ന്യൂഡൽഹി: സൈന്യത്തിലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്ക് എതിരായ പ്രക്ഷോഭം രൂക്ഷമായി. യുപിയിലും ബിഹാറിലും ഇന്ന് രാവിലെ ജനക്കൂട്ടം ട്രെയിനുകൾക്ക് തീയിട്ടു. തുടർച്ചയായ മൂന്നാം ദിവസവും പ്രക്ഷോഭം അയവില്ലാതെ തുടരുകയാണ്.

യുപിയിലെ ബലിയയിൽ ഇന്ന് രാവിലെ ആൾക്കൂട്ടം റെയിൽവെ സ്റ്റേഷനിൽ കയറി ട്രെയിനിന് തീയിട്ടുവെന്ന് മാത്രമല്ല, സ്റ്റേഷനിലെ സാമഗ്രികൾ നശിപ്പിച്ചു. പൊലീസ് ഇവരെ ബലം പ്രയോഗിച്ച് വിരട്ടിയോടിച്ചു. കിഴക്കൻ യുപിയിൽ ഒരു റെയിൽവെ സ്റ്റേഷന് പുറത്ത് പ്രക്ഷോഭകർ പൊലീസിന് നേരേ പ്രതിഷേധിക്കുന്നത് കാണമായിരുന്നു. ലാത്തികളേന്തിയ യുവാക്കൾ കടകളും, സ്റ്റേഷനിലെ ബഞ്ചുകളും തല്ലിപ്പൊളിക്കുന്ന വീഡിയോ പുറത്തുവന്നു.

ബിഹാറിലെ മൊഹിയുദ്ദിനഗർ പൊലീസ് സ്റ്റേഷനിൽ ജമ്മു-താവി എക്സ്‌പ്രസിന്റെ രണ്ടുകോച്ചുകൾക്ക് തീയിട്ടു. സംഭവത്തിൽ ആർക്കും അപകടമില്ല. പാസഞ്ചർ ട്രെയിനിന്റെ രണ്ടു ബോഗികൾക്ക് പ്രതിഷേധക്കാർ ഇന്നു രാവിലെ തീവച്ചു. പ്രതിഷേധം ഹരിയാനയിലേക്കും മധ്യപ്രദേശിലേക്കും വ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലെ പൽവാൽ ജില്ലയിൽ കല്ലേറും, അക്രമവും തുടർന്നതോടെ, ഇന്റർനെറ്റും എസ്എംഎസും 24 മണിക്കൂർ നേരത്തേക്ക് നിർത്തി വച്ചു.

അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യമെങ്ങും പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ വ്യാപക പ്രതിഷേധവും വിമർശനവും ഉയർന്നിരിക്കുകയാണ്. ഇതിനെ തണുപ്പിക്കാനാവുമെന്ന പ്രതീക്ഷ മുൻനിർത്തിയാണ് പദ്ധതിയിലെ അംഗമാകാനുള്ള ഉയർന്ന പ്രായപരിധി 21-ൽനിന്ന് 23 ആക്കി ഉയർത്തിയിരിക്കുന്നത്. ഈ വർഷത്തേക്കു മാത്രമാണ് ഈ ഉയർന്ന പ്രായപരിധി ഇളവ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റുകളൊന്നും നടന്നിട്ടില്ല. അതിനാലാണ് ഇക്കൊല്ലത്തേക്ക് മാത്രം ഉയർന്ന പ്രായപരിധി 23 ആക്കി ഉയർത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.

അതേസമയം അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യത്താകമാനവും ഉത്തരേന്ത്യയിൽ പ്രത്യേകിച്ചും ഉയർന്നിരിക്കുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാൻ ഈ നീക്കം കൊണ്ട് സാധിക്കുമെന്ന് കരുതാനാകില്ല. കാരണം, കഴിഞ്ഞ രണ്ടുവർഷമായി നിയമനം നടക്കുന്നില്ലെന്ന് ബോധ്യമുള്ള പ്രതിരോധ മന്ത്രാലയമാണ് ഉയർന്ന പ്രായപരിധി 21 നിശ്ചയിച്ച് കഴിഞ്ഞദിവസം പദ്ധതി പ്രഖ്യാപിച്ചത്. തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രായപരിധി ഉയർത്താനുള്ള തീരുമാനം കേന്ദ്രം കൈക്കൊള്ളുന്നത്.

ഉയർന്ന പ്രായപരിധി എന്ന ആവശ്യം ഉന്നയിച്ചു മാത്രമല്ല യുവാക്കളുടെ പ്രതിഷേധം. പെൻഷൻ, തൊഴിൽസ്ഥിരത, ആനുകൂല്യങ്ങൾ തുടങ്ങിയ ഘടകങ്ങളും ഇവരുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. മുൻപ് സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിരുന്നവരും പദ്ധതിയുമായി ബന്ധപ്പെട്ട് വിമർശനം ഉയർത്തിയിരുന്നു.

ഇന്നലെ ബിഹാറിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും പ്രതിഷേധക്കാർ തെരുവിലിറങ്ങി. റോഡ്, റെയിൽ ഗതാഗതം സ്തംഭിപ്പിച്ച അവസ്ഥയാണ് ഉണ്ടായത്. ബിഹാറിലെ സരൻ ജില്ലയിലെ ഛപ്രയിലും ബാബുവയിലും പ്രതിഷേധക്കാർ ട്രെയിനിന് തീയിട്ടു. അഗ്‌നിപഥ് റിക്രൂട്ട്മെന്റ് പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആര റെയിൽവേ സ്റ്റേഷന് നേരെ കല്ലേറുമുണ്ടായി. ബാബുവയിൽ നിർത്തിയിട്ട ട്രെയിൻ കോച്ചിന് പ്രതിഷേധക്കാർ തീയിടുകയും കോച്ചുകൾ അടിച്ചുതകർക്കുകയും ചെയ്തു.

ഡൽഹിയിലും ഉത്തർപ്രദേശിലും ജമ്മു കശ്മീരിലും പുതിയ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് 22 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി. അഞ്ചു ട്രെയിനുകൾ നിർത്തിയിട്ടിരിക്കുകയാണ്. ഭാഭുവ റോഡ് റെയിൽവേ സ്റ്റേഷനിൽ ഉദ്യോഗസ്ഥർ ഇന്റർസിറ്റി എക്സ്‌പ്രസിന്റെ ജനൽച്ചില്ലുകൾ തല്ലിത്തകർത്തു. കോച്ചിന് തീവെക്കുകയും ചെയ്തു. കൈമൂർ, ചപ്ര എന്നിവിടങ്ങളിലും സമരക്കാർ ട്രെയിനിന് തീയിട്ടു. ജഹാനാബാദിലും ആരായിലും സമരക്കാർ റെയിൽവേ ട്രാക്ക് ഉപരോധിക്കുകയും, പൊലീസിന് നേർക്ക് കല്ലെറിയുകയും ചെയ്തു. തുടർന്ന് ജഹാനാബാദിൽ സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ മധ്യപ്രദേശിൽ വെച്ച് അക്രമണമുണ്ടായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട 12643 നിസാമുദീൻ എക്സ്‌പ്രസിന് നേരെയാണ് ഗ്വാളിയോർ സ്റ്റേഷനിൽ വെച്ച് അക്രമമുണ്ടായത്. കൂട്ടത്തോടെയെത്തിയ പ്രതിഷേധക്കാർ ഗ്ലാസുകൾ അടിച്ചു തകർത്തു. സെക്കന്റ് എസി, തേർഡ് എസി കമ്പാർട്ടുമെന്റുകളിലെ മിക്ക ഗ്ലാസുകളും തകർന്നു.

ട്രെയിനിൽ നിരവധി മലയാളികളാണ് യാത്രചെയ്യുന്നത്. സ്ലീപ്പറിലും ജനറൽ കംപാർട്ടുമെന്റിലും യാത്ര ചെയ്യുന്ന നിരവധി പേർക്ക് പരിക്കേറ്റതായി യാത്രക്കാർ വിശദീകരിച്ചു. ഇരുമ്പ് വടികളും മറ്റുമായി കൂട്ടത്തോടെ ഓടി വന്ന് ട്രെയിനിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് യാത്രക്കാർ വിശദീകരിക്കുന്നത്. പ്ലാറ്റ് ഫോമിലും പ്രതിഷേധക്കാർ ആക്രമണം നടത്തി.

ബിഹാറിൽ ഗയ, മുംഗർ, സിവാൻ, ബക്സർ, ബാഗൽപുർ എന്നിവിടങ്ങളിലാണ് ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നത്. ഹരിയാനയിലെ രേവാരിയിൽ പ്രതിഷേധക്കാർ ബസ് സ്റ്റാന്റ് ഉപരോധിച്ചു, ഗതാഗതം തടസ്സപ്പെടുത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ഗുരുഗ്രാം-ജയ്പുർ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾക്ക് നേരെയും പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടു.