ന്യൂഡൽഹി: വിദേശത്ത് ജോലിക്ക് പോകുന്ന വേളയിലും ഇന്ത്യയിൽ പ്രോവിഡന്റ് ഫണ്ട് നിക്ഷേപം തുടരാൻ അവസരം ഒരുങ്ങുന്നു. കേന്ദ്രസർക്കാർ നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് ഇതിന് സഹായകമാകുന്നത്. ജോലി ചെയ്യുന്ന രാജ്യങ്ങളിൽ സാമൂഹിക സുരക്ഷാ പദ്ധതികളിൽ ചേരാതെ ഒഴിഞ്ഞു നിൽക്കാനും അവസരം ഒരുങ്ങുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് 18 രാജ്യങ്ങളുമായി കേന്ദ്രം കരാറുണ്ടാക്കി. ബ്രസീലുമായുള്ള കരാർ ഉടൻ ഒപ്പുവെക്കുന്നതോടെ ഇത് 19 ആവും. ഐ.ടി.ഉൾപ്പെടെയുള്ള മേഖലകളിൽനിന്ന് വിദേശത്തേക്ക് നിയോഗിക്കപ്പെടുന്നവർക്ക് ഗുണകരമാകുന്ന തീരുമാനമാണ് ഇതെന്ന് കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ വി.പി. ജോയ് പറഞ്ഞു.

മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവർ അവിടുത്തെ സാമൂഹിക സുരക്ഷാ പദ്ധതികളിൽ നിർബന്ധമായും ചേർന്നിരിക്കണമെന്ന വ്യവസ്ഥ തൊഴിലാളികൾക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുണ്ട്. നിശ്ചിതവർഷത്തിനുശേഷമേ അത്തരം സുരക്ഷാ പദ്ധതികളിൽനിന്ന് ആനുകൂല്യം ലഭിക്കൂ. പലരും അതിനുമുമ്പ് വിദേശസേവനം അവസാനിപ്പിച്ച് തിരികെ വരുമെന്നതിനാൽ അടച്ച പണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്.

ഇന്ത്യയിലെ സാമൂഹിക സുരക്ഷാ പദ്ധതിയായ ഇ.പി.എഫ്-ൽ അംഗമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന 'സർട്ടിഫിക്കറ്റ് ഓഫ് കവറേജ്' ലഭിക്കാനും അത് വിദേശത്ത് കാണിക്കാനുമുള്ള നടപടികൾ ഓൺ ലൈൻ ആക്കിയതായി വി.പി. ജോയ് പറഞ്ഞു. എല്ലാ രാജ്യങ്ങൾക്കും പൊതുവിൽ ബാധകമാവുന്ന ഒരു സർട്ടിഫിക്കറ്റാണ് ഇ.പി.എഫ്.ഒ. നൽകുക. അതിനുള്ള അപേക്ഷ ഓൺലൈനിൽ സമർപ്പിക്കാം. ഇന്ത്യയുമായി കരാറുണ്ടാക്കിയ രാജ്യങ്ങളിലെ അധികൃതർക്ക് അത് ഓൺലൈനിൽ ലഭ്യമാക്കും.

കാനഡ, ഓസ്ട്രേലിയ, ജപ്പാൻ, ബെൽജിയം, ജർമനി, സ്വിറ്റ്സർലൻഡ്, ലക്സംബർഗ്, ഫ്രാൻസ്, ഡെന്മാർക്ക്, ദക്ഷിണ കൊറിയ, നെതർലൻഡ്, ഹംഗറി, ഫിൻലൻഡ്, സ്വീഡൻ, ചെക്ക് റിപ്പബ്ലിക്, നോർവേ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളുമായിട്ടാണ് ഇതിനകം കരാർ ഉണ്ടാക്കിയിട്ടുള്ളത്. അമേരിക്കയും ബ്രിട്ടണും ഇത്തരത്തിൽ കരാർ ഉണ്ടാക്കാൻ തയ്യാറായിട്ടില്ല. ആ രാജ്യങ്ങളിൽ പോകുന്നവർ നിർബന്ധമായും അവിടത്തെ സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കണം.