- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയമരംഗത്തെ ഡൽഹി ഉന്നതൻ പയ്യന്നൂരിൽ പാപപരിഹാര കർമ്മങ്ങൾ ചെയ്ത് തൊട്ടപ്പുറത്തുള്ള തളിപ്പറമ്പ് ക്ഷേത്രത്തിൽ പോയി വഴിപാട് നടത്തി; ഒരു പൊലീസ് ഉദ്യോഗസ്ഥൻ ക്രിമിനലിനോടൊപ്പം വാളുമായി നിൽക്കുന്നത് കാണേണ്ടി വന്നു; വീണ്ടും ശബരിമലയുമായി ഗവർണ്ണർ ശ്രീധരൻ പിള്ള; അനന്തഗോപനെ കളിയാക്കി സിപിഎമ്മുകാരും; ആചാരം വീണ്ടും ചർച്ചകളിൽ
മലപ്പുറം: ശബരിമലയിലെ രാഷ്ട്രീയം വീണ്ടും ചർച്ചകളിലേക്ക്. ശബരിമലയിൽ ആചാര ലംഘനത്തിന് കൂട്ട് നിന്നവരിൽ കാലത്തിന്റെ തിരിച്ചടി കിട്ടാത്തവർ ആരുമില്ലെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള. വിഷയത്തിൽ ഇടപ്പെട്ട ഡൽഹിയിലെ നിയമ രംഗത്തുള്ള ഉന്നതനായ ഒരാൾ പയ്യന്നൂരിൽ വന്ന് പാപപരിഹാര കർമ്മം നടത്തി. ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ക്രിമിനലിനോടൊപ്പം വാളുമായി നിൽക്കുന്നത് കാണേണ്ടി വന്നതായും പി.എസ് ശ്രീധരൻപിള്ള മലപ്പുറത്ത് പ്രതികരിച്ചു. ഇതിനൊപ്പം സിപിഎം പത്തനംതിട്ട സമ്മേളനത്തിലും ശബരിമല ചർച്ചാ വിഷയമായി.
പത്തനംതിട്ട സി പി എം ജില്ലാ സമ്മേളനത്തിൽ കെ അനന്തഗോപന് പരോക്ഷ വിമർശനം നേരിടേണ്ടി വന്നു. അനന്തഗോപന്റെ പേരെടുത്ത് പറയാതെയാണ് വിമർശനം. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പാർട്ടി പദവികളിൽ ഇരിക്കുന്നവരെ നിയോഗിക്കുന്നതിന് എതിരെയായിരുന്നു പ്രതിനിധികളുടെ വിമർശനം. ഭൗതികവാദം പറയുന്നവർ ശബരിമലയിൽ പോയി കുമ്പിട്ടു നിൽക്കുന്നത് ശരിയല്ല. പ്രസിഡന്റ് ആകുന്നതിന് മുമ്പ് ക്ഷേത്രങ്ങളിൽ പോകാത്തവർ സ്ഥാനം കിട്ടി കഴിയുമ്പോൾ കുറിയും തൊട്ട് തൊഴുത് നിൽക്കുന്നത് എന്ത് സന്ദേശം ആണ് നൽകുന്നതെന്നും പ്രതിനിധികൾ ചോദിച്ചു. ഇവർ ഇത്രയും നാളും പാർട്ടിയെ കബളിപ്പിക്കുകയായിരുന്നോ അതോ ഇപ്പോൾ വിശ്വാസികളെ പറ്റിക്കുകയാണോ എന്ന് വ്യക്തമാക്കണമെന്നും എതർപ്പുന്നയിച്ച പ്രതിനിധികൾ ആവശ്യപ്പെട്ടു.
ശ്രീധരൻപ്പിള്ളയുടെ വാക്കുകളും ലക്ഷ്യമിടുന്നത് ആരാച ലംഘനത്തിനെ എതിർത്തവരെയാണ്. ഭഗവാൻ എല്ലാവർക്കും അനുഗ്രഹങ്ങൾ വാരിക്കോരി കൊടുക്കുന്ന കലിയുഗവരദനാണ്. എന്നാൽ കാലം എല്ലാവരോടും കണക്ക് ചോദിക്കും. കാലത്തിന്റെ കൈയിൽ നിന്നും തിരിച്ചടി കിട്ടാത്ത ഒരാൾ പോലും ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവരിൽ ഇല്ല. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നിയമരംഗത്തെ ഒരു ഉന്നതൻ പയ്യന്നൂരിൽ വന്ന് പാപപരിഹാരത്തിനായി കർമ്മങ്ങൾ ചെയ്ത് തൊട്ടപ്പുറത്തുള്ള തളിപ്പറമ്പ് ക്ഷേത്രത്തിൽ പോയി വഴിപാട് നടത്തിയത് എനിക്കറിയാം.
ഇതു കൂടാതെ മറ്റുള്ള മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ... എന്തിനധികം പറയുന്നു, ഏറ്റവും ഗ്ലാമറുള്ള പൊലീസ് ഉദ്യോഗസ്ഥൻ. പേരു പറയുന്നില്ല. ഇപ്പോൾ ഏറ്റവും വലിയ ക്രിമിനലായ ഒരുത്തന്റെ കൂടെ വാളും പിടിച്ചു നിൽക്കുന്ന ഫോട്ടോ വന്നപ്പോൾ ക്ലൈമാക്‌സിൽ നിന്നും ആന്റി ക്ലൈമാക്‌സിലേക്ക് കാര്യങ്ങൾ വന്നിരിക്കുന്നു. ഇതാണ് ശബരിമലയുടെ കാര്യം ഒരോരുത്തരുടെ കാര്യവും എടുത്തു നോക്കിക്കോള്ളൂ എല്ലാവരും മറുപടി പറയേണ്ടി വന്നിരിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനികളായ അഞ്ച് പേരുടെ കാര്യം മാത്രമാണ് ഞാൻ വ്യക്തമായി അന്വേഷിച്ചറിഞ്ഞ് ഇവിടെ പറയുന്നത്-ശ്രീധരൻ പിള്ള പറഞ്ഞു.
തന്റെ ജീവിതത്തെ മാറ്റിമറിച്ചത് 2018യിലെ ശബരിമല പ്രക്ഷോഭമെന്ന് നേരത്തെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. പന്തളം വലിയകോയിക്കൽ ശ്രീ ധർമശാസ്ത ക്ഷേത്രത്തിലെ മണ്ഡല വിളക്ക് മഹോത്സവത്തിന്റെ സംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലയ്ക്കലിൽ സംഘടിപ്പിച്ച ഉപവാസ സമരം അക്രമത്തിലേക്ക് മാറ്റാൻ ഒരുവിഭാഗം ശ്രമിച്ചു. അതുകൊണ്ടാണ് പാർട്ടി പ്രസിഡന്റ് കൂടിയായ താൻ ഉപവാസസമരം പത്തനംതിട്ടക്ക് മാറ്റിയത്. തന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും അത് ചെങ്ങന്നൂരിലുള്ള സുഹൃത്ത് മുഖേനയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സമരത്തോട് ബന്ധപ്പെട്ട് അസാധാരണമാം വിധം പ്രവർത്തിച്ചവരെ കാലം വേട്ടയാടുന്നുണ്ട്. മൂന്നുമാസം മുമ്പ് ശബരിമല പ്രക്ഷോഭ പ്രേരണ കുറ്റത്തിന് പറവൂർ കോടതിയിൽനിന്ന് തനിക്ക് സമൻസ് എത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ പന്തളം വലിയകോയിക്കൽ ശാസ്ത ക്ഷേത്രത്തിൽ മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ സാംസ്‌കാരിക സമ്മേളനത്തിൽ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ശബരിമല സമരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രസംഗം നടത്തിയത് ഉചിതമായില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രതികരിക്കുകയും ചെയ്തിരുന്നു.
ഗവർണർ എന്ന നിലയിലുള്ള ഉത്തരവാദിത്തത്തിൽ നിൽക്കുമ്പോൾ സാംസ്‌കാരിക സമ്മേളനത്തിൽ അത്തരം പ്രശ്‌നങ്ങൾ ഉയർത്തുന്നത് ശരിയായ നിലപാട് ആണോ എന്ന് അദ്ദേഹം പരിശോധിക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും ചിറ്റയം പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ