർ മുന്നേറ്റ പടൈ പ്രതിഷേധം നടത്തുന്നത്. പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ആരാധകരുമായി നടത്തിയ സംവാദങ്ങളിലെ പാരാമർശങ്ങൾ രജനീകാന്ത് രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകിയിരുന്നു. അദ്ദേഹം മോദിയെയും അമിഷ് ഷായെയും കാണുമെന്നും വാർത്തകൾ പരന്നിരുന്നു.

ഇതിനിടയിലാണ് പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തിയത്. രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കൾ വന്നതോടെ രജനി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന അഭ്യൂഹം പരന്നിരുന്നു. എന്നാൽ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കർണാടക സ്വദേശിയാണ് രജനീകാന്തിന്റെ യഥാർത്ഥ പേര് ശിവാജി റാവു ഗെയ്ക്വാദ് എന്നാണ്.