- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നര വർഷമായി ഈ ബുദ്ധിമുട്ട് സഹിക്കുന്നു; ക്ഷമകെട്ടു പോയി; കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കർണാടക തടഞ്ഞതിന് എതിരെ തലപ്പാടി അതിർത്തിയിൽ വൻ പ്രതിഷേധം; കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള ചരക്ക് വാഹനങ്ങൾ തടഞ്ഞു മലയാളികൾ
കാസർകോട് : കോവിഡ് വ്യാപനത്തെ തുടർന്ന് കർണാടക ഏർപ്പെടുത്തിയ യാത്ര നിയന്ത്രണത്തിന് എതിരെ തലപ്പാടി അതിർത്തിയിൽ മലയാളികളുടെ പ്രതിഷേധം. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച യാത്രക്കാർ കർണാടകയിൽ നിന്നും കേരളത്തിലേക്കുള്ള ചരക്ക് വാഹനങ്ങൾ അടക്കം തടഞ്ഞിട്ടു. 20 മിനിറ്റോളം നീണ്ട സമരം മഞ്ചേശ്വരം സിഐയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്നണ് അവസാനിപ്പിച്ചത്.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഉൾപ്പെടെ അതിർത്തി കടക്കുന്ന എല്ലാവർക്കും ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി, അതിർത്തിയിൽ പരിശോധന നടത്താമെന്ന് പറഞ്ഞ അധികൃതർ രാവിലെ 10 മണിയോടെ കൗണ്ടർ അടച്ചു, അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്നും അനുവദിക്കുന്നില്ല, പ്രതിഷേധിച്ച ഒരാളെ മംഗലൂരു പൊലീസ് കസ്റ്റഡിയിൽ എടുത്തു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മലയാളികളുടെ പ്രതിഷേധം.
സൂചനാ സമരമാണിതെന്നും സർക്കാർ ഇടപെടണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഒന്നര വർഷമായി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു. 20 മിനിറ്റോളം പ്രതിഷേധിച്ചവർ പിന്നീട് സമരം അവസാനിപ്പിച്ച് കേരളത്തിലേക്കുള്ള വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ നിബന്ധനകളിൽ ഒരു ഇളവ് വരുത്താനും കർണാടക തയ്യാറായിട്ടില്ല.
കേരളത്തിൽ നിന്നാണ് കർണാടകയിലേക്ക് കോവിഡ് പടരുന്നത് എന്നും ഇത് വലിയ പ്രതിസന്ധിയാണ് ദക്ഷിണ കന്നടയിൽ ഉണ്ടാക്കുന്നതെന്നും കർണാടകയിലെ ഉദ്യോഗസ്ഥർ പറയുന്നു. അന്തർസംസ്ഥാന ബസുകളും റദ്ദാക്കിയിരിക്കുകയാണ്. ആരോഗ്യം വിദ്യാഭ്യാസം തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് കാസർകോട് ജില്ലക്കാർ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് മംഗലാപുരത്തെയാണ്. ഒന്നാം ലോക്ക്ഡൗണിൽ അതിർത്തികൾ അടച്ചതിനെ തുടർന്ന് 13 പേരാണ് മംഗലാപുരത്ത് ആശുപത്രികളിൽ വൈദ്യസഹായം ലഭിക്കാതെ മരണപ്പെട്ടത് .
കെഎസ്ആർടിസി ബസ് തലപ്പാടി അതിർത്തി വരെ മാത്രമാണ് സർവീസ് നടത്തുന്നത്.അവിടെ വെച്ച് ആർടിപിസിആർ പരിശോധനയ്ക്കായി യാത്രക്കാരിൽ നിന്നും സാംപിൾ ശേഖരിച്ച ശേഷമാണ് അതിർത്തി കടത്തിവിടുന്നത്. തലപ്പാടിയിൽ നിന്നും കർണാടക സർക്കാർ ഏർപ്പെടുത്തിയ ബസിലാണ് സഞ്ചരിക്കാനാകുക.
നേരത്തെ രണ്ടു വാക്സിൻ എടുത്തവരെ സർട്ടിഫിക്കറ്റ് പരിശോധിച്ച് കടത്തിവിട്ടിരുന്നു. എന്നാൽ കേരളത്തിൽ കോവിഡ് കൂടുന്ന സാഹചര്യത്തിൽ വാക്സിൻ സർട്ടിഫിക്കറ്റ് പരിഗണിച്ച് കടത്തിവിടേണ്ടെന്നാണ് കർണാടക സർക്കാരിന്റെ തീരുമാനം. 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് നിർബന്ധമാണെന്നാണ് കർണാടക പറയുന്നത്.
തമിഴ്നാട് വാളയാർ അതിർത്തിയിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള വാഹനങ്ങൾ കർശന പരിശോധനയ്ക്ക് ശേഷമാണ് വാളയാർ അതിർത്തി കടത്തിവിടുന്നത്. കുമളി അതിർത്തിയിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്