- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്യോഗാർഥി തെറ്റായ ആരോപണം ഉന്നയിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയാലേ ശിക്ഷാനടപടിക്കു പിഎസ്‌സിയെ ചട്ടം അനുവദിക്കുന്നുള്ളൂ; ഇത് ഫാസിസം തന്നെ; മാധ്യമങ്ങളിലെ അഭിപ്രായപ്രകടനത്തിന്റെ പേരിൽ ശിക്ഷാനടപടി സ്വീകരിക്കാനുള്ള നീക്കത്തിനെതിരെ തൊഴിൽ അന്വേഷകർ കോടതിയിലേക്ക്; അപ്പീൽ നൽകാൻ അവസരമുണ്ടെന്ന് പി എസ് സിയും; വിലക്ക് വിവാദം തുടരുമ്പോൾ
കോഴിക്കോട് : മാധ്യമങ്ങളിലെ അഭിപ്രായപ്രകടനത്തിന്റെ പേരിൽ ശിക്ഷാനടപടി സ്വീകരിക്കാനുള്ള പിഎസ്‌സി നീക്കത്തിനെതിരെ ഉദ്യോഗാർഥികൾ ഹൈക്കോടതിയിലേക്ക്. പിഎസ്‌സിയുടേതു ഭരണഘടനാ ലംഘനമാണെന്ന നിയമോപദേശത്തെത്തുടർന്നാണിത്.അതിനിടെ ചട്ടലംഘനത്തിന്റെ പേരിൽ പിഎസ്‌സി അയോഗ്യരാക്കിയ ഉദ്യോഗാർഥികൾക്കു ചെയർമാന് അപ്പീൽ നൽകാമെന്നും അതു പരിഗണിച്ചു ന്യായമായ തുടർനടപടി സ്വീകരിക്കുമെന്നും ചെയർമാൻ എം.കെ.സക്കീർ അറിയിച്ചു. ഉദ്യോഗാർഥികൾക്കു കോടതിയെ സമീപിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞു.
പിഎസ്‌സി ചെയർമാനോ അംഗങ്ങൾക്കോ എതിരെ ഉദ്യോഗാർഥികൾ അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചാലേ വിലക്കാനാകൂ. അതിന് പിഎസ്‌സി ആദ്യം പൊലീസിൽ പരാതി നൽകണം. ഉദ്യോഗാർഥി തെറ്റായ ആരോപണം ഉന്നയിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയാലേ ശിക്ഷാനടപടിക്കു പിഎസ്‌സിയെ ചട്ടം അനുവദിക്കുന്നുള്ളൂ. എന്നാൽ, ഇവിടെ പിഎസ്‌സിയുടെ നിയമന രീതികളെ ആരും വിമർശിച്ചിട്ടില്ല. ചെയർമാനെയോ അംഗങ്ങളെയോ കുറിച്ച് ആരോപണം ഉന്നയിച്ചിട്ടുമില്ല. സർക്കാരിന്റെ നിയമന രീതിയെയാണ് കുറ്റപ്പെടുത്തിയത്. അതുകൊണ്ട് തന്നെ നടപടി എടുക്കാനാകില്ലെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് കോടതിയിലേക്ക് പോകുന്നത്.
ഉദ്യോഗാർഥികളെ വിലക്കാനുള്ള തീരുമാനത്തെച്ചൊല്ലി പിഎസ്‌സി അംഗങ്ങൾക്കിടയിൽതന്നെ ആശയക്കുഴപ്പമുണ്ട്. ഉദ്യോഗാർഥികളെ വിലക്കിയിട്ടില്ലെന്നും അന്വേഷണത്തിനു ശേഷമേ തീരുമാനിക്കൂ എന്നുമാണ് ഇന്നലെ പിഎസ്‌സി അധികൃതർ വിശദീകരിച്ചത്. വിലക്കുമെന്നു പത്രക്കുറിപ്പിൽ വ്യക്തമാക്കിയതിന്റെ രണ്ടാം ദിവസമാണു ഈ മനം മാറ്റം. എന്നാൽ പിഎസ്‌സിക്കു നിയമപ്രകാരമുള്ള അധികാരം ഉപയോഗിച്ചാണു നടപടിയെന്നാണ് ചെയർമാന്റെ വിശദീകരണം.
മാധ്യമങ്ങളിലൂടെ പിഎസ്‌സിയെ വിമർശിച്ചതിനു നടപടി എടുത്തുവെന്നു പറയുന്നത് അതിന്റെ ഗൗരവം കുറച്ചു കാണിക്കാനാണ്. നിയമവിരുദ്ധമായ കാര്യങ്ങളാണു പിഎസ്‌സിയിൽ നടക്കുന്നതെന്നു പ്രചരിപ്പിക്കുന്നവർക്കെതിരെയാണു വിജിലൻസ് അന്വേഷണവും ഹിയറിങ്ങും നടത്തി നടപടി എടുക്കുന്നത്. റാങ്ക്പട്ടിക നീട്ടണമെന്നോ ജോലി ലഭിക്കണമെന്നോ ആവശ്യപ്പെട്ടതിന്റെ പേരിൽ ഒരാൾക്കെതിരെയും നടപടിയെടുത്തിട്ടില്ല. ഇല്ലാത്ത അധികാരം പിഎസ്‌സി ഉപയോഗിക്കുന്നുവെന്ന ആരോപണം ഇക്കാര്യത്തിലുള്ള അജ്ഞത മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷ ബുദ്ധിമുട്ടാണെങ്കിൽ ചോദ്യകർത്താക്കൾക്കെതിരെ ആരോപണം പതിവാണ്. കോച്ചിങ് സെന്ററിലൂടെ ചോദ്യം നൽകിയെന്നാണ് ആരോപിക്കുക. പേരുദോഷം ഭയന്നു ചോദ്യകർത്താക്കൾ പിന്മാറുകയാണ്. വർഷം അറുനൂറോളം പരീക്ഷ നടത്തേണ്ട സ്ഥാപനമാണു പിഎസ്‌സി. പലരുടെയും ഇടങ്കോലിടൽ മൂലം പരീക്ഷാ നടത്തിപ്പും മറ്റും തലവേദനയായി മാറുന്നു. ലൈബ്രേറിയൻ ഗ്രേഡ് 2 പരീക്ഷയും മറ്റും ഇത്തരം ആരോപണം മൂലം വീണ്ടും നടത്തേണ്ടി വന്നു. നിയമന നടപടികൾക്കായി പഴുതടച്ചുള്ള സംവിധാനം പിഎസ്‌സിയിലുണ്ട്. അതു തകർക്കരുതെന്നാണ് സക്കീറിന്റെ നിർദ്ദേശം.
കാസർകോട് ജില്ലയിലെ ഗ്രേഡ് 2 നഴ്‌സ് റാങ്ക്പട്ടികയുമായി ബന്ധപ്പെട്ടു വനിതാ ഉദ്യോഗാർഥികളുടെ പ്രതികരണമാണു പിഎസ്‌സിയെ ചൊടിപ്പിച്ചത്. സുപ്രീംകോടതിയിൽ കേസുള്ളതിനാലാണു നിയമനം നടക്കാത്തത് എന്നാണു പിഎസ്‌സി വാദം. എന്നാൽ കഴിഞ്ഞ 2 റാങ്ക്പട്ടികയിലെയും ഉദ്യോഗാർഥികൾക്കു നിയമനം ലഭിക്കാതെ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിനു പ്രധാന കാരണക്കാർ പിഎസ്‌സി തന്നെയാണ്. ഇക്കാര്യവും ഉദ്യോഗാർഥികൾ ഹൈക്കോടതിയെ അറിയിക്കും. ശിക്ഷാനടപടി പ്രഖ്യാപിച്ചു പിഎസ്എസി പുറത്തിറക്കിയ പത്രക്കുറിപ്പിലെ പൊരുത്തക്കേടും ചൂണ്ടിക്കാട്ടും.
ഉദ്യോഗാർഥികളെ വിലക്കാനും കടുത്ത ശിക്ഷാനടപടി സ്വീകരിക്കാനും തീരുമാനിച്ചു എന്നാണു പത്രക്കുറിപ്പിലുള്ളത്; അന്വേഷണത്തിനു പിഎസ്‌സി വിജിലൻസിനെ ചുമതലപ്പെടുത്തിയെന്നും. വിലക്കാനും ശിക്ഷിക്കാനും തീരുമാനിച്ചതിനു ശേഷമാണ് അന്വേഷണം നടത്തുന്നതെന്നും ഹൈക്കോടതിയെ അറിയിക്കും.
അതിനിടെ പിഎസ്‌സിയെ വിമർശിച്ച ഉദ്യോഗാർഥികൾക്കു വിലക്കേർപ്പെടുത്താനുള്ള തീരുമാനത്തെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നു. വിലക്കു ശരിയാണോയെന്ന ചോദ്യത്തിന് പിഎസ്‌സി പോലൊരു സ്ഥാപനത്തെ നാടിനു കൊള്ളാത്തൊരു സ്ഥാപനമായി ചിത്രീകരിക്കുന്നതു ശരിയോ എന്നാണ് ആലോചിക്കേണ്ടതെന്നായിരുന്നു മറുപടി. ഇതും കോടതിയിലേക്ക് പോകാൻ ഉദ്യോഗാർത്ഥികളെ പ്രേരിപ്പിക്കുന്ന ഘടകമാണ്.
മറുനാടന് മലയാളി ബ്യൂറോ