തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സംഘത്തെയും സ്ഥിരപ്പെടുത്തും. പത്ത് വർഷത്തെ സർവ്വീസുള്ളവരെ സ്ഥിരപ്പെടുത്തുമെന്നായിരുന്നു അവകാശ വാദം. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന് നിൽക്കുന്നവർക്ക് ഇത് ബാധകമാകില്ല. ഇതോടെ സ്ഥിരപ്പെടുത്തൽ വിവാദം പുതിയ തലത്തിലെത്തും.

ഈ സർക്കാർ അധികാരമേറ്റു 2 മാസം കഴിഞ്ഞപ്പോൾ നിയമിച്ച സംഘത്തിലെ 10 പേരെയും പാർട്ടിക്കു വേണ്ടപ്പെട്ട മറ്റു മുപ്പതോളം പേരെയും സ്ഥിരപ്പെടുത്താനാണ് ശ്രമം. സിഡിറ്റിൽ 10 വർഷത്തിലേറെ സേവന പരിചയമുള്ള 114 പേരെയാണു സ്ഥിരപ്പെടുത്താൻ മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. സമൂഹമാധ്യമ സംഘമാകട്ടെ 5 വർഷം പോലും കാലാവധി പൂർത്തിയാക്കിയിട്ടില്ല. 6 മാസം മുൻപു സ്ഥിരപ്പെടുത്തൽ നീക്കം നടന്നപ്പോൾ സിഡിറ്റിലെ തന്നെ ട്രേഡ് യൂണിയനുകൾ എതിർത്തിരുന്നു. സ്‌പെഷൽ റൂൾസ് ഭേഗതിയിലൂടെയാകും സ്ഥിരപ്പെടുത്തൽ നീക്കം. ഇതാണ് വിവാദമാകുന്നത്. ഇതിൽ പലരും സിപിഎം നേതാക്കളുടെ ബന്ധുക്കളാണെന്ന സൂചനയും ഉണ്ട്.

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി(സി-ഡിറ്റ്)യിൽ 114 പേരെ സ്ഥിരപ്പെടുത്താനാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം അനുമതി നൽകിയത്. 10 വർഷത്തിലേറെ സേവനമുള്ളതായി സി-ഡിറ്റ് നൽകിയ പട്ടിക അതേപടി അംഗീകരിക്കുകയാണു ചെയ്തത്. ഭൂരിപക്ഷവും ഭരണകക്ഷിയുടെ യൂണിയനിൽപ്പെട്ടവർ ആയിരുന്നു. പേരിന് മറ്റു സംഘടനകളിലുള്ളവരും ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ആരും എതിർക്കുന്നുമില്ല. ഇത് തന്നെയാണ് മിക്ക വകുപ്പുകളിലും നടക്കുന്നത്.

അതിനിടെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെ സ്ഥിരപ്പെടുത്താനുള്ള ശുപാർശകളും നിയമ, ധന വകുപ്പുകളിലേക്കു പ്രവഹിക്കുകയാണ്. കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ (കെഎച്ച്ആർഡബ്ല്യുഎസ്) 180 പേരെയും കെപ്‌കോയിൽ 60 പേരെയും കേരള ലൈവ് സ്റ്റോക് ഡവലപ്‌മെന്റ് ബോർഡിൽ (കെഎൽഡിബി) 7 പേരെയും സ്ഥിരപ്പെടുത്താനുള്ള ഫയൽ ധനവകുപ്പിലെത്തി. മനുഷ്യാവകാശ കമ്മിഷനിലെ 3 ഡ്രൈവർമാരെ സ്ഥരിപ്പെടുത്തണമെന്ന ശുപാർശ നിയമ വകുപ്പിലുമെത്തി.

സ്ഥിരപ്പെടുത്തുന്നതിന് പല വകുപ്പുകളിൽനിന്നായെത്തുന്ന ശുപാർശകളെല്ലാം അംഗീകരിക്കണമെങ്കിൽ പുതിയ തസ്തിക സൃഷ്ടിക്കണം. കോടികളാകും സർക്കാരിന്റെ അധികഭാരം. ഇതിനൊപ്പം പി എസ് സി പരീക്ഷ എഴുതി കാത്തിരിക്കുന്നവരെ അവഗണിക്കുകയും വേണം. വ്യവസായ വകുപ്പിനു കീഴിലെ കിൻഫ്രയിൽ 7 പേരെ മൾട്ടി ടാസ്‌കിങ് പഴ്‌സനേൽ എന്ന പേരിൽ നിയമിക്കാൻ തീരുമാനിച്ച് ഉത്തരവിറക്കി. ഈ തസ്തിക മാനേജർമാർക്കുള്ളതാണ്. ഉയർന്ന യോഗ്യതയും വേണം.

ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളവർക്കു നിർദേശിച്ച അടിസ്ഥാന യോഗ്യത പ്രീഡിഗ്രിയും അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനവുമാണ്. മന്ത്രിസഭാ യോഗത്തിൽ സ്ഥിരപ്പെടുത്താമെന്ന വാഗ്ദാനവുമായി ഒരു മാസത്തിലേറെയായി താൽക്കാലിക ജീവനക്കാരിൽ നിന്നു വ്യാപക പണപ്പിരിവു നടക്കുകയാണ്. ഇത് പലവകുപ്പിലും നടക്കുന്നു. ഇതിനിടെ സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകളിൽ 2015 വരെ പത്തുവർഷത്തിലധികമായി ജോലിചെയ്യുന്ന താത്കാലിക ഡ്രൈവർമാരെ ഒക്ടോബറിൽ സ്ഥിരപ്പെടുത്തിയിരുന്നു. അന്നത്തെ കട്ട്-ഓഫ് തീയതിയിൽ പത്തുവർഷം തികയാൻ ദിവസങ്ങളുടെ മാത്രം വ്യത്യാസമുള്ളവർ പരാതിയുമായി വകുപ്പ് മന്ത്രിയെ സമീപിച്ചിരുന്നു. അവരേയും സ്ഥിരപ്പെടുത്തും.

പി.എസ്.സി.യുടെ ഡ്രൈവർ റാങ്ക്പട്ടികയിലുള്ളവരാകട്ടെ സെക്രട്ടേറിയറ്റ് നടയിൽ ആഴ്ചകളായി സമരത്തിലാണ്. ഫെബ്രുവരി അഞ്ചിന് മൂന്നുവർഷം തികയ്ക്കുന്ന റാങ്ക്പട്ടികയിൽനിന്ന് കഷ്ടിച്ച് ആയിരം പേർക്കാണ് ഇതുവരെ നിയമനഃശുപാർശ ലഭിച്ചത്. റാങ്ക്പട്ടികയുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ താൽകാലികക്കാരെ നിയമിച്ചാൽ പിന്നെ ഒഴിവുണ്ടാകില്ല. ഇതോടെ റാങ്ക് ലിസ്റ്റ് നീട്ടൽ വെറുതേയുമാകും.